അര്‍ണബിന്റെ ചര്‍ച്ചയില്‍ സര്‍ക്കാരിനെ വാഴ്ത്തി ഗവര്‍ണര്‍ ; കൊവിഡ് പ്രതിരോധത്തില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പ്രശംസ

റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമി അവതാരകനായ ചര്‍ച്ചാ പരിപാടിയില്‍ സംസ്ഥാന സര്‍ക്കാരിനെ വാഴ്ത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെയും അരോഗ്യമന്ത്രിയുടെയും ഇടപെടലുകളെ അദ്ദേഹം പ്രശംസിച്ചു

Apr 1, 2020 - 10:29
 0

റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമി അവതാരകനായ ചര്‍ച്ചാ പരിപാടിയില്‍ സംസ്ഥാന സര്‍ക്കാരിനെ വാഴ്ത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെയും അരോഗ്യമന്ത്രിയുടെയും ഇടപെടലുകളെ അദ്ദേഹം പ്രശംസിച്ചു. ലോക്ക് ഡൗണില്‍ സംസ്ഥാനമെങ്ങും അതിവേഗം കമ്മ്യൂണിറ്റി കിച്ചണ്‍ ഫലപ്രദമായി ആരംഭിച്ച് എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നിര്‍ണായക ഇടപെടല്‍ നടത്തിയെന്നും ഗവര്‍ണര്‍ പരാമര്‍ശിച്ചു. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച എപ്പിഡമിക് ഡിസീസസ് 2020 ഓര്‍ഡിനന്‍സില്‍ ഒപ്പുവെയ്ക്കാനുണ്ടായ സാഹചര്യം മുന്‍നിര്‍ത്തിയുള്ള അര്‍ണാബിന്റെ ചോദ്യത്തിനായിരുന്നു ഗവര്‍ണറുടെ മറുപടി. ചൊവ്വാഴ്ച രാത്രിയിലെ ചര്‍ച്ചയിലാണ് ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയത്.

അര്‍ണബ് ഗോസ്വാമിയുടെ ചോദ്യം

കൊവിഡ് പ്രതിരോധത്തിനുള്ള സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച്, മതപരമായതുള്‍പ്പെടെ എന്ത് കാരണത്താലായാലും പൊതു ഇടങ്ങളില്‍ ഒത്തുകൂടുന്നവര്‍ക്ക് ജയില്‍ ശിക്ഷ നല്‍കുന്ന ഓര്‍ഡിനന്‍സിന് പച്ചക്കൊടി കാട്ടാനും അംഗീകാരം നല്‍കാനും എന്തുകൊണ്ടാണ് തീരുമാനിച്ചത് ?എന്തായിരുന്നു താങ്കളുടെ മനസ്സില്‍ ?

ആരിഫ് മുഹമ്മദ് ഖാന്റെ മറുപടി

നമ്മള്‍ വളരെ ഗുരുതരമായ സാഹചര്യത്തെയാണ് നേരിടുന്നത്. പ്രധാനമന്ത്രി പറഞ്ഞതുപോലെ സാമൂഹ്യമായി അകലംപാലിക്കുന്നത് കൊവിഡ് വ്യാപനത്തിന്റെ ചങ്ങല പൊട്ടിക്കാന്‍ അത്യന്താപേക്ഷിതമാണ്. കൊറോണയ്‌ക്കെതിരെ വാക്‌സിനേഷന്‍ ഇല്ലെന്ന കാര്യം നമുക്ക് നന്നായറിയാം. ഈ വൈറസ് പടരുന്നതിന്റെ സ്വഭാവമെന്തെന്ന് ശാസ്ത്രീയമായി വ്യക്തമാക്കുന്ന വിശദാംശങ്ങള്‍ നമ്മുടെ കയ്യില്‍ ഇപ്പോഴുമില്ല. ചൈനയിലെ വുഹാനില്‍ നിന്നുള്ള ഒരു ഡോക്ടറുടെ മികച്ച ഒരു ഇന്റര്‍വ്യൂ കാണാനിടയായി. സാമൂഹ്യമായ അകലംപാലിക്കലിലൂടെ കൊവിഡ് ചങ്ങല പൊട്ടിക്കുകയെന്നത് മാത്രമാണ് കാര്യക്ഷമമായി സ്വീകരിക്കാവുന്ന രീതിയെന്നും അങ്ങനെയാണ് ചൈനയില്‍ നിയന്ത്രണവിധേയമായതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴും അകലം പാലിക്കേണ്ടതിന്റെ അനിവാര്യത തിരിച്ചറിയാത്തവരുണ്ട്. സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിച്ചില്ലെങ്കില്‍ നിങ്ങളെ ബാധിക്കുമെന്ന് മാത്രമല്ല മറ്റുള്ളവര്‍ക്കുകൂടി നിങ്ങള്‍ അപകടം വരുത്തിവെയ്ക്കാന്‍ കാരണമാകുകയും ചെയ്യും.

സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അതുപോലെ പാലിക്കുകയാണ്. കേരളത്തിലാണ് രാജ്യത്ത് ആദ്യമായി കൊറോണ റിപ്പോര്‍ട്ട് ചെയ്തത്.ഇവിടെ ഇതുവരെ രോഗം ബാധിച്ചവരില്‍ 80 ശതമാനവും ഗള്‍ഫ് യൂറോപ്പ്, യുകെ എന്നിവിടങ്ങളില്‍ നിന്ന് വന്നവരാണ്. ശേഷിക്കുന്ന 20 ശതമാനം പേരാണ് സംസ്ഥാനത്തുണ്ടായിരുന്നവര്‍. ഇത്തരത്തിലാകാന്‍ കാരണം ആദ്യ ദിവസം മുതല്‍ സര്‍ക്കാര്‍ എടുത്ത നടപടികളാണ്. മുഖ്യമന്ത്രി മാത്രമല്ല, ഞങ്ങളുടെ ആരോഗ്യമന്ത്രി ആദ്യ ദിവസം മുതല്‍ തന്നെ വളരെ സജീവമായി രംഗത്തുണ്ട്. അവര്‍ എല്ലാ അടിയന്തര നടപടികളും സ്വീകരിച്ചു. പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ 24 മണിക്കൂറിനകം സംസ്ഥാനത്ത് 483 ലധികം കമ്മ്യൂണിറ്റി കിച്ചണുകളാണ് പ്രവര്‍ത്തനമാരംഭിച്ചത്. കുടുംബശ്രീക്ക് നന്ദി പറയുന്നു. 43 ലക്ഷം വനിതകള്‍ അംഗങ്ങളായുള്ള സംഘടനയാണത്. ഒപ്പം 4 ലക്ഷം പേരുള്ള സ്വാശ്രയ സംഘങ്ങളും. അടുത്ത 24 മണിക്കൂറിനുള്ളില്‍ പുതുതായി ആയിരത്തിലേറെ കമ്മ്യൂണിറ്റി കിച്ചണുകളും തുടങ്ങി. അത്തരത്തില്‍ സര്‍ക്കാര്‍ എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പുവരുത്തിയെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow