31 വർഷങ്ങൾക്ക് ശേഷം പേരറിവാളന് മോചനം; ശിക്ഷയിൽ ഇളവ് നൽകി സുപ്രീം കോടതി

രാജീവ് ഗാന്ധി വധ കേസ് (Assassination of Rajiv Gandhi) പ്രതി പേരറിവാളന് (A. G. Perarivalan)മോചനം.

May 18, 2022 - 21:30
 0
31 വർഷങ്ങൾക്ക് ശേഷം പേരറിവാളന് മോചനം; ശിക്ഷയിൽ ഇളവ് നൽകി സുപ്രീം കോടതി

രാജീവ് ഗാന്ധി വധ കേസ് (Assassination of Rajiv Gandhi) പ്രതി പേരറിവാളന് (A. G. Perarivalan)മോചനം. 32 വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് പേരറിവാളനെ വിട്ടയച്ചത്. ഭരണഘടനയുടെ 142-ാം അനുഛേദം ഉപയോഗിച്ചാണ് വിധി.

പേരറിവാളന് ഇളവ് നൽകാൻ തമിഴ്‌നാട് മന്ത്രിസഭ തീരുമാനമെടുത്തതാണെന്ന് ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, ബിആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഭരണഘടനയുടെ 161-ാം അനുച്ഛേദം പ്രകാരമുള്ള അധികാരം വിനിയോഗിക്കുന്നതിൽ തമിഴ്‌നാട് ഗവർണർ കാണിക്കുന്ന കാലതാമസം ജുഡീഷ്യൽ അവലോകനത്തിന് വിധേയമാക്കാമെന്നും ബെഞ്ച് നിരീക്ഷിച്ചു.

2018-ല്‍ പേരറിവാളനെ വിട്ടയക്കണമെന്ന ശുപാര്‍ശ തമിഴ്‌നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ ഈ ശുപാര്‍ശ നീട്ടിക്കൊണ്ട് പോയ ഗവര്‍ണര്‍ പിന്നീടിത് രാഷ്ട്രപതിക്ക് കൈമാറി. ഇത് ചോദ്യം ചെയ്തുകൊണ്ട് പേരറിവാളന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

മൂന്നു പതിറ്റാണ്ടുകാലം നീണ്ട അസാധാരണമായ നിയമപോരാട്ടത്തിന്റെ കഥയാണ് പേരറിവാളന്റെ ജീവിതം. പത്തൊന്‍പതാമത്തെ വയസ്സിലാണ് പേരറിവാളന്‍ അറസ്റ്റിലാകുന്നത്. 1991 ജൂൺ 11ന് പെരിയാർ ചെന്നൈയിലെ തിഡലിൽവച്ചായിരുന്നു സിബിഐ സംഘം പേരറിവാളനെ അറസ്റ്റ് ചെയ്യുന്നത്.   രാജീവ് ഗാന്ധിയെ വധിക്കാനായി കൊലയാളികൾക്ക് സ്ഫോടക വസ്തുക്കൾക്കായി ഒമ്പത് വാട്ടിന്റെ രണ്ട് ബാറ്ററികൾ വാങ്ങിക്കൊടുത്തു എന്നതായിരുന്നു കുറ്റം. അന്ന് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ഡിപ്ലോമ പൂർത്തിയാക്കിയിരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ ബാറ്ററി വാങ്ങി നല്‍കിയത് എന്തിന് വേണ്ടിയാണെന്ന് പേരറിവാളന് അറിയില്ലായിരുന്നുവെന്ന് പിന്നീട് അന്വേഷണ സംഘാംഗം തന്നെ വെളിപ്പെടുത്തി. ഇതിനു പിന്നാലെ പേരറിവാളന്റെ മോചനത്തിനായി വിവിധ കോണുകളിൽ നിന്ന് ആവശ്യങ്ങൾ ഉയർന്നിരുന്നു. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേർ അദ്ദേഹത്തിന്റെ മോചനത്തിനായി രംഗത്തെത്തി.

മൂന്നു പതിറ്റാണ്ടുകാലം നീണ്ട അസാധാരണമായ നിയമപോരാട്ടത്തിന്റെ കഥയാണ് പേരറിവാളന്റെ നിയമപോരാട്ടം. പേരറിവാളനും മറ്റ് 25 പ്രതികൾക്കുമെതിരെ റദ്ദാക്കപ്പെട്ട ടാഡ നിയമപ്രകാരമാണ് (Tada Act)കേസെടുത്തത്. 1998ൽ ടാഡ വിചാരണാകോടതി ഇവര്‍ക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. ‌

1999 മെയിൽ സുപ്രീംകോടതി കേസിൽ 19 പേരെ വെറുതെവിട്ടെങ്കിലും  മുരുകൻ, ഭാര്യ നളിനി, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ, ശാന്തന്‍, പേരറിവാളൻ എന്നിവരിൽ നാലുപേർക്കെതിരെ വിചാരണാകോടതി വിധിച്ച വധശിക്ഷ ശരിവയ്ക്കുകയും ചെയ്തു.

2000 ൽ നളിനിയുടെ ദയാഹർജി തമിഴ്നാട് സർക്കാർ അംഗീകരിച്ചു. മറ്റുള്ളവരുടെ ഹർജികൾ രാഷ്ട്രപതിക്ക് അയച്ചു. ദയാഹർജിയിൽ തീരുമാനം വൈകുന്നത് ചൂണ്ടിക്കാട്ടി 2014ൽ സുപ്രീംകോടതി വധശിക്ഷ ജീവപര്യന്തമാക്കി കുറക്കുകയായിരുന്നു. കൂടാതെ സർക്കാരിന് ഇവരെ വെറുതെവിടാനുള്ള അവകാശവും നൽകി. ഇതിനു തൊട്ടടുത്ത ദിവസം അന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത ഏഴു പ്രതികളെയും വെറുതെവിടുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇത് പിന്നീട് സുപ്രിംകോടതി സ്‌റ്റേ ചെയ്തു.

രാജീവ് ഗാന്ധി വധക്കേസിൽ 31 വർഷമായി ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ് പേരറിവാളൻ. 26 വർഷത്തെ ജയിൽ വാസത്തിന് ശേഷം 2017 ജനുവരി 24നാണ് പേരറിവാളന് ആദ്യമായി പരോൾ അനുവദിച്ചത്. പിന്നീട് എട്ട് തവണ പേരറിവാളന് പരോൾ ലഭിച്ചു. ജയിൽ മോചനത്തിനായി ഗവർണർക്ക് അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു പേരറിവാളൻ.

What's Your Reaction?

like

dislike

love

funny

angry

sad

wow