കേസുകൾ പെരുകുന്നു; ലിവ്-ഇൻ റിലേഷൻഷിപ്പുകൾ രജിസ്റ്റർ ചെയ്യണമെന്ന് രാജസ്ഥാൻ ഹൈക്കോടതി

ലിവ്-ഇൻ റിലേഷൻഷിപ്പ് കേസുകൾ പെരുകുന്ന സാഹചര്യത്തിൽ ലിവ്-ഇൻ റിലേഷൻഷിപ്പുകൾ സർക്കാറിൽ രജിസ്റ്റർ ചെയ്യണമെന്ന് രാജസ്ഥാൻ ഹൈക്കോടതി. മാർച്ച് 1നകം നിർദ്ദേശം പാലിക്കണമെന്നാണ് കോടതി നിർദേശം. ലിവ്-ഇൻ റിലേഷൻഷിപ്പുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നിർദേശം.
ജസ്‌റ്റിസ് അനൂപ് കുമാർ ദണ്ഡിൻ്റെ സിംഗിൾ ബെഞ്ചാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. സംസ്ഥാന സർക്കാരിനും കേന്ദ്ര സാമൂഹിക ക്ഷേമ, നീതിന്യായ സെക്രട്ടറിക്കും ഇത് സംബന്ധിച്ച് ജസ്‌റ്റിസ് അനൂപ് കുമാർ നിർദേശം നൽകിയിട്ടുണ്ട്. ലിവ്-ഇൻ റിലേഷൻഷിപ്പുമായി ബന്ധപ്പെട്ട കേസുകൾ പരിഹരിക്കുന്നതിനായി ഒരു വെബ്‌സൈറ്റ് പോർട്ടൽ തുടങ്ങണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
മാസിക്കാർ ജില്ലയിൽ നിന്നുള്ള ഒരാളുമായി ലിവ്-ഇൻ റിലേഷൻഷിപ്പിൽ കഴിയുന്ന ഹരിയാനയിലെ ഫത്തേഹാബാദിൽ നിന്നുള്ള വിവാഹിതയായ യുവതി സമർപ്പിച്ച റിട്ട് ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം നിർദേശിച്ചത്. ലിവ്-ഇൻ ബന്ധങ്ങളെക്കുറിച്ചുള്ള നിയമം കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് ഊന്നിപ്പറഞ്ഞ ജസ്റ്റിസ് അനൂപ് കുമാർ ദണ്ഡ്, കേന്ദ്രവും സംസ്ഥാന സർക്കാരും ചേർന്നാണ് നിയമനിർമ്മാണം നടത്തേണ്ടതെന്നും വ്യക്തമാക്കി.
അതേസമയം സർക്കാർ ഉചിതമായ നിയമനിർമ്മാണം നടത്തുന്നതുവരെ ഇത്തരം പരാതികൾ പരിഹരിക്കുന്നതിന് സംസ്ഥാനത്തെ ഓരോ ജില്ലയിലും യോഗ്യതയുള്ള ഒരു അതോറിറ്റി സ്ഥാപിക്കണണമെന്നും കോടതി അറിയിച്ചു. അതിനായി ഒരു വെബ്‌സൈറ്റ് പോർട്ടൽ തുടങ്ങണമെന്നും കോടതി പറഞ്ഞു. ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകൾ പലപ്പോഴും സമൂഹം അംഗീകരിക്കുന്നില്ലെങ്കിലും, അവ നിയമപരമായി നിരോധിക്കപ്പെട്ടിട്ടില്ലെന്നും കോടതി പറഞ്ഞു.
What's Your Reaction?






