രാജ്യത്താദ്യമായി 5ജി വിഡിയോകോൾ ചെയ്ത് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ്

രാജ്യത്താദ്യമായി 5ജി വിഡിയോകോൾ ചെയ്ത് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ്

രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച 5ജി നെറ്റ്‌വര്‍ക്കില്‍ നിന്ന് ആദ്യ വീഡിയോ കോള്‍ ചെയ്ത് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി അശ്വനി വൈഷ്ണവ് (Ashwini Vaishnaw). മദ്രാസ് ഐഐടിയില്‍ (IIT Madras) വെച്ചാണ് രാജ്യത്തെ ആദ്യത്തെ 5 ജി വിഡിയോ, ഓഡിയോ കോളിന്റെ പരീക്ഷണം അശ്വനി വൈഷ്ണവ് നിര്‍വഹിച്ചത്. എന്‍ഡ് ടു എന്‍ഡ് നെറ്റ്‌വര്‍ക്ക് പൂര്‍ണമായും രാജ്യത്ത് തന്നെയാണ് രൂപകല്പന ചെയ്തതെന്നും വികസിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശീയമായി സേവനങ്ങളും ഉത്പന്നങ്ങളും നിര്‍മിക്കുകയെന്ന പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ കാഴ്ചപാടിന്റെ സാക്ഷാത്കാരമാണിതെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപാടിന്റെ സാക്ഷാത്കാരമാണ്. നമ്മുടെ സ്വന്തം 4 ജി, 5 ജി സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്‌നമെന്നും അദ്ദേഹം പറഞ്ഞു.


സ്റ്റാര്‍ട്ട്അപ്പുകള്‍ക്കും മറ്റ് വ്യവസായങ്ങള്‍ക്കും 5 ജി ഉപകരണങ്ങളും സാങ്കേതിക വിദ്യയും വികസിപ്പിക്കാന്‍ ആവശ്യമായ 5ജി ടെസ്റ്റ്-ബെഡ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തിരുന്നു. ഇന്ത്യന്‍ 5 ജി ടെസ്റ്റ്-ബെഡ് ടെലികോം മേഖലയിലെ സ്വയംപര്യാപ്തതയിലേക്കുള്ള പ്രധാനപ്പെട്ട ചുവടുവയ്പാണെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.ഐഐടി മദ്രാസിന്റെ നേതൃത്വത്തിലുള്ള എട്ട് ഇൻസ്റ്റിറ്റ്യൂട്ടുകൾ ചേർന്നാണ് 5G ടെസ്റ്റ് ബെഡ് വികസിപ്പിച്ചിരിക്കുന്നത്. ഐഐടി ഡൽഹി, ഐഐടി ഹൈദരാബാദ്, ഐഐടി ബോംബെ, ഐഐടി കാൺപൂർ, ഐഐഎസ്സി ബാംഗ്ലൂർ, സൊസൈറ്റി ഫോർ അപ്ലൈഡ് മൈക്രോവേവ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ആൻഡ് റിസർച്ച് , സെന്റർ ഓഫ് എക്സലൻസ് ഇൻ വയർലെസ് ടെക്നോളജി എന്നിവയാണ് പദ്ധതിയിൽ പങ്കെടുത്ത മറ്റ് സ്ഥാപനങ്ങൾ.

ഈ വർഷം ഓഗസ്റ്റ്- സെപ്റ്റംബർ മാസത്തോടെ രാജ്യത്ത് 5G സേവനങ്ങളുടെ വാണിജ്യപരമായ റോൾ ഔട്ട് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ടെലികോം കമ്പനികൾക്ക് 5G സേവനങ്ങളുടെ ട്രയൽ നടത്താൻ മാത്രമേ അനുമതിയുള്ളൂ.

English Summary: Union minister Ashwini Vaishnaw on Thursday made the first 5G call on a trial network set up at IIT Madras using indigenously-developed telecom gears. Prime Minister Narendra Modi on Tuesday inaugurated the country’s first 5G test-bed, incubated at IIT Madras, to enable startups and industry players to test and validate their products locally and reduce dependence on foreign facilities.