രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് ‌നിരോധനം; കർശനനിയമങ്ങളുള്ള മറ്റ് രാജ്യങ്ങൾ

May 6, 2022 - 19:03
May 6, 2022 - 19:05
 0
രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് ‌നിരോധനം; കർശനനിയമങ്ങളുള്ള മറ്റ് രാജ്യങ്ങൾ

രാജ്യത്ത് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ (Single-Use Plastic) സമ്പൂർണമായി നിരോധിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ജൂലൈ 1 മുതൽ ആയിരിക്കും രാജ്യമാകെ പൂർണനിരോധനം നടപ്പിലാക്കുക.


പ്ലാസ്റ്റിക് ഉപയോ​ഗം സംബന്ധിച്ച് കർശന നടപടികൾ സ്വീകരിച്ച മറ്റു ചില രാജ്യങ്ങളുമുണ്ട്. 2002ൽ, പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയ ആദ്യ രാജ്യമായി ബംഗ്ലാദേശ് മാറിയിരുന്നു. അതിനുശേഷം, മറ്റ് ചില രാജ്യങ്ങളും പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാ​ഗമായുള്ള തങ്ങളുടെ ശ്രമങ്ങൾ ശക്തമാക്കുകയും സമാനമായ നിരോധനങ്ങളോ നിയന്ത്രണങ്ങളോ ഏർപ്പെടുത്തുകയും ചെയ്തു. 2030-ഓടെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിർത്തലാക്കുമെന്ന് ഈ വർഷം മാർച്ചിൽ 170 രാജ്യങ്ങൾ പ്രതിജ്ഞയെടുത്തിരുന്നു. കെനിയയിലെ നെയ്‌റോബിയിൽ വെച്ചു നടന്ന യുഎൻ പരിസ്ഥിതി അസംബ്ലിയിൽ (UNEA) നടന്ന ആ പ്രതിജ്ഞയിൽ ഇന്ത്യയും പങ്കെടുത്തിരുന്നു.

പ്ലാസ്റ്റിക് ഉപയോ​ഗത്തിനെതിരെ ഫലപ്രദമായ നടപടികൾ സ്വീകരിക്കുകയും ബദൽ മാർ​ഗങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട്, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് പൂർണമായോ ഭാഗികമായോ നിരോധനം കൊണ്ടുവരുന്നതിൽ 80 ഓളം രാജ്യങ്ങൾ ഇതിനോടകം വിജയിച്ചിട്ടുണ്ട്. ഇതിൽ 30 രാജ്യങ്ങൾ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ആണെന്നതാണ് ശ്രദ്ധേയം.

ഉഗാണ്ട, ദക്ഷിണാഫ്രിക്ക, മലാവി, എത്യോപ്യ, റുവാണ്ട തുടങ്ങിയ രാജ്യങ്ങൾ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിരോധിച്ചതിന്റെ ഭാ​ഗമായി കർശന നയങ്ങൾ രൂപീകരിച്ചിട്ടുണ്ട്. 2017-ൽ കെനിയ പ്ലാസ്റ്റിക് ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം ഏറ്റവും കർക്കശമായ പ്ലാസ്റ്റിക് ബാഗ് നിരോധനമായാണ് കണക്കാക്കപ്പെടുന്നത്. പ്ലാസ്റ്റിക് സഞ്ചികൾ നിറഞ്ഞ് ഡ്രെയിനേജ് സംവിധാനങ്ങൾ
ബ്ലോക്ക് ആയി ഉണ്ടാകുന്ന കടുത്ത വെള്ളപ്പൊക്കം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാണ് കെനിയൻ സർക്കാർ നിരോധനത്തിലൂടെ ലക്ഷ്യമിട്ടത്.

2008ൽ പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയ മറ്റൊരു ആഫ്രിക്കൻ രാജ്യമാണ് റുവാണ്ട. അതിർത്തിയിൽ ലഗേജുകൾക്ക് വരെ പരിശോധന ഏർപ്പെടുത്തി കർശനമായ പ്ലാസ്റ്റിക് നിരോധന നയങ്ങൾ രാജ്യം സ്വീകരിച്ചു. ലംഘനം കണ്ടെത്തിയാൽ പിഴയോ ജയിൽ ശിക്ഷയോ വരെ ലഭിക്കാവുന്ന നിയമമാണ് സർക്കാർ ആവിഷ്കരിച്ചത്.

പ്ലാസ്റ്റിക് ബാഗുകൾ കൂടാതെ, മറ്റ് അപകടകരമായ പ്ലാസ്റ്റിക് മാലിന്യങ്ങളും നിരോധിക്കുന്ന ചില രാജ്യങ്ങളുണ്ട്. പ്ലാസ്റ്റിക് സ്ട്രോകളും ബാഗുകളും ബ്രിട്ടൻ നിരോധിച്ചിരുന്നു. സൗന്ദര്യവർദ്ധക വസ്തുക്കളിലും മറ്റുമുള്ള പ്ലാസ്റ്റിക് മൈക്രോബീഡുകൾ ഉപയോ​ഗിക്കുന്നത് അമേരിക്കയും നിരോധിച്ചിരുന്നു.

കേരളത്തിൽ 2020 ജനുവരി ഒന്നു മുതൽ പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നിരുന്നു. എന്നാൽ നിരോധനം നടപ്പിലായതോടെ പ്ലാസ്റ്റിക്കിന് പകരം എന്ന പേരിൽ നിരവധി ഉൽപ്പന്നങ്ങളാണ് മാർക്കറ്റിൽ എത്തുന്നത്. പരിസ്ഥിതി സൗഹൃദമാണെന്ന അവകാശവാദവുമായി പുതിയ ഉല്പന്നങ്ങളുമായി നിരവധിപേർ സർക്കാരിനു മുന്നിൽ എത്തി. എന്നാൽ ഇവയിൽ അധികവും പ്ലാസ്റ്റിക്കിനെക്കാൾ മാരകമാണ് എന്ന് കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക്കിന് പകരം എന്ന പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ഒഴിവാക്കാൻ പുതിയ മാർഗനിർദേശവും സർക്കാർ പുറത്തിറക്കിയിരുന്നു. പ്ലാസ്റ്റിക്കിന് പകരം തുണിയിലും കടലാസിലും തീർത്ത ബദൽ ഉൽപ്പന്നങ്ങൾ ഉപയോ​ഗിക്കാം എന്നായിരുന്നു സർക്കാർ നിർദേശം.

What's Your Reaction?

like

dislike

love

funny

angry

sad

wow