തൊഴിലുടമകള്‍ ജീവനക്കാര്‍ തിരഞ്ഞെടുക്കുന്ന നികുതി വ്യവസ്ഥ ചോദിച്ചറിഞ്ഞ് TDS കുറയ്ക്കണം: ആദായനികുതി വകുപ്പ്

Apr 7, 2023 - 17:27
 0
തൊഴിലുടമകള്‍ ജീവനക്കാര്‍ തിരഞ്ഞെടുക്കുന്ന നികുതി വ്യവസ്ഥ ചോദിച്ചറിഞ്ഞ് TDS കുറയ്ക്കണം: ആദായനികുതി വകുപ്പ്

തൊഴിലുടമകൾ ജീവനക്കാർ തിരഞ്ഞെടുക്കുന്ന നികുതി വ്യവസ്ഥ ചോദിച്ചറിയണമെന്നും അതിനനുസരിച്ച് ടിഡിഎസ് കുറയ്ക്കണമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതനുസരിച്ചായിരിക്കണം ടിഡിഎസ് കുറയ്ക്കേണ്ടതെന്നും വകുപ്പ് വ്യക്തമാക്കി. ജീവനക്കാരൻ അവരുടെ തൊഴിലുടമയെ തങ്ങൾ തിരഞ്ഞെടുത്ത നികുതി വ്യവസ്ഥയെക്കുറിച്ച് അറിയിക്കാത്ത സാഹചര്യത്തിൽ, 2023-24 ബജറ്റിൽ പ്രഖ്യാപിച്ച പുതിയ പരിഷ്‌കരിച്ച നികുതി വ്യവസ്ഥ അനുസരിച്ച് തൊഴിലുടമക്ക് വരുമാനത്തിൽ നിന്ന് ടിഡിഎസ് കുറക്കാവുന്നതാണ്.

നികുതിദായകർക്ക് പഴയ നികുതി വ്യവസ്ഥയും തിരഞ്ഞടുക്കാനുള്ള ഓപ്ഷൻ ഉണ്ട്, അത് ഇളവുകളും കിഴിവുകളും നൽകുന്നുണ്ട്. കുറഞ്ഞ നികുതി നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന പുതിയ നികുതി വ്യവസ്ഥയിലേക്ക് മാറുകയും ചെയ്യാം, എന്നാൽ ഇതിൽ ഇളവുകളൊന്നുമില്ല.

ശമ്പളക്കാരായ നികുതിദായകരെ പുതിയ നികുതി വ്യവസ്ഥയിലേക്ക് മാറാൻ പ്രേരിപ്പിക്കുന്നതിന് വേണ്ടിയാണ് ആദായ നികുതി വകുപ്പിലെ 115BAC വകുപ്പ് പ്രകാരം ലഭ്യമായ ഇളവ് രഹിത നികുതി വ്യവസ്ഥയിൽ മാറ്റം വരുത്തിയിരിക്കുന്നത്. 2023-24 ബജറ്റ് പ്രകാരമാണ് ഈ മാറ്റം.

നടപ്പ് സാമ്പത്തിക വർഷത്തിൽ തൊഴിലുടമകൾ കുറക്കേണ്ട ടിഡിഎസ് സംബന്ധിച്ച് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) വിശദീകരണം നൽകിയിരുന്നു.

‘ഒരു തൊഴിലുടമ എന്ന നിലയിൽ, തങ്ങളുടെ ഓരോ ജീവനക്കാരനിൽ നിന്ന് അവർ തിരഞ്ഞെടുത്ത നികുതി വ്യവസ്ഥയെ കുറിച്ച് വിവരങ്ങൾ തേടണം. ഓരോ ജീവനക്കാരനും, ഓരോ വർഷവും തിരഞ്ഞെടുത്ത നികുതി വ്യവസ്ഥയെപ്പറ്റി തൊഴിലുടമയെ അറിയിക്കുകയും വിവരങ്ങൾ തേടുകയും അവരുടെ മൊത്തം വരുമാനം കണക്കാക്കുകയും തിരഞ്ഞെടുത്ത ഓഫ്ഷനനുസരിച്ച് ടിഡിഎസ് കുറക്കുകയും ചെയ്യണം,’സിബിഡിടി അറിയിച്ചു.

ജീവനക്കാരൻ തിരഞ്ഞെടുത്ത നികുതി വ്യവസ്ഥയെക്കുറിച്ച് അറിയിക്കാത്ത പക്ഷം, ജീവനക്കാരൻ പുതിയ നികുതി വ്യവസ്ഥയിൽ തുടരുന്നതായി കണക്കാക്കപ്പെടുമെന്നും സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് കൂട്ടിച്ചേർത്തു.

പുതിയ നികുതി വ്യവസ്ഥയിൽ, ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ, 7 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് നികുതിയില്ല. മാത്രമല്ല 50,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ അനുവദിക്കുകയും അടിസ്ഥാന ഇളവ് പരിധി 3 ലക്ഷം രൂപയായി ഉയർത്തുകയും ചെയ്തു. 3 മുതൽ 6 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 5 ശതമാനവും; 6-9 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 10 ശതമാനവും 9-12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 15 ശതമാനവും, 12-15 ലക്ഷം രൂപയ്ക്ക് 20 ശതമാനവും 15 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വരുമാനത്തിന് 30 ശതമാനവും നികുതി ചുമത്തും.

ഇളവുകളും കിഴിവുകളും അനുവദിക്കുന്ന പഴയ നികുതി വ്യവസ്ഥയിൽ അടിസ്ഥാന ഇളവ് പരിധി 2.5 ലക്ഷം രൂപയാണ്. കൂടാതെ, 5 ലക്ഷം രൂപ വാർഷിക വരുമാനമുള്ളവർ നികുതി അടയ്ക്കേണ്ടതില്ല. മാത്രമല്ല, 2.5 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 5 ശതമാനം നികുതിയും 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ 20 ശതമാനം നികുതിയുമാണ് ഈടാക്കുന്നത്. 10 ലക്ഷത്തിന് മുകളിലുള്ള വരുമാനത്തിന് 30 ശതമാനമാണ് നികുതി

What's Your Reaction?

like

dislike

love

funny

angry

sad

wow