നിസാമുദ്ദീന്‍ മത സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്തത് 270 പേര്‍

ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനങ്ങളില്‍ കേരളത്തില്‍ നിന്ന് 270 പേര്‍ പങ്കെടുത്തതായി വിവരം

Apr 1, 2020 - 08:32
 0
നിസാമുദ്ദീന്‍ മത സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്തത് 270 പേര്‍

ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനങ്ങളില്‍ സംസ്ഥാനത്തുനിന്ന് 270 പേര്‍ പങ്കെടുത്തതായി വിവരം. ആദ്യ സമ്മേളനത്തില്‍ നൂറോളം പേരും രണ്ടാം സമ്മേളനത്തില്‍ 170 പേരും പങ്കെടുത്തെന്നാണ് കണക്കാക്കുന്നത്. ആദ്യത്തേതില്‍ പങ്കെടുത്ത മുഴുവനാളുകളും കേരളത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്. കാസര്‍കോട് നിന്ന് 19 ഉം കണ്ണൂരില്‍ നിന്ന് പത്തും കോട്ടയത്തുനിന്ന് ആറും തിരുവനന്തപുരത്തുനിന്ന് അഞ്ചും പേരുള്‍പ്പെടെയാണ് 100 പേര്‍. സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ നിന്നുള്ളവരുമുണ്ട്. രണ്ടാമത്തെ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ മടങ്ങിയെത്തിയിട്ടില്ല. ഇവരുടെ മൊബൈല്‍ നമ്പര്‍ അടക്കമുള്ള വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

അതേസമയം മലേഷ്യയില്‍ നടന്ന തബ് ലീഗ് സമ്മേളനത്തില്‍ ഒരു മലയാളി പങ്കെടുത്തിരുന്നു. ഇദ്ദേഹം സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇതില്‍ പങ്കെടുത്ത മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനാല്‍ ഇയാള്‍ നിരീക്ഷണത്തിലാണ്. ഇത്തരത്തില്‍ തബ്‌ലീഗ് സമ്മേളനങ്ങളില്‍ പങ്കെടുത്ത് മടങ്ങിയവര്‍ക്ക് കൊവിഡ് 19 രോഗബാധയുണ്ടോയെന്ന് പരിശോധിക്കും. ഇതിനായി പൊലീസ് ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച് അതാത് ജില്ലാ ഭരണകൂടങ്ങള്‍ മുഖേന ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരിലേക്കെത്തും. തബ്‌ലീഗ് ജമാ അത്തിന്റെ അന്താരാഷ്ട്ര ആസ്ഥാനമായ നിസാമുദ്ദീന്‍ മര്‍ക്കസ് കെട്ടിടത്തില്‍ ആയിരത്തിലേറെ പേര്‍ താമസിച്ചിരുന്നു.

മുന്നൂറോളം പേരെ പള്ളിയില്‍ തന്നെ നിരീക്ഷണത്തിലാക്കുകയാണ് ചെയ്തത്. ബാക്കിയുള്ളവരെ ആശുപത്രിയിലും മറ്റുമായാണ് ക്വാറന്റൈനിലാക്കിയത്. മാര്‍ച്ച് 13 മുതല്‍ 15 വരെയായിരുന്നു പ്രാര്‍ത്ഥനാ സമ്മേളനം. നാലായിരത്തോളം പേര്‍ ഇവിടെയെത്തിയിരുന്നതായാണ് കണക്ക്. സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ വിവിധ സംസ്ഥാനങ്ങളിലായി 10 പേര്‍ ഇതിനോടകം കൊവിഡ് 19 ബാധിച്ച് മരിച്ചിട്ടുണ്ട്. തെലങ്കാനയില്‍ നിന്നുള്ള ആറ് പേരും ജമ്മു കശ്മീര്‍ കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നളുള്ളവരുമാണ് മരിച്ചത്. ഡല്‍ഹിയില്‍ മരിച്ച പത്തനംതിട്ട സ്വദേശിയും ഇതില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ഇദ്ദേഹത്തില്‍ കൊറോണ സ്ഥിരീകരിച്ചിട്ടില്ല. മുംബൈയില്‍ കൊവിഡ് 19 ബാധിതനായി മരിച്ച ഫിലിപ്പെയ്ന്‍ സ്വദേശി സമ്മേളനത്തില്‍ പങ്കെടുത്തയാളാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow