National Cinema Day | 75 രൂപക്ക് സിനിമാ ടിക്കറ്റ്; ദേശീയ സിനിമ ദിനത്തിൽ മാറ്റം; പുതിയ തീയതി അറിയാം

സെപ്തംബർ 16ന് ആചരിക്കാനിരുന്ന ദേശീയ സിനിമാദിനം സെപ്തംബർ 23ലേയ്ക്ക് മാറ്റിവയ്ക്കാൻ കാരണം അടുത്തിടെ പുറത്തിറങ്ങിയ ബിഗ്‌ബഡ്‌ജറ്റ് ചിത്രം ബ്രഹ്മാസ്ത്രയുടെ വിജയമാണെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്

Sep 16, 2022 - 22:35
 0
National Cinema Day | 75 രൂപക്ക് സിനിമാ ടിക്കറ്റ്; ദേശീയ സിനിമ ദിനത്തിൽ മാറ്റം; പുതിയ തീയതി അറിയാം

സെപ്തംബർ 16 ന് രാജ്യത്തുടനീളം നടത്താനിരുന്ന ദേശീയ സിനിമാ ദിനം (National Cinema Day) സെപ്റ്റംബർ 23 ലേക്ക് മാറ്റി. ഈ മാസം മൂന്നാം തീയതി സിനിമാ പ്രേക്ഷകർക്ക് വളരെ കുറഞ്ഞ നിരക്കിൽ സിനിമകൾ കാണാൻ അവസരം നൽകിക്കൊണ്ട് അമേരിക്കയിൽ ദേശീയ സിനിമാദിനം ആചരിച്ചിരുന്നു. ഇതേത്തുടർന്നാണ് മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും സമാനമായ രീതിയിൽ ഇന്ത്യയിൽ ദേശീയ സിനിമാദിനം പ്രഖ്യാപിച്ചത്. ഇത് സെപ്റ്റംബർ 16 ന് ആയിരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. മഹാമാരിയെ തുടർന്ന് മൾട്ടിപ്ലക്‌സുകൾക്ക് ബിസിനസ് തിരികെ ലഭിച്ചതിന് പ്രേക്ഷകരോടുള്ള നന്ദി സൂചകമായാണ് സിനിമാ ദിനം പ്രഖ്യാപിച്ചതെന്നും അറിയിച്ചിരുന്നു.

സിനിമാ ദിനത്തോടനുബന്ധിച്ച് പിവിആർ, ഐനോക്സ്, സിനിപോളിസ്, കാർണിവൽ, ഡിലൈറ്റ് എന്നിവയുൾപ്പെടെയുള്ള മൾട്ടിപ്ലക്‌സുകളിലെ 4,000 സ്‌ക്രീനുകളിൽ 75 രൂപയ്ക്ക് സിനിമാ ടിക്കറ്റുകൾ നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

ഓഹരി ഉടമകളുടെ അഭ്യർത്ഥന മാനിച്ചാണ് പങ്കാളിത്തം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സെപ്റ്റംബർ 23 ലേക്ക് ദേശീയ സിനിമാ ദിനം മാറ്റിവെച്ചതെന്ന് മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ഔദ്യോ​ഗിക പ്രസ്താവനയിൽ പറഞ്ഞു. 75 രൂപ നിരക്കിൽ തന്നെ പ്രേക്ഷകർക്ക് അന്നേ ദിവസം സിനിമ കാണാമെന്നും എംഎഐ അറിയിച്ചു

അതിനിടെ, സെപ്തംബർ 16ന് ആചരിക്കാനിരുന്ന ദേശീയ സിനിമാദിനം സെപ്തംബർ 23ലേയ്ക്ക് മാറ്റിവയ്ക്കാൻ കാരണം അടുത്തിടെ പുറത്തിറങ്ങിയ ബിഗ്‌ബഡ്‌ജറ്റ് ചിത്രം ബ്രഹ്മാസ്ത്രയുടെ വിജയമാണെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. സെപ്തംബർ ഒൻപതിന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം തന്നെ 200 കോടിയോളം കളക്ഷൻ നേടിയെന്ന് ബോക്‌സ് ഓഫീസ് കണക്കുകൾ വ്യക്തമാക്കുന്നു.



ഏറെ നാളുകൾക്ക് ശേഷം ഒരു ബോളിവുഡ് ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുന്നു എന്ന പ്രത്യേകതയും ബ്രഹ്മാസ്ത്രയ്ക്കുണ്ട്. 75 രൂപയ്ക്ക് ഉടൻ ടിക്കറ്റ് വിറ്റാൽ അത് ബ്രഹ്മാസ്ത്രയുടെ കളക്ഷനെ ബാധിക്കുമെന്നും ബ്രഹ്മാസ്ത്രയുടെ പ്രകടനത്തെ ബാധിക്കാതിരിക്കാൻ ദിവസം ദേശീയ സിനിമാ ദിനം മറ്റൊരു ദിവസത്തേക്കു മാറ്റാൻ തിയേറ്റർ ഉടമകൾ അഭ്യർത്ഥിക്കുകയായിരുന്നെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അയാൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയിൽ ആലിയ ഭട്ട്. റൺബീർ കപൂർ എന്നിവരാണ് മുഖ്യ വേഷത്തിൽ എത്തുന്നത്. രൺബീർ കപൂർ, അയാൻ മുഖർജി, കരൺ ജോഹർ, ഹിറൂ ജോഹർ, അപൂർവ മേത്ത, നമിത് മൽഹോത്ര, മരിജ്കെ ഡിസൂസ എന്നിവർ ചേർന്നാണ് സിനിമ നിർമിച്ചത്.

ദേശീയ സിനിമാ ദിനത്തിലെ ടിക്കറ്റ് നിരക്കിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ തിയേറ്ററുകളുടെ വെബ്സൈറ്റുകളിലും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലും ലഭ്യമാക്കുമെന്ന് എംഎഐ അറിയിച്ചു. കൂടുതല്‍ അപ്ഡേറ്റുകള്‍ക്കായി #NationalCinemaDay എന്ന ഹാഷ് ടാഗ് ഫോളോ ചെയ്യാമെന്നും മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow