രാജ്ഭവൻ വളഞ്ഞ അഡീഷണൽ സെക്രട്ടറിമാരുൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർക്ക് ചീഫ് സെക്രട്ടറിയുടെ നോട്ടീസ്

ഗവർണർക്കെതിരെ ഇടതുമുന്നണി സംഘടിപ്പിച്ച രാജ്ഭവൻ വളയൽ സമരത്തിൽ പങ്കെടുത്ത സെക്രട്ടേറിയറ്റിലെ ഏഴ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകാൻ ചീഫ് സെക്രട്ടറി നിർദേശിച്ചു.

Nov 26, 2022 - 18:11
 0
രാജ്ഭവൻ വളഞ്ഞ അഡീഷണൽ സെക്രട്ടറിമാരുൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർക്ക് ചീഫ് സെക്രട്ടറിയുടെ നോട്ടീസ്

ഗവർണർക്കെതിരെ ഇടതുമുന്നണി സംഘടിപ്പിച്ച രാജ്ഭവൻ വളയൽ സമരത്തിൽ പങ്കെടുത്ത സെക്രട്ടേറിയറ്റിലെ ഏഴ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകാൻ ചീഫ് സെക്രട്ടറി നിർദേശിച്ചു. സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സംഘടനയുടെ ഏഴു നേതാക്കൾ മാർച്ചിൽ പങ്കെടുത്തു എന്നാണ് ബിജെപി നൽകിയ പരാതിയിലുള്ളത്. ഇതിൽ രണ്ടുപേർ അഡീഷണൽ സെക്രട്ടറിമാരാണ്.

സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം ലംഘിച്ച് രാഷ്ട്രീയ പരിപാടിയിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടി അറിയിക്കണമെന്ന് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി, ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. അഡീഷണൽ സെക്രട്ടറിമാരായ പി ഹണി, ഷൈനി, സെക്ഷൻ ഓഫീസർമാരായ ജി ശിവകുമാർ, ഇ നാസർ, കെ എൻ അശോക് കുമാർ, ഐ കവിത, ഓഫീസ് അറ്റൻഡന്റ് കല്ലുവിള അജിത് എന്നിവർക്കെതിരെയാണ് പരാതി.

ഗവർണർക്ക് നൽകുന്നതിന് മുൻപ് ബിജെപി നേതാക്കൾ ചീഫ് സെക്രട്ടറിക്കും പരാതി കൊടുത്തിരുന്നു. ഇതു സംബന്ധിച്ച് എന്തു നടപടി സ്വീകരിച്ചു എന്നാണ് രാജ്ഭവൻ ചോദിച്ചത്. രാജ്ഭവന്റെ കത്ത് ലഭിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥർക്കു കാരണം കാണിക്കൽ നോട്ടിസ് നൽകാൻ ചീഫ് സെക്രട്ടറി വി പി ജോയ് നിർദേശം നൽകുകയായിരുന്നു. ഇതനുസരിച്ച് പൊതുഭരണ, ധന സെക്രട്ടറിമാർ ഇവർക്കു കാരണം കാണിക്കൽ നോട്ടിസ് നൽകും. വിശദീകരണം ലഭിച്ച ശേഷം സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോർട്ട് ചീഫ് സെക്രട്ടറിക്കു നൽകും. ഇതു ക്രോഡീകരിച്ച് രാജ്ഭവനെ ചീഫ് സെക്രട്ടറി അറിയിക്കും.

 

കേരള സർവകലാശാലയിലെ ഉദ്യോഗസ്ഥരും സമരത്തിൽ പങ്കെടുത്തുവെന്ന പരാതി രാജ്ഭവൻ പരിശോധിക്കുകയാണെന്നാണ് വിവരം. ഈ മാസം 15ന് നടന്ന സമരത്തിൽ സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുത്തതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ആരോപണം ഉന്നയിച്ചത്. തുടർന്ന് ഉദ്യോഗസ്ഥരുടെ പേരും അവർ മാർച്ചിൽ പങ്കെടുക്കുന്ന വിഡിയോയും ചിത്രങ്ങളും ഉൾപ്പെടെ ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് പരാതി നൽകി.

രാഷ്ട്രീയ പ്രവർത്തനം നടത്തിയെന്ന് തെളിഞ്ഞാൽ സർക്കാർ ഉദ്യോഗസ്ഥരുടെ കോഡ് ഓഫ് കോണ്ടക്ട് റൂൾസ്, ക്ലാസിഫിക്കേഷൻ കൺട്രോൾ ആൻഡ് അപ്പീൽ റൂൾസ് എന്നിവ അനുസരിച്ച് സർവീസിൽ നിന്ന് പിരിച്ചുവിടാൻ വ്യവസ്ഥയുണ്ട്. ഇൻക്രിമെന്റ് തടയുന്ന പോലെയുള്ള നടപടികളും സ്വകരിക്കാം. സമാന കുറ്റം ചെയ്തതിന് മുൻപ് പല ഉദ്യോഗസ്ഥരെയും പിരിച്ചു വിട്ടിട്ടുണ്ട്.

നടപടി ആവശ്യപ്പെടില്ല: ഗവർണർ

അതേസമയം, രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിൽ പ്രതികരിച്ചു. തന്റെ ശ്രദ്ധ അതിലും വലിയ വിഷയമായ സർവകലാശാലകളുടെ കാര്യത്തിലാണ്. മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടും അനധികൃത ഇടപെടൽ തുടർന്നപ്പോൾ പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. കോടതി ഉത്തരവുകളുടെ വെളിച്ചത്തിൽ സർവകലാശാലകളെ രക്ഷിക്കാനാകുമെന്ന പ്രത്യാശയുണ്ട്. നിയമസഭ പാസാക്കിയ നിയമപ്രകാരം ചാൻസലറായ ഗവർണർക്കാണ് സർവകലാശാലകളിൽ അധികാരം. ലക്ഷ്മണരേഖ പാലിക്കാൻ എല്ലാവരും തയാറാകണമെന്നും ഗവർണർ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow