കിഴക്കന്‍ യുക്രൈന്‍ വിമത മേഖലകളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച് പുടിന്‍: ആശങ്ക

കിഴക്കന്‍ യുക്രൈന്‍(Ukraine) വിമത മേഖലകളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച് റഷ്യന്‍(Russia) പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍(Vladimir Putin). പുതിയ പ്രഖ്യാപനത്തോടെ യുക്രൈന്‍ പ്രതിസന്ധിയ്ക്ക്(Ukraine Crisis) ആഘാതം കൂട്ടുന്നതാണ്.

Feb 22, 2022 - 06:55
 0

കിഴക്കന്‍ യുക്രൈന്‍(Ukraine) വിമത മേഖലകളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച് റഷ്യന്‍(Russia) പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍(Vladimir Putin). പുതിയ പ്രഖ്യാപനത്തോടെ യുക്രൈന്‍ പ്രതിസന്ധിയ്ക്ക്(Ukraine Crisis) ആഘാതം കൂട്ടുന്നതാണ്. 2014 മുതല്‍ റഷ്യന്‍ പിന്തുണയോടെ യുക്രൈന്‍ സൈന്യവുമായി ഏറ്റുമുട്ടി കൊണ്ടിരിക്കുന്ന ഡൊണെറ്റ്‌സ്‌കിനേയും ലുഹാന്‍സ്‌കിനെയുമാണ് റഷ്യ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ചത്.

ആധുനിക യുക്രെയ്‌നെ കമ്യൂണിസ്റ്റ് റഷ്യ സൃഷ്ടിച്ചതാണെന്നും യുക്രൈന് തങ്ങളുടെ ചരിത്രത്തില്‍ സുപ്രധാന പങ്കുണ്ടെന്ന് പുടിന്‍ പറഞ്ഞു. ''യുക്രൈന്‍ യുഎസ് കോളനിയായി മാറി. റഷ്യയ്‌ക്കെതിരായ പോരാട്ടത്തിനുള്ള സേനാതാവളമായി യുക്രെയ്‌നെ മാറ്റുകയാണ് നാറ്റോയുടെ ലക്ഷ്യം. യുക്രൈനെ നാറ്റോ ആയുധപ്പുരയാക്കി'' പുടിന്‍ പറഞ്ഞു

യുക്രൈന്‍-റഷ്യ സമാധാന ചര്‍ച്ചകള്‍ കനത്ത ആഘാതം സൃഷ്ടിക്കുന്നതാണ് പുടിന്റെ പ്രഖ്യാപനം. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പുടിന്‍ പ്രഖ്യാപനം നടത്തിയത്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ യുക്രൈന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഇന്ന് അടിയന്തര യോഗം ചേരും

വിമതരുടെ നിയന്ത്രണത്തിലുള്ള ഡോണെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക് മേഖലകളില്‍ റഷ്യന്‍ സൈന്യത്തെ വിന്യസിക്കാന്‍ വഴിയൊരുക്കുന്നതാണ് പുതിയ നീക്കത്തിന് പിന്നില്‍. കിഴക്കാന്‍ മേഖലകളിലേക്ക് റഷ്യന്‍ സൈന്യത്തിന് വേഗത്തില്‍ പ്രവേശിക്കാന്‍ നടപടിയിലൂടെ കഴിയുമെന്ന് യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ ആശങ്കപ്പെടുന്നു.

യുക്രൈന്‍ പരമാധികരത്തിന്‍മേല്‍ കടന്നുകയറി കൊണ്ട് അന്തരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു. അതേസമയം യുക്രൈന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂറോപ്യന്‍ യൂണിയന്‍ രംഗത്തെത്തി.

 യുക്രൈന്‍ അതിര്‍ത്തിയില്‍ ഒന്നരലക്ഷത്തോളം സൈനികരെ വിന്യസിച്ചുകൊണ്ട് റഷ്യ കടന്നുകയറ്റത്തിനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങള്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow