ടിക‍്‍ടോക് ഇന്ത്യയിൽ തിരികെ എത്തിയേക്കും; പുതിയ വഴികൾ തേടി ബൈറ്റ‍്‍ഡാൻസ്

Tik Tok | ഇന്ത്യൻ വിപണിയിൽ തിരികെയെത്താൻ പുതിയ വഴികൾ തേടുകയാണ് ബൈറ്റ‍്‍ഡാൻസ് (ByteDance). ടിക് ടോക് (TikTok) അടക്കം പ്രധാനപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റ‍്‍ഫോമുകളുടെ ഉടമയായ കമ്പനിക്ക് ഇന്ത്യയിലെ പ്രവർത്തനം പലകാരണങ്ങളാൽ അവസാനിപ്പിക്കേണ്ടി വരികയായിരുന്നു.

ഇന്ത്യൻ വിപണിയിൽ തിരികെയെത്താൻ പുതിയ വഴികൾ തേടുകയാണ് ബൈറ്റ‍്‍ഡാൻസ് (ByteDance). ടിക് ടോക് (TikTok) അടക്കം പ്രധാനപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റ‍്‍ഫോമുകളുടെ ഉടമയായ കമ്പനിക്ക് ഇന്ത്യയിലെ പ്രവർത്തനം പലകാരണങ്ങളാൽ അവസാനിപ്പിക്കേണ്ടി വരികയായിരുന്നു. എന്നാൽ ബൈറ്റ‍്‍ഡാൻസ് തിരിച്ചുവരവിന് ഒരുങ്ങുകയാണെന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ മാർക്കറ്റിൽ തിരികെയത്താൻ പാർട്ണറെ തേടുകയാണ് കമ്പനി. പഴയ ജീവനക്കാരെ തിരികെ വിളിച്ച്, പുതിയ ജീവനക്കാരെയും ചേർത്താണ് ബൈറ്റ‍്‍ഡാൻസ് വീണ്ടും വരികയെന്നാണ് റിപ്പോർട്ട്.

ചൈനയ്ക്ക് യൂസേഴ്സിൻെറ ഡാറ്റ കൈമാറുന്നുവെന്ന് ആരോപിച്ചാണ് 2020ൽ കേന്ദ്രസർക്കാർ ബൈറ്റ‍്‍ഡാൻസിൻെറ ആപ്പുകളെയെല്ലാം രാജ്യത്ത് നിരോധിച്ചത്. നിരവധി ചൈനീസ് കമ്പനികളെ ആ സമയത്ത് രാജ്യത്ത് നിരോധിച്ചിരുന്നു. ഹിരാനന്ദനി (Hiranandani Group) ഗ്രൂപ്പുമായി ചേർന്നാണ് ഇപ്പോൾ ബൈറ്റ‍്‍ഡാൻസ് തിരിച്ചുവരവിന് ശ്രമം നടത്തുന്നത്. ഡാറ്റ സെൻറർ ബിസിനസ് സ്ഥാപനമായ കമ്പനിയുമായി ചർച്ച തുടങ്ങിയിട്ടുണ്ട്. യോട്ട ഇൻഫ്രാസട്രക്ചർ സൊല്യൂഷൻസ് ഹിരാനന്ദനി ഗ്രൂപ്പിന് കീഴിലുള്ള സംരംഭമാണ്.

ബൈറ്റ‍്‍ഡാൻസിൻെറ തിരിച്ചുവരവിനൊപ്പം ടിക് ടോക് തിരികെവരുമെന്നത് ഇന്ത്യയിലെ സോഷ്യൽ മീഡിയ ഉപഭോക്താക്കൾക്കും വലിയ സന്തോഷം പകരാൻ സാധ്യതയുള്ള കാര്യമാണ്. ചർച്ചകൾ ഔദ്യോഗിക തലത്തിൽ എത്തിയിട്ടില്ലെന്ന് ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എക്കണോമിക് ടൈസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇത്തരം പദ്ധതികളെക്കുറിച്ച് കേന്ദ്രസർക്കാരിന് ബോധ്യമുണ്ട്. ഔദ്യോഗിക ചർച്ചകൾ നടന്നാൽ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആലോചനയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ കമ്പനിയുമായി പങ്കാളിത്തത്തോടെ പ്രവർത്തിക്കുകയെന്നതാണ് ബൈറ്റ്ഡാൻസിന് മുന്നിലുള്ള ഇപ്പോത്തെ ഏറ്റവും നല്ലവഴി. രാജ്യത്തെ നിയമങ്ങൾ പാലിച്ച് യൂസേഴ്സിൻെറ സ്വകാര്യവിവരങ്ങളിൽ ഇടപെടൽ നടത്താതെ മുന്നോട്ട് പോവാൻ സാധിച്ചാൽ കമ്പനിക്ക് പ്രവർത്തനം പുനരാരംഭിക്കാൻ പറ്റും. ക്രാഫ്റ്റൻെറ അതേ രീതിയാണ് ബൈറ്റ‍്‍ഡാൻസ് പിന്തുടരാൻ പോവുന്നത്. നിരോധിക്കപ്പെട്ടതിന് ശേഷം പേര് മാറ്റി, മാനദണ്ഡങ്ങൾ പാലിച്ച് പബ‍്‍ജി (PUBG) മൊബൈൽ ഗെയിമിനെ തിരികെ കൊണ്ടുവരാൻ അവർക്ക് സാധിച്ചിരുന്നു. ടിക്ടോക് ആയിരുന്നു ബൈറ്റ്ഡാൻസിൻെറ ഏറ്റവും ലാഭകരമായ ഒരു സംരംഭം. പേര് മാറ്റി പുതിയ രൂപത്തിലും ഭാവത്തിലുമായിരിക്കും ടിക്ടോക് തിരിച്ചുവരികയെന്നാണ് സൂചനകൾ. പ്രവർത്തനം പുനരാരംഭിക്കുന്നത് മുമ്പ് തന്നെ ടിക്ടോകിൻെറ പേര് കമ്പനി മാറ്റിയേക്കും.


ബൈറ്റ‍്‍ഡാൻസിൻെറ തിരിച്ചുവരവ് ഇന്ത്യയുടെ ടെക് വിപണിയിൽ വലിയ പ്രതിധ്വനികൾ സൃഷ്ടിക്കുമെന്നത് ഉറപ്പുള്ള കാര്യമാണ്. ഒരുകാലത്ത് ഇന്ത്യൻ വിപണിയിൽ കമ്പനിക്ക് വലിയ സ്വാധീനമുണ്ടായിരുന്നു. ഇന്ത്യയിൽ നിന്നുള്ള പ്രാദേശിക ജീവനക്കാരെ വച്ചായിരിക്കും ഇനി കമ്പനി പ്രവർത്തിക്കുക. പുതിയ ജീവനക്കാരെ വൈകാതെ തന്നെ എടുത്ത് തുടങ്ങാനാണ് സാധ്യത. ടിക് ടോക് പ്രവർത്തനം നിലച്ചതോടെ ആ മേഖലയിൽ പ്രാദേശിക ആപ്പുകൾ കളം പിടിച്ചിട്ടുണ്ട്. ചിങ്കാരി, എംഎക്സ് ടാക ടാക് തുടങ്ങി ഇൻസ്റ്റഗ്രാം റീൽ വരെയുള്ള ആപ്പുകൾ വരുന്നത് ടിക് ടോക് തുടങ്ങിവെച്ച തരംഗം മുതലാക്കിയാണ്. അതിനാൽ ടിക് ടോകിൻെറ മടങ്ങിവരവ് വലിയ മത്സരത്തിനും കാരണമാവും.