ഇന്ത്യയുടെ ഭീകരപട്ടികയിലുള്ള ഖലിസ്ഥാന്‍ നേതാവ് കാനഡയിൽ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

Jun 19, 2023 - 13:51
 0
ഇന്ത്യയുടെ ഭീകരപട്ടികയിലുള്ള ഖലിസ്ഥാന്‍ നേതാവ് കാനഡയിൽ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

ഇന്ത്യ ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ തലവൻ ഹർദീപ് സിങ് നിജ്ജാർ കാനഡയിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയിലുള്ള സറെയിലെ ഗുരുദ്വാരയുടെ പരിസരത്തു വച്ചാണ് 46കാരനായ ഹർദീപ് സിങ് നിജ്ജാറിന് വെടിയേറ്റത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.

ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള ‘സിഖ് ഫോർ ജസ്റ്റിസ്’ പ്രസ്ഥാനവുമായും അടുത്ത് പ്രവർത്തിച്ചിരുന്നു. അടുത്തിടെ ഇന്ത്യ പുറത്തുവിട്ട 40 ഭീകരവാദികളുടെ പട്ടികയിലും ഇയാളുടെ പേരുണ്ടായിരുന്നു. ജലന്ധറിലെ ഭാർസിങ് പുര ഗ്രാമത്തിൽ നിന്നുള്ളയാളാണ് ഹർദീപ്.

കാനഡയിലെയും യുഎസിലെയും ഇന്ത്യൻ എംബസികൾക്ക് നേരെ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ തലവൻ കൊല്ലപ്പെടുന്നത്.

 

Amazon Weekend Grocery Sales - Upto 40 % off

ഖലിസ്ഥാൻ ടൈഗർ ഫോഴ്സിലെ അംഗങ്ങൾക്ക് പരിശീലനവും ധനസഹായവും നൽകുന്നവരിൽ പ്രധാനിയായിരുന്നു കൊല്ലപ്പെട്ട ഹർദീപ് എന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ 10 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ജലന്ധർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹൈന്ദവ പുരോഹിതനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടായിരുന്നു ഇത്.

ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്താൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ എൻഐഎ ഹർദീപിനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. 2018ൽ ഇന്ത്യ സന്ദർശിച്ച അവസരത്തിൽ അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് കൈമാറിയ ഭീകരപ്പട്ടികയിൽ ഹർദീപ് സിങ് നിജ്ജാറിന്റെ പേരുമുണ്ടായിരുന്നു.

ഖലിസ്ഥാൻ നേതാക്കൾ ദുരൂഹ സാഹചര്യങ്ങളിൽ കൊല്ലപ്പെടുന്ന സംഭവ പരമ്പരകളിലെ അവസാന സംഭവമാണിത്. ബ്രിട്ടനിലെ ഖലിസ്ഥാൻ ലിബറേഷൻ ഫോഴ്സ് (കെഎൽഎഫ്) തലവൻ അവതാർ സിങ് ഖണ്ഡ (35) അടുത്തിടെ ആശുപത്രിയിൽ കൊല്ലപ്പെട്ടതിനു പിന്നിലും ദുരൂഹതയുള്ളതായി ആരോപണമുണ്ടായിരുന്നു. രക്താർബുദം ബാധിച്ച് ഗുരുതരാവസ്ഥയിൽ ബർമിങ്ങാം നഗരത്തിലെ സാൻഡ് വെൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് ഖണ്ഡ മരിച്ചത്. ഖണ്ഡയെ വിഷം കൊടുത്തു കൊന്നതാണെന്നാണ് അനുയായികളുടെ ആരോപണം. ‘വാരിസ് പഞ്ചാബ് ദേ’ തലവൻ അമൃത്പാൽ സിങ്ങിനെ പിന്തുണച്ചിരുന്ന അവതാർ സിങ്ങാണു്കഴിഞ്ഞ മാർച്ച് 19നു ലണ്ടനിലെ ഹൈക്കമ്മിഷൻ ഓഫീസിനുമുന്നിൽ ഇന്ത്യയുടെ ദേശീയ പതാകയെ അപമാനിച്ച സംഭവത്തിന്റെ മുഖ്യആസൂത്രകൻ.

Amazon Weekend Grocery Sales - Upto 40 % off

ഖലിസ്ഥാൻ കമാൻഡോ ഫോഴ്സ് തലവനും ഭീകരവാദിയുമായ പരംജിത് സിങ് പഞ്ച്വാറും ( മാലിക് സർദാർ സിങ്) അടുത്തിടെ പാക്കിസ്ഥാനിലെ ലഹോറിലുള്ള ജോഹർ ടൗണിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ജോഹർ ടൗണിലെ സൺഫ്ലവർ സിറ്റിക്ക് സമീപത്തെ വീട്ടിലേക്ക് അംഗരക്ഷകരുടെ കൂടെ നടക്കുന്നതിനിടെയായിരുന്നു ആക്രമണം.

What's Your Reaction?

like

dislike

love

funny

angry

sad

wow