സര്‍ക്കാര്‍ ഐ ടി പാര്‍ക്കുകള്‍ വഴിയുള്ള കയറ്റുമതി 17,536 കോടിയായി; ഇന്ത്യയിലെ പ്രധാന ഐടി ഹബ്ബായി ടെക്‌നോപാര്‍ക്ക് മാറിയെന്ന് മുഖ്യമന്ത്രി

Jan 11, 2024 - 15:26
 0
സര്‍ക്കാര്‍ ഐ ടി പാര്‍ക്കുകള്‍ വഴിയുള്ള കയറ്റുമതി 17,536 കോടിയായി; ഇന്ത്യയിലെ പ്രധാന ഐടി ഹബ്ബായി ടെക്‌നോപാര്‍ക്ക് മാറിയെന്ന് മുഖ്യമന്ത്രി

നിരവധി പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതോടെ ഇന്ത്യയിലെ പ്രധാന ഐടി ഹബ്ബായി തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ടോറസ് ഡൗണ്‍ടൗണ്‍ പ്രോജക്ടിന്റെ ഭാഗമായുള്ള നയാഗ്ര ബില്‍ഡിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഇക്വിഫാക്‌സ് അനലിറ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് പോലുള്ള ആഗോള ബ്രാന്‍ഡുകള്‍ ഇതിനകം സംസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ചു. പതിനഞ്ച് ലക്ഷം സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ പതിനായിരം നേരിട്ടുള്ള തൊഴിലവസരങ്ങള്‍ ഇതിലൂടെ സാധ്യമാകും. മികച്ച മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലൂടെയും പ്രവര്‍ത്തനാന്തരീക്ഷം ഒരുക്കിയും കൂടുതല്‍ നിക്ഷേപം സംസ്ഥാനത്ത് എത്തിക്കുന്നതിനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിവരസാങ്കേതിക വിദ്യാരംഗത്തെ മുന്നേറ്റങ്ങളില്‍ രാജ്യത്തിന് മാതൃകയായിത്തീര്‍ന്ന നിരവധി മുന്‍കൈകള്‍ കേരളത്തിന്റേതായിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രോണിക്സ് പ്രൊഡക്ഷന്‍ കമ്പനി, ആദ്യത്തെ ഐ ടി പാര്‍ക്ക്, ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി, ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് എന്നിവയെല്ലാം ആരംഭിച്ചത് കേരളത്തിലാണ്. രാജ്യത്തെ ആദ്യത്തെ ഐ ടി പാര്‍ക്കായ തിരുവനന്തപുരത്തെ ടെക്ക്നോപാര്‍ക്കില്‍ ടോറസ് ഡൗണ്‍ടൗണ്‍ പോലെ ഒരു സംരംഭം യാഥാര്‍ത്ഥ്യമാകുന്നു എന്നതില്‍ അതിയായ സന്തോഷമുണ്ട്. ഇന്റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ഏക ഇന്ത്യന്‍ സംസ്ഥാനമാണ് കേരളം. സാധാരണക്കാര്‍ക്ക് കുറഞ്ഞ ചിലവില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെ-ഫോണ്‍ പദ്ധതി ആവിഷ്‌ക്കരിച്ചു നടപ്പാക്കിവരികയാണ്.

ഇതിനു പുറമെ കെ-ഫൈ എന്ന പദ്ധതിയിലൂടെ 2,023 പൊതു ഇടങ്ങളില്‍ സൗജന്യ വൈ ഫൈ ഹോട്സ്പോട്ടുകള്‍ ഒരുക്കിയിട്ടുണ്ട്. 2,000 ഹോട്ട്സ്പോട്ടുകള്‍ കൂടി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സാങ്കേതിക വിദ്യാധിഷ്ഠിത വ്യവസായങ്ങളില്‍ കേരളം വളരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് കേരളത്തില്‍ നിന്നുള്ള സോഫ്റ്റ്വെയര്‍ കയറ്റുമതിയില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധനവ്. 19,066 കോടി രൂപയുടെ സോഫ്റ്റ്വെയറുകളാണ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തില്‍ നിന്ന് കയറ്റുമതി ചെയ്യപ്പെട്ടത്.

കൊച്ചിയില്‍ ടെക്നോളജി ഇന്നവേഷന്‍ സോണ്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുഗോഗമിച്ചുവരികയാണ്. പൂര്‍ണ്ണ തോതില്‍ സജ്ജമാകുമ്പോള്‍ ഏഷ്യയിലെ ഏറ്റവും വലിയ ടെക് ഇന്നവേഷന്‍ സോണ്‍ ആയിരിക്കുമത്. എയ്റോസ്പേസ് ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും തിരുവനന്തപുരത്ത് ഒരു മികവിന്റെ കേന്ദ്രം സ്ഥാപിക്കാനായി കെ-സ്പേസ് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ ടെക്നോളജി ഹബ്, എമര്‍ജിംഗ് ടെക്നോളജീസ് ഹബ് എന്നിവ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇത്തരം ഇടപെടലുകള്‍ ഫലം കാണുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2016 ല്‍ കേരളത്തിലെ സര്‍ക്കാര്‍ ഐ ടി പാര്‍ക്കുകള്‍ വഴിയുള്ള കയറ്റുമതി 9,753 കോടി രൂപയായിരുന്നു. 2022 ല്‍ അത് 17,536 കോടി രൂപയായി വര്‍ദ്ധിച്ചു. ആറു വര്‍ഷം കൊണ്ട് ഏകദേശം ഇരട്ടിയോളം വര്‍ദ്ധനവ്. മികച്ച മാര്‍ക്കറ്റിങ് സംവിധാനങ്ങളിലൂടെ ദേശീയ – അന്തര്‍ദേശീയ കമ്പനികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിച്ച് ഐ ടി നിക്ഷേപം നടത്തുന്നതിനു വേണ്ടി പ്രത്യേക മേഖലകളില്‍ അടിസ്ഥാന സൗകര്യങ്ങളും അനുബന്ധ സൗകര്യങ്ങളും ഐ ടി പാര്‍ക്കുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. പാര്‍ക്കുകള്‍ നേരിട്ടും ഉപസംരംഭകര്‍ മുഖേനയും വികസിപ്പിച്ചവ ഉള്‍പ്പെടെ 2 കോടിയിലധികം ചതുരശ്രയടി സ്പേസ് കേരളത്തിലെ ഐ ടി പാര്‍ക്കുകളില്‍ നിലവിലുണ്ട്.

സര്‍ക്കാര്‍ പങ്കാളിത്തത്തോടെ സ്വകാര്യ സംരംഭകരെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ജറ്റെക്സ്, സിബിറ്റ് എന്നിവയുള്‍പ്പെടെയുള്ള ദേശീയ – അന്തര്‍ദേശീയ ഐ ടി മേളകളിലും കോണ്‍ഫറന്‍സുകളിലും മറ്റും പങ്കെടുത്ത് ഐ ടി വ്യവസായത്തിനായി കേരളത്തില്‍ ഒരുങ്ങിയിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍, മാനവശേഷി ലഭ്യത, നിക്ഷേപ സാധ്യതകള്‍ എന്നിവ ലോകവുമായി പങ്കുവെക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്റ്റാര്‍ട്ടപ്പ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരത്തിനു തുടര്‍ച്ചയായ മൂന്നാം തവണയും കേരളം അര്‍ഹമായി. കരുത്തുറ്റ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം രൂപീകരിക്കുന്നതിന് പ്രാമുഖ്യം നല്‍കിയാണ് സ്റ്റേറ്റ്സ് സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ 2021 ലെ ടോപ് പെര്‍ഫോര്‍മര്‍ പുരസ്‌കാരം കേരളം നേടിയത്. സ്റ്റാര്‍ട്ടപ്പുകളുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ തന്നെ മികച്ച സ്ഥാപനമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനെ ഇന്ത്യ ഫസ്റ്റ് ടെക് സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് 2022 തിരഞ്ഞെടുത്തു.

ഫ്യൂച്ചര്‍ ടെക്നോളജി ലാബ്, ഐ ഒ റ്റി ലാബ്, സൂപ്പര്‍ ഫാബ് ലാബ് മുതലായ നൂതന സാങ്കേതിക വിദ്യകളില്‍ അധിഷ്ഠിതമായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതും സ്റ്റാര്‍ട്ടപ്പ് സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. സര്‍ക്കാര്‍ ഉറപ്പുവരുത്തുന്ന ഇത്തരം ഫിസിക്കല്‍ ആന്‍ഡ് ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഉപയോഗപ്പെടുത്തി ചെറുപ്പക്കാര്‍ക്കും പൊതുസമൂഹത്തിനാകെയും വിവിധ മേഖലകളില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിയും.

നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്റ്റാര്‍ട്ടപ്പുകളുടെ ഉല്‍പന്നങ്ങള്‍ സര്‍ക്കാര്‍ പദ്ധതികള്‍ക്കായി ഉപയോഗിക്കുന്ന നയമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പിന്തുടര്‍ന്നുവരുന്നത്. ഗവണ്മെന്റ് ആസ് എ മാര്‍ക്കറ്റ് പ്ലേസ് എന്ന നയം നടപ്പാക്കിക്കൊണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ പ്രോജക്ടുകളില്‍ മുന്‍ഗണന ലഭ്യമാക്കുകയാണ്. അതിന്റെ ഫലമായി സങ്കീര്‍ണ്ണമായ ടെണ്ടറിംഗ് പ്രോസസ്സുകള്‍ ഇല്ലാതെ തന്നെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായിത്തീരാന്‍ കഴിയും.

അതോടൊപ്പം ഫിന്‍ടെക്, അഗ്രിടെക് തുടങ്ങിയ നൂതന മേഖലകളുമായി നമ്മുടെ സ്റ്റാര്‍ട്ടപ്പ് സംരംഭകരെ ബന്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കുന്നുണ്ട്. അതിനുതകുന്ന വിധമുള്ള സെമിനാറുകളും സംരംഭക സംഗമങ്ങളും എല്ലാം നടപ്പാക്കിവരികയാണ്. ഇത്തരത്തില്‍ പരമ്പരാഗത – നൂതന ഐ ടി സംരംഭങ്ങളെ ഒരുപോലെ പ്രോത്സാഹിപ്പിച്ചുകൊണ്ട് വിവര സാങ്കേതികവിദ്യാ രംഗത്ത് നാം വലിയ തോതിലുള്ള മുന്നേറ്റം കൈവരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow