ലങ്ക കത്തുന്നു; രാജിവച്ച മഹിന്ദ രാജപക്സെയുടെ വീടിന് തീയിട്ടു; 5 പേര്‍ കൊല്ലപ്പെട്ടു, 150 ലേറെ പേര്‍ക്ക് പരിക്ക്

May 10, 2022 - 15:49
 0
ലങ്ക കത്തുന്നു; രാജിവച്ച മഹിന്ദ രാജപക്സെയുടെ വീടിന് തീയിട്ടു; 5 പേര്‍ കൊല്ലപ്പെട്ടു, 150 ലേറെ പേര്‍ക്ക് പരിക്ക്

സര്‍ക്കാരിനെതിരെ നടന്ന പ്രക്ഷോഭങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവെച്ചതിനു പിന്നാലെ ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷം. പ്രതിഷേധക്കാര്‍ മഹിന്ദ രാജപക്‌സെയുടെ വീടിന് തീയിട്ടു. രാജപക്‌സെയുടെ കുരുനഗലയിലെ വീടിനാണ് തീയിട്ടത്. എംപി മഹിപാല ഹെറാത്തിന്റെ കെഗല്ലെയിലെ വീടിനും എംപി ജോണ്‍സ്ടണ്‍ ഫെര്‍ണാണ്ടോയുടെ കുരുനഗലയിലെ വീടിനും തിസ്സ കുത്തിയാരച്ഛിയുടെ ഉടമസ്ഥതയിലുള്ള ചെറുകിട വ്യാപാര കേന്ദ്രത്തിനും പ്രതിഷേധക്കാര്‍ തീയിട്ടിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധിയിൽ പൊറുതിമുട്ടിയ ജനത സർക്കാരിനെതിരെ കലാപത്തിലേക്ക് നീങ്ങിയതോടെ ശ്രീലങ്ക അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായി മാറി. ഇതുവരെ അഞ്ച് പേർ കൊല്ലപ്പെട്ടതായാണ് വിവരം.

രജപക്സെ അനുയായികളുമായി പോയ മൂന്ന് ബസുകൾ പ്രതിഷേധക്കാർ ആക്രമിച്ച് തകർത്തു. പ്രതിഷേധക്കാർ പ്രധാന പാതകളെല്ലാം പിടിച്ചെടുത്ത് സർക്കാർ അനുകൂലികളെ ആക്രമിക്കുകയാണെന്നാണ് കൊളംബോയിൽ നിന്നുള്ള വിവരം.

ഇതുവരെ 150 ലേറെ പേർക്ക് പരിക്കേറ്റതായാണ് ഇവിടെ നിന്ന് വരുന്ന വിവരം. എംപിയടക്കം കൊല്ലപ്പെട്ടു. രാജ്യമാകെ കർഫ്യൂ പ്രഖ്യാപിച്ചു. തലസ്ഥാനത്ത് സൈന്യത്തെ ഇറക്കി. 1948 ൽ ബ്രിട്ടന്റെ അധീനതയിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാരിനെതിരായ പ്രതിഷേധമാണ് കലാപത്തിലേക്കും തീയിടല്‍ അടക്കമുള്ള അക്രമങ്ങളിലക്കും വഴിമാറിയത്..

കലാപത്തിനിടെ ഭരണകക്ഷിയുടെ പാര്‍ലമെന്റംഗത്തെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എംപിയായ അമരകീര്‍ത്തി അത്തുകോറളയാണ് സംഘര്‍ഷത്തിനിടെ മരിച്ചത്. നിത്തംബുവയില്‍ തന്റെ കാര്‍ തടഞ്ഞ പ്രക്ഷോഭകര്‍ക്ക് നേരെ അമരകീര്‍ത്തി നിറയൊഴിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തൊട്ടടുത്ത കെട്ടിടത്തില്‍ അഭയം തേടിയ അമരകീര്‍ത്തിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ഇദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ജനജീവിതം ദുസ്സഹമായതോടെ പ്രധാനമന്ത്രി മഹീന്ദ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിനാളുകള്‍ തെരുവുകളിലേക്കിറങ്ങിയിരുന്നു. രാജി വെക്കാന്‍ നിര്‍ബന്ധിതനായതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാജപക്സെ സ്ഥാനമൊഴിയുകയും ചെയ്തു. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രസിഡന്റിന്റെ ഓഫീസിലേക്ക് പ്രക്ഷോഭകര്‍ ഇരച്ചുകയറുകയും സംഘര്‍ഷക്കാരും രാജപക്സെ അനുകൂലികളും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും ചെയ്തു.

കോവിഡ് വ്യാപനവും ഇന്ധനവില വര്‍ധനവും കൂടാതെ ജനസമ്മതി ഉറപ്പാക്കുന്നതിനായി രാജപക്സ സര്‍ക്കാര്‍ നടപ്പാക്കിയ നികുതി വെട്ടിച്ചുരുക്കലും സമ്പദ്ഘടനയെ ഏറെ പ്രതികൂലമായാണ് ബാധിച്ചത്. ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയുടെ ഇറക്കുമതി ഏറെക്കുറെ നിലച്ചതോടെ ആയിരക്കണക്കിന് ജനങ്ങളാണ് പ്രതിഷേധവുമായി തെരുവുകളിലേക്കിറങ്ങിയത്. അഞ്ചാഴ്ചയ്ക്കിടെ രണ്ട് തവണ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു

What's Your Reaction?

like

dislike

love

funny

angry

sad

wow