ലോകകപ്പ് ചരിത്രത്തിലാദ്യം; ഉദ്ഘാടന മത്സരത്തിൽ പരാജയപ്പെടുന്ന ആതിഥേയ രാജ്യമായി ഖത്തർ

Nov 21, 2022 - 17:39
 0
ലോകകപ്പ് ചരിത്രത്തിലാദ്യം; ഉദ്ഘാടന മത്സരത്തിൽ പരാജയപ്പെടുന്ന ആതിഥേയ രാജ്യമായി ഖത്തർ

ലോകകപ്പ് ഫുട്ബോളിന്‍റെ ചരിത്രത്തിലാദ്യമായി ഉദ്ഘാടന മത്സരത്തില്‍ തോല്‍വി ഏറ്റവാങ്ങിയ ആതിഥേയ രാജ്യമായി ഖത്തര്‍. ഇന്നലെ അല്‍ബെയ്ത്ത് സ്റ്റേഡിയത്തില്‍ നടന്ന 2022 ഫുട്ബോള്‍ ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനോട് 2 ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു.

മുന്‍പ് നടന്ന ലോകകപ്പകളുടെ ഉദ്ഘാടന മത്സരങ്ങളില്‍ 22 ആതിഥേയ രാജ്യങ്ങളില്‍ 16 ടീം വിജയിക്കുകയും 6 ടീമുകള്‍ സമനില വഴങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഉദ്ഘാടന മത്സരത്തില്‍ പരാജയപ്പെടുന്ന ആദ്യ ആതിഥേയ രാജ്യം എന്ന നാണക്കേട് ഖത്തറിന് ഏറ്റുവാങ്ങേണ്ടി വന്നു.

ഇക്വഡോറിന് വേണ്ടി നായകൻ എന്നർ വലൻസിയ ആദ്യ പകുതിയില്‍ നേടിയ രണ്ട് ഗോളുകളാണ് ഖത്തറിന്‍റെ തോല്‍വിക്ക് വഴിയൊരുക്കിയത്. 16-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെയാണ് വലൻസിയ ആദ്യ ഗോൾ നേടിയത്. 31-ാം മിനിട്ടിൽ തകർപ്പനൊരു ഹെഡറിലൂടെ വലൻസിയ രണ്ടാം ഗോൾ നേടി. പ്രെസിയാഡോ മറിച്ചുനൽകിയ ക്രോസിൽനിന്നായിരുന്നു വലൻസിയയുടെ ഗോൾ.

ഈ ഗോളോടെ, ഇക്വഡോറിനുവേണ്ടി ലോകകപ്പിൽ അഞ്ച് ഗോളെന്ന നേട്ടത്തിലെത്താനും വലൻസിയയ്ക്ക് കഴിഞ്ഞു. ഇക്വഡോറിന് വേണ്ടി ലോകകപ്പിൽ ഏറ്റവുമധികം ഗോൾ നേടിയ താരമെന്ന നേട്ടവും വലൻസിയ സ്വന്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow