ആഗോള തലത്തിൽ ഫിൻടെക് ഫണ്ടിംഗിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനം

Jul 8, 2024 - 10:02
 0

ഫിൻടെക് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക് ഏറ്റവും കൂടുതൽ ഫണ്ടിംഗ് നേടിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്. മാർക്കറ്റ് ഇന്റലിജൻസ് സ്ഥാപനമായ ട്രാക്സിൻ വെള്ളിയാഴ്ച പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം ഈ വർഷത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോഴാണ് ഇന്ത്യയുടെ ഈ സുപ്രധാന നേട്ടം. യുഎസ്, യുകെ എന്നീ രാജ്യങ്ങളാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.

റിപ്പോർട്ട് അനുസരിച്ച് ആഭ്യന്തര ഫിൻടെക് മേഖലയ്ക്ക് 2024-ൻ്റെ ആദ്യ പകുതിയിൽ (എച്ച്1) 795 മില്ല്യൺ ഡോളറിന്റെ(66, 360, 438, 750 രൂപ) ലഭിച്ചു. അതേസമയം, 2023 ന്റെ രണ്ടാം പകുതിയുമായി താരതമ്യം ചെയ്യുമ്പോൾ 11 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024 ൽ മൂല്യം നൂറ് കോടി കടന്ന ഒരേ ഒരു കമ്പനി പെർഫിയസ് മാത്രമാണ്. കൂടാതെ ഫിൻടെക് മേഖലയിൽ ജനുവരി മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ ആറോളം കമ്പനികളുടെ ഏറ്റെടുക്കൽ നടന്നതിനോടൊപ്പം അഞ്ചോളം കമ്പനികൾ ഇനീഷ്യൽ പബ്ലിക് ഓഫറിംഗും (ഐപിഒ) നടത്തി. രാജ്യത്ത് ഫിൻടെക് മേഖലയിൽ ഏറ്റവും അധികം ഫണ്ടിംഗ് നേടിയ നഗരം ഹൈദരാബാദാണ്. മുംബൈ, പൂനെ എന്നീ നഗരങ്ങളാണ് തൊട്ട് പിന്നിൽ.

ആദ്യ പകുതി പിന്നിടുമ്പോൾ 2024 ലെ അവസാന ഘട്ട ഫണ്ടിംഗ് 551 മില്യൺ ഡോളറായിരുന്നു. 2023 ന്റെ രണ്ടാം പകുതിയിൽ ഇത് 436 മില്യൺ ഡോളറായിരുന്നു. 2023 ലെ രണ്ടാം പകുതിയിൽ സീഡ്-സ്റ്റേജ് ഫണ്ടിംഗ് 60.5 മില്യൺ ഡോളർ ആയിരുന്നെങ്കിൽ ഈ വർഷം ആദ്യ പകുതിയിൽ അത് 7.4 ശതമാനം വർധിച്ച് 65 മില്യൺ ഡോളറായി മാറിയെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. പീക്ക് എക്സ് വി പാർട്‌ണേഴ്‌സ്, വൈ കോമ്പിനേറ്റർ, ലെറ്റ്‌സ് വെഞ്ച്വർ എന്നിവരാണ് മേഖലയിലെ മുൻനിര നിക്ഷേപകർ.

“ആഗോള തലത്തിൽ ഫിൻടെക് മേഖലയിൽ മാന്ദ്യം ഉണ്ടായിരുന്നിട്ടും ഇന്ത്യയുടെ ഫിൻടെക് മേഖല വലിയതോതിലുള്ള കുതിപ്പ്‌ രേഖപ്പെടുത്തിയിരിക്കുകയാണ്. ശക്തമായ സാമ്പത്തിക അടിത്തറ നിലനിൽക്കുന്നതിനാലാണിത്’’, ട്രാക്സിൻ സഹസ്ഥാപകയായ നേഹ സിംഗ് പറഞ്ഞു. ഈ നേട്ടം സമീപ ഭാവിയിൽ വളർച്ചയ്ക്കുള്ള പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്ന ശുഭാപ്തി വിശ്വാസം തങ്ങൾക്കുള്ളതായും നേഹ കൂട്ടിച്ചേർത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow