കപ്പ് അടിച്ചാൽ കേരള ടീമിന് ഒരു കോടി രൂപ സമ്മാനം ; പ്രഖ്യാപനവുമായി പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിൽ

Santhosh Trophy 2022 Final Kerala vs West Bengal വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ ചയർമാനായ ഷംഷീർ ട്വിറ്ററിലുടെയാണ് സമ്മാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. മെയ് രണ്ടിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വെച്ച് രാത്രി എട്ട് മണിക്കാണ് കേരളത്തിന്റെ കലാശപ്പോരാട്ടം.പശ്ചിമ ബംഗാളാണ് എതിരാളികൾ.

കപ്പ് അടിച്ചാൽ കേരള ടീമിന് ഒരു കോടി രൂപ സമ്മാനം ; പ്രഖ്യാപനവുമായി പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിൽ

കേരളം സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനലിൽ ജയിച്ചാൽ ടീമിന് ഒരു കോടി രൂപ സമ്മാനമായി നൽകുമെന്ന് പ്രവാസി സംരംഭകൻ ഡോ.ഷംഷീർ വയലിൽ. വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ ചയർമാനായ ഷംഷീർ ട്വിറ്ററിലുടെയാണ് സമ്മാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇന്ന് മെയ് രണ്ടിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വെച്ച് രാത്രി എട്ട് മണിക്കാണ് കേരളത്തിന്റെ കലാശപ്പോരാട്ടം. പശ്ചിമ ബംഗാളാണ് എതിരാളികൾ.

"ടീം കേരള, ഇന്നത്തെ സന്തോഷ് ട്രോഫി ഫൈനലിന് എല്ലാവിധ ആശംസകൾ. ഇന്ത്യൻ ഫുട്ബോളിലെ മോഹിപ്പിക്കുന്ന ഈ കീരിടം സ്വന്തമാക്കിയാൽ ഒരു കോടി രൂപ സമ്മാനമായി നൽകുമെന്ന് സന്തോഷത്തോടെ അറിയിക്കുന്നു" ഡോ.ഷംഷീർ വയലിൽ ട്വിറ്ററിൽ കുറിച്ചു.  നേരത്തെ ഇത്തരത്തിൽ ടോക്കിയോ ഒളിമ്പിക്സ് മെഡൽ ജേതാവ് പി ആർ ശ്രീജേഷിന് ഷംഷീർ വയലിൽ ഒരു കോടി രൂപ പാരിതോഷികം നൽകിയിരുന്നു.

15 ഫൈനലുകൾക്ക് ബൂട്ടണിഞ്ഞിട്ടുള്ള കേരളത്തിന് ഇതുവരെ നേടാനായത് ആറ് സന്തോഷ് ട്രോഫി കിരീടമാണ്. എതിരാളികളായ ബംഗാൾ 32 തവണയാണ് സന്തോഷ് ട്രോഫി സ്വന്തമാക്കിയത്. ഇതിന് മുമ്പ് കേരളവും ബംഗാളും 2018ലാണ് സന്തോഷ് ട്രോഫിയുടെ കലാശപ്പോരട്ടത്തിനായി ഏറ്റമുട്ടിയത്. അന്നായിരുന്നു കേരളം ആറാമതായി സന്തോഷ് ട്രോഫിയിൽ മുത്തമിടുന്നത്. 

സീസണിലെ ഗ്രൂപ്പ് ഘട്ടം മത്സരത്തിൽ പശ്ചിമ ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തതിന്റെ മേൽക്കോയ്മ കേരളത്തിനുണ്ട്. സെമി ഫൈനലിൽ കർണാടകയെ മൂന്നിനെതിരെ ഏഴ് ഗോളുകൾക്ക് തകർത്താണ് കേരളം ഫൈനലിലേക്കെത്തിയത്. മണിപ്പൂരിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ബംഗളിന്റെ കലാശപ്പോരാട്ടത്തിനുള്ള പ്രവേശനം.  വൈകിട്ട് എട്ട് മണിക്ക് ആരംഭിക്കുന്ന മത്സരത്തിൽ ലൈവ് കാസ്റ്റിങ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ഔദ്യോഗിക ഫേസ്ബുക്ക് പങ്കുവെക്കുന്നതാണ്.