മലപ്പുറത്തെ വീട്ടിൽ അഞ്ചു മണിക്കൂർ നീണ്ട പരിശോധന; നടന്നത് വൻ കുഴൽപണ വേട്ട

Jul 16, 2024 - 10:55
 0
മലപ്പുറത്തെ വീട്ടിൽ അഞ്ചു മണിക്കൂർ നീണ്ട പരിശോധന; നടന്നത് വൻ കുഴൽപണ വേട്ട

മലപ്പുറം അരിക്കോട് കിഴിശ്ശേരിയിൽ വൻ കുഴൽപണ വേട്ട. 30.47 ലക്ഷം രൂപയുമായി എട്ട് പേർ അറസ്റ്റിലായി. കുഴൽപണ ഇടപാടിൽ ഭാരതീയ ന്യായസംഹിത (ബി.എൻ.എസ്.) നിയമപ്രകാരം മലപ്പുറം ജില്ലയിൽ രേഖപ്പെടുത്തിയ രണ്ടാമത്തെ കേസാണിത്.

പുളിയക്കോട് മേൽമുറി സ്വദേശികളായ മുള്ളൻചക്കിട്ടകണ്ടിയിൽ വീട്ടിൽ യൂസുഫ് അലി (26), കൊട്ടേക്കാടൻ വീട്ടിൽ കോലാർക്കുന്ന് ഇസ്മായിൽ (36), ഒട്ടുപാറ വീട്ടിൽ മുതീരി സലാഹുദ്ധീൻ (21), മലയൻ വീട്ടിൽ മുതീരി ഫാഹിദ് (23), മേൽമുറി ചാത്തനാടിയിൽ ഫൈസൽ (22), കണ്ണൻകുളവൻ വീട്ടിൽ കുന്നുപുറത്ത് മുഹമ്മദ് ഷാക്കിർ (22), കടുങ്ങല്ലൂർ സ്കൂൾപടി കൊട്ടേക്കാടൻ വീട്ടിൽ സൽമാനുൽ ഫാരിസ് (23), കാളിക്കാവ് അടക്കാക്കുണ്ട് സ്വദേശി തെന്നാടൻ വീട്ടിൽ ജാബിർ (35) എന്നിവരെയാണ് ജില്ലാ പൊലിസ് മേധാവി എസ്. ശശിധരൻ്റെ നേതൃത്വത്തിലുള്ള സ്ക്വാഡും അരീക്കോട് പൊലീസും ചേർന്ന് പിടികൂടിയത്.

കിഴിശ്ശേരി പുളിയക്കോട് മേൽമുറിയിലെ വീട്ടിൽ അനധികൃതമായി പണം സൂക്ഷിക്കുന്നതായി ജില്ലാ പൊലിസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പണവുമായി പ്രതികൾ പിടിയിലായത്. രാവിലെ 10.30ന് തുടങ്ങിയ പരിശോധന വൈകിട്ട് 3.30 വരെ നീണ്ടു. 3045300 രൂപ, നോട്ട് എണ്ണുന്ന യന്ത്രം, അഞ്ച് കാൽക്കുലേറ്റർ, ആറു ബൈക്കുകൾ, പേപ്പർ മുറിക്കുന്ന യന്ത്രം, 14 മൊബൈൽ ഫോണുകൾ, പണം എത്തിക്കുന്നതുമായി ബന്ധപ്പെട്ട യാത്രാ വിവരങ്ങൾ, പണം കൈമാറാനുള്ള ആളുകളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ പുസ്തകങ്ങൾ തുടങ്ങിയവ പോലീസ് കസ്റ്റഡിയിലെടുത്തു.

ഡി.വൈ.എസ്.പി. എ. ഷിബു, അരിക്കോട് എസ്.ഐമാരായ നവീൻ ഷാജു, കബീർ, എ. ശശികുമാർ, സ്വയംപ്രഭ, സി.പി.ഒമാരായ അഖിൽദാസ്, സുനിൽകുമാർ, അനിൽകുമാർ, സജീഷ്, ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങളായ അഭിലാഷ്, സുനിൽ, നവീൻ, ജിയോ ജേക്കബ്, കൃഷ്ണദാസ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow