ഒരേ സമയം രണ്ട് ബിരുദം നേടാം; രണ്ട് കോളേജുകളിൽ പഠിക്കാനും UGC അനുമതി

Apr 17, 2022 - 00:42
 0

ഒരേ സമയം രണ്ട് ബിരുദം (Degree) നേടാൻ വിദ്യാർഥികൾക്ക് അനുമതി നൽ‌കി യൂണിവേഴ്സിറ്റി ​ഗ്രാൻഡ്സ് കമ്മീഷൻ (University Grants Commission - UGC). വിദ്യാർഥികൾക്ക് രണ്ട് കോളേജുകളിലായി പ്രവേശനം നേടാമെന്നും യുജിസി വ്യക്തമാക്കി. അടുത്ത അധ്യയന വർഷം മുതലാകും പുതിയ പരിഷ്കാരം നടപ്പിലാക്കുക. പുതിയതായി ബിരുദ കോഴ്സുകൾക്ക് ചേരുന്നവർക്കും നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കും ഈ സൗകര്യം ഉപയോ​ഗപ്പെടുത്താനാകും. ബിരുദം രണ്ടാം വർഷവും മൂന്നാം വർഷവും പഠിക്കുന്നവർക്ക് ഒന്നാം വർഷ കോഴ്സിന് ചേരാം. ഇതു സംബന്ധിച്ച വിശദമായ മാർഗനിർദേശം യുജിസി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (National Education Policy) ഭാഗമായുള്ള ഈ പദ്ധതി നടപ്പിലാക്കുന്നതോടെ കൂടുതൽ സർവകലാശാലകൾ രണ്ട് ബിരുദം ചെയ്യാൻ വിദ്യാർഥികൾക്ക് അവസരം ഒരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുജിസി ചെയർപേഴ്സൻ എം.ജഗദീഷ് കുമാർ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി, വിദ്യാർഥികൾ വിവിധ കഴിവുകൾ ആർജിക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ട് ബിരുദം ഒരേ സമയം ചെയ്യാൻ അവസരം ഒരുക്കുന്നത്. ഒരു കോഴ്സ് ഓൺലൈനായും രണ്ടാമത്തെ കോഴ്സ് നേരിട്ട് കോളജിൽ പോയി പഠിക്കുന്നതിനും അവസരമുണ്ടാകുമെന്നും യുജിസി വ്യക്തമാക്കി.

 

ഒരേ സമയം രണ്ട് കോഴ്‌സ് ചെയ്യുമ്പോൾ അതത് സർവകലാശാലകളും കോളേജുകളും നിർദേശിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും പ്രവേശന നടപടികളും തുടർന്നുള്ള പ്രവർത്തനങ്ങളുമെന്നും യുജിസി അറിയിച്ചു. ഉദാഹരണത്തിന്, ഒരു കോഴ്‌സിലേക്കുള്ള പ്രവേശനം ജെഇഇ (JEE) സ്‌കോർ അടിസ്ഥാനമാക്കിയും മറ്റൊന്ന് സിയുഇടി (CUET) അടിസ്ഥാനത്തിലുമാണെങ്കിൽ ഈ രണ്ട് പ്രവേശന പരീക്ഷകളും വിജയിക്കേണ്ടതുണ്ട്. രാജ്യത്തെ ഏത് സർവകലാശാലയിൽ നിന്നും ഈ സൗകര്യം വിദ്യാർഥികൾക്ക് ഉപയോ​ഗപ്പെടുത്താം.

ഈ പ്രോഗ്രാമിന് കീഴിൽ വിദ്യാർത്ഥികൾക്ക് ഒരേ അക്കാദമിക് തലത്തിലുള്ള കോഴ്സുകൾ മാത്രമേ ചെയ്യാൻ കഴിയൂ. അതായത്, പ്ലസ് ടു വിന് ശേഷം ചെയ്യാവുന്ന ബികോം, ബിഎസ്‌സി, ബിടെക് പോലുള്ള കോഴ്സുകൾ ഒരേ സമയം ചെയ്യാം. പക്ഷേ, ഒരു യു.ജി കോഴ്സിനൊപ്പം പിജി കോഴ്സ് തിരഞ്ഞെടുക്കാൻ കഴിയില്ല. വിദ്യാർത്ഥികൾക്ക് ഒരേ സമയം രണ്ട് പിഎച്ച്ഡി എടുക്കാനും കഴിയില്ല.

ഓൺലൈൻ കോഴ്‌സുകൾ ആരംഭിക്കുന്നതിന് രാജ്യത്തെ മികച്ച സർവകലാശാലകളെ പ്രാപ്തരാക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും പരിധിയില്ലാതെ സീറ്റുകൾ ഉറപ്പാക്കുമെന്നും യുജിസി ചെയർപേഴ്സൻ പറ‍ഞ്ഞു. ഒരു ദേശീയ ഡിജിറ്റൽ സർവ്വകലാശാല സ്ഥാപിക്കാനും തങ്ങൾ പദ്ധതിയിടുന്നതായും ജ​ഗദീഷ് കുമാർ കൂട്ടിച്ചേർത്തു.

നിലവിൽ ബിരുദത്തിനൊപ്പം ഡിപ്ലോമയോ സർട്ടിഫിക്കറ്റ് കോഴ്‌സോ മാത്രം ചെയ്യാനാണ് യുജിസി അനുമതിയുള്ളത്.

എന്താണ് യുജിസി?

ഇന്ത്യയിലെ സർവകലാശാലകളിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനുമാണ് യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മീഷൻ അഥവാ യു ജി സി സ്ഥാപിക്കപ്പെട്ടത്. 1956 ൽ ആയിരുന്നു രൂപീകരണം. രാജ്യത്തുടനീളം പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ആറ് പ്രാദേശിക കേന്ദ്രങ്ങളും കമ്മീഷന്റെ കീഴിലുണ്ട്. പൂണെ, ഹൈദരാബാദ്, കൽക്കത്ത, ഭോപാൽ‍, ഗുവാഹത്തി, ബാംഗ്ലൂർ എന്നിവിടങ്ങളിലാണ് ഈ കേന്ദ്രങ്ങൾ.

What's Your Reaction?

like

dislike

love

funny

angry

sad

wow