തൃക്കാക്കര ഉമയ്ക്കൊപ്പം

പ്രചാരണ വിഷയം വികസനത്തില്‍നിന്ന് വര്‍ഗീയതയിലേക്കും പിന്നീട് വ്യക്തിഹത്യയിലേക്കും വഴിമാറിയ തൃക്കാക്കരയില്‍ ഉമയ്ക്ക് വന്‍വിജയം

Jun 3, 2022 - 18:30
Jun 3, 2022 - 20:02
 0
തൃക്കാക്കര  ഉമയ്ക്കൊപ്പം

കൊച്ചി∙ പ്രചാരണ വിഷയം വികസനത്തില്‍നിന്ന് വര്‍ഗീയതയിലേക്കും പിന്നീട് വ്യക്തിഹത്യയിലേക്കും വഴിമാറിയ തൃക്കാക്കരയില്‍ പി.ടിയുടെ ഉമയ്ക്ക് വന്‍വിജയം. വോട്ടെണ്ണലിന്റെ എല്ലാ ഘട്ടങ്ങളിലും യുഡിഎഫിന്റെ തേരോട്ടമാണ് കാണാന്‍ കഴിഞ്ഞത്. ഒരു ഘട്ടത്തില്‍ പോലും ഒപ്പമെത്താനോ വെല്ലുവിളി ഉയര്‍ത്താൻ പോലുമോ കഴിയാതെ എല്‍ഡിഎഫ് പിന്നിലാകുകയും ചെയ്തു.

Uma Thomas WON BY : 25,016 VOTES

മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാന ഭരണസംവിധാനവും എല്ലാമായി കാടിളക്കി പ്രചരണം നടത്തിയിട്ടും തൃക്കാക്കര ഉമയ്ക്കൊപ്പം‌ നിന്നു. അന്തരിച്ച എംഎൽഎ പി.ടി. തോമസിന്റെ ഭാര്യയെത്തന്നെ മണ്ഡലം നിലനിർത്താൻ‌ കളത്തിലിറക്കിയ യുഡിഎഫിന് പിഴച്ചില്ലെന്നു മാത്രമല്ല മുൻ വിജയങ്ങളെ കവച്ചു വയ്ക്കുന്നതുമായി ഇത്തവണത്തെ നേട്ടം. വോട്ടെണ്ണൽ തുടങ്ങുന്നതു വരെ നേരിയ വിജ‌യപ്രതീക്ഷ എൽഡിഎഫിന് ഉണ്ടായിരുന്നു എങ്കിൽ വോട്ടെണ്ണൽ തുടങ്ങിയതിനു ശേഷം ഒരുഘട്ടത്തിൽ പോലും യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന് പിന്തിരിഞ്ഞു നോക്കേണ്ടി വന്നില്ല. കണക്കുകൾ പറയുന്നത്, പി.ടി നേടിയതിനേക്കാൾ വലിയ മുന്നേറ്റമാണ് ഉമ തുടക്കം മുതൽ പുലർത്തിയത് എന്നാണ്.

2021 ൽ ആദ്യ റൗണ്ട് വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ പി.ടി. തോമസിന്റെ ലീഡ് നില 1258 ആയിരുന്നെങ്കിൽ ഇത്തവണ അത് 2249 ആയി. രണ്ടാം റൗണ്ടിൽ പി.ടിക്ക് 1180 വോട്ട് ആയിരുന്നെങ്കിൽ ഉമ നേടിയത് 1867 വോട്ടുകൾ‌. കഴി‍ഞ്ഞ വർഷം മൂന്നാം റൗണ്ടിൽ ലീഡ് 597 ആയിരുന്നെങ്കിൽ ഇത്തവണ അത് 2371 ആയിരുന്നു എന്നതു തന്നെ യുഡിഎഫ് നേടിയ മേൽക്കൈ വ്യക്തമാക്കുന്നതാണ്. ഈ ലീഡ് നില നിലനിർത്താൻ ഉമ തോമസിനായി. പലപ്പോഴും പി‌.ടിയുടെ ഓർമകളിൽ ഉമ വിതുമ്പിയപ്പോൾ അതിനെ അപഹസിച്ചു കൊണ്ടുള്ള സൈബർ പ്രചാരണമടക്കം തൃക്കാക്കരയിലെ വോട്ടർമാർ അത്ര ലഘുവായല്ല കണ്ടത് എന്നതും തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു തവണയും പി.ടിയെ വിജയിപ്പിച്ച മണ്ഡലം ഇത്തവണ അദ്ദേഹത്തിന്റെ പ്രിയഭാര്യയെ കൈവിട്ടില്ല എന്നു മാത്രമല്ല, മികച്ച ഭൂരിപക്ഷവും നൽകി.

പതിവിനു വിപരീതമായി വലിയ തർക്കങ്ങളില്ലാതെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നേരത്തേ തുടങ്ങി എന്നതാണ് ഇത്തവണത്തെ യുഡിഎഫ് പ്രചാരണത്തിന്റെ പ്രത്യേകത. സ്ലിപ് വിതരണവും വോട്ടർ പട്ടികയിൽ ആളെ ചേർക്കലുമൊക്കെ നേരത്തേ പൂർത്തിയാക്കാനും ഫ്ളാറ്റ് വാസികളിലേക്ക് വരെ വോട്ടഭ്യർ‌ഥന എത്തിക്കാനും കോൺഗ്രസ്–യുഡിഎഫ് നേതൃത്വത്തിനായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തന്നെയായിരുന്നു പ്രചാരണ പ്രവർത്തനങ്ങളുടെ മേൽനോട്ടം. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ മുതലുള്ള കോൺഗ്രസ് നേതാക്കളും പി.കെ. കുഞ്ഞാലിക്കുട്ടിയും എൻ.കെ. പ്രേമചന്ദ്രനും അടക്കമുള്ള ഘടകകക്ഷി നേതാക്കളുമൊക്കെ പ്രചാരണത്തിനെത്തി.

കേരളത്തിലേക്ക് തിരിച്ചെത്തിയ എ.കെ. ആന്റണിയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അടക്കമുള്ളവർ സംസ്ഥാന സർക്കാരിനെതിരെ രംഗത്തെത്തി. 99 സീറ്റ് ഉണ്ടായിട്ടും ഉപതിരഞ്ഞെടുപ്പിലെ ഒരു സീറ്റ് വിജയിക്കാനായി മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവർ ചീഫ് സെക്രട്ടറിയെയും കലക്ടർമാരെയും ഭരണമേൽപിച്ച് തൃക്കാക്കരയിൽ തമ്പടിക്കുന്നുവെന്ന് ആന്റണി ആഞ്ഞടിച്ചു. ശമ്പളം നൽകാനോ പദ്ധതികൾ നടത്താനോ പണമില്ലാത്ത അവസ്ഥയിൽ കേരളത്തെ എത്തിച്ചു എന്നതാണ് ആറു കൊല്ലത്തെ പിണറായി സർക്കാരിന്റെ ഭരണമെന്ന് ഉപതിരഞ്ഞെടുപ്പു സമയത്ത്, സർക്കാർ നേരിട്ട പ്രതിസന്ധികൾ ചുണ്ടിക്കാട്ടി ഉമ്മൻ ചാണ്ടിയും രംഗത്തുവന്നു. സിൽവർ ലൈനെതിരെ യു.ഡി.എഫ് സ്വീകരിച്ച നിലപാടിന് ജനം അംഗീകാരം നൽകിയത് വരും ദിവസങ്ങളിൽ എതിർപ്പ് കൂടുതൽ ശക്തമാകും എന്നതിന്റെ കൂടി സൂചനയാണ്.

തൃക്കാക്കര മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമായിരുന്നു ഇത്തവണത്തേത്, 68.77 ശതമാനം. അതുകൊണ്ടു തന്നെ വോട്ടെണ്ണി തുടങ്ങുന്നതു വരെ യുഡിഎഫ് കേന്ദ്രങ്ങളിൽ നേരിയ ആശങ്കയും പ്രകടമായിരുന്നു. എങ്കിലും ഭൂരിപക്ഷം കുറഞ്ഞാലും വിജയിക്കുമെന്ന ആത്മവിശ്വാസം പ്രതിപക്ഷ നേതാവടക്കം പങ്കുവച്ചു. കഴിഞ്ഞ തവണ കൊച്ചി കോർപറേഷൻ മേഖലയിലായിരുന്നു പി.ടി. തോമസിന് മികച്ച ലീഡ് ലഭിച്ചതെങ്കിൽ ഇത്തവണ അവിടെ പോളിങ് കുറഞ്ഞത് യു.ഡി.എഫിന് തിരിച്ചടിയായേക്കുമെന്ന് കരുതിയിരുന്നെങ്കിലും ഉമ തോമസ് ഇവിടെ നടത്തിയത് മികച്ച മുന്നേറ്റം.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പക്ഷേ, രണ്ട് പ്രമുഖ മുന്നണികളുടെയും എതിരാളികൾക്കു പുറമെ ട്വന്റി20 സ്ഥാനാർഥിയേയും നേരിടേണ്ടി വന്നിരുന്നു പി.ടി. തോമസിന്. കിറ്റെക്സ് കമ്പനിയുമായി ബന്ധപ്പെട്ട മലിനീകരണ പ്രശ്നത്തിൽ ട്വന്റി20 നേതാവ് സാബു എം. തോമസുമായി പി.ടി. തോമസ് കൊമ്പു കോർത്തിരുന്നു. സ്ഥാനാർഥിയെ രംഗത്തിറക്കിയാണ് ട്വന്റി20 പ്രതികരിച്ചത്. വോട്ടു വിഹിതം കുറഞ്ഞെങ്കിലും യുഡിഎഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം കൂടുകയാണ് പക്ഷേ ചെയ്തത്. പോൾ ചെയ്ത 1,36,570 (70.36 ശതമാനം) വോട്ടുകളില്‍ പി.ടി തോമസ് 59,839 എണ്ണം (43.82 ശതമാനം) നേടി.

ഇടതു സ്വതന്ത്രൻ ഡോ. ജെ. ജേക്കബ് 45,510 വോട്ടുകളുമായി (33.32 ശതമാനം) രണ്ടാമതും എൻഡിഎയുടെ എസ് സജി 15,483 വോട്ടുകളുമായി (11.34 ശതമാനം) മൂന്നാമതും എത്തിയപ്പോൾ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് ട്വന്റി20 സ്ഥാനാർഥി ഡോ. ടെറി തോമസ് 13,897 (10.18 ശതമാനം) വോട്ടുകളുമായി നാലാമതെത്തി. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ട്വന്റി20–ആം ആദ്മി പാർട്ടി സഖ്യം മത്സരിക്കുന്നില്ല എന്നു വ്യക്തമാക്കിയതോടെ ഈ വോട്ടുകൾ എവിടേക്ക് എന്നതായിരുന്നു എല്ലാവരെയും ആകാംക്ഷയിലാക്കിയത്. അതിന്റെ നല്ലൊരു പങ്ക് ഇത്തവണ യു.ഡി.എഫിലേക്ക് എത്തി എന്നും കരുതാവുന്നതാണ്.

മണ്ഡലം രൂപീകരിച്ച 2011 ൽ വോട്ടുശതമാനം 73.71–ഉം 2016 ൽ 74.65–ഉം കഴിഞ്ഞ തവണ 70.36–ഉം ആയിരുന്നു. 2011 ൽ ആകെ പോൾ ചെയ്തത് 1,59,877 വോട്ടുകൾ. ഇതിൽ 68,854 (55.88 ശതമാനം) നേടി ബെന്നി ബഹനാൻ അന്ന് യുഡിഎഫിനു വേണ്ടി സീറ്റ് നേടി. എൽഡിഎഫിന്റെ എം.ഇ. ഹസൈനാർ 43,448 (36 ശതമാനം) വോട്ടും ബിജെപിയുടെ എൻ സജി കുമാർ 5935 വോട്ടും (5.04 ശതമാനം) നേടി. 22,406 വോട്ടുകൾക്കായിരുന്നു ബഹനാന്റെ വിജയം.

2016 ൽ ഈ സീറ്റിൽ മത്സരിച്ചത് പി.ടി. തോമസാണ്. 1,35,304 വോട്ടുകൾ പോള്‍ ചെയ്തതിൽ 61,268 എണ്ണം (45.42 ശതമാനം) നേടി പി.ടി. തോമസ് സീറ്റ് നിലനിർത്തി. ശക്തനായ സെബാസ്റ്റ്യൻ പോളിനെയായിരുന്നു അന്ന് ഇടതുപക്ഷം കളത്തിലിറക്കിയത്. എന്നാൽ 49,455 വോട്ടു (36.55 ശതമാനം) മാത്രമേ അദ്ദേഹത്തിനു ലഭിച്ചുള്ളൂ. അതേസമയം, ബിജെപി ശക്തമായ പോരാട്ടം കാഴ്ചവച്ചതും ഈ തിരഞ്ഞെടുപ്പിലാണ്. എൻഡിഎയുടെ എസ് സജി 21,247 (15 ശതമാനം) വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തി. മുൻ തിര​ഞ്ഞെടുപ്പിനേതിനേക്കാൾ 10.66 ശതമാനം വോട്ടുകൾ കൂടുകയും ചെയ്തു. ‌11,966 വോട്ടുകൾക്കായിരുന്നു പി.ടി. തോമസിന്റെ വിജയം.

Content Highlight: Uma Thomas, Thrikkakara bypoll results, UDF, Congress, PT Thomas

What's Your Reaction?

like

dislike

love

funny

angry

sad

wow