അടിവസ്ത്രത്തിലും സോക്‌സിലുമായി സ്വർണം കടത്താൻ ശ്രമം; കരിപ്പൂരിൽ ഗർഭിണിയും ഭർത്താവും പിടിയിൽ

അടിവസ്ത്രത്തിലും സോക്‌സിലുമായി സ്വർണം കടത്താൻ (Gold Seized) ശ്രമിച്ച ദമ്പതികൾ കരിപ്പൂർ വിമാനത്താവളത്തിൽവെച്ച് പിടിയിലായി. ഇവരിൽനിന്ന് ഏഴ് കിലോ മൂന്നൂറ് ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. കസ്റ്റംസാണ് സ്വർണം പിടികൂടി ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ അമ്മിനിക്കാട് സ്വദേശി അബ്ദുസമദും, ഭാര്യ സഫ്ന അബ്ദുസമദുമാണ് സ്വര്‍ണം കടത്തിയത്. അബ്ദുസമദ് കടത്തിയത് 3672 ഗ്രാം സ്വര്‍ണവും ഭാര്യ സഫ്ന 3642 ഗ്രാം സ്വര്‍ണവുമാണ് കൊണ്ടുവന്നത്.

ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലും സോക്സിലും ഒളിപ്പിച്ചാണ് ഇരുവരും സ്വര്‍ണം കടത്തിയത്. ദുബായില്‍ നിന്നാണ് ഇവര്‍ കരിപ്പൂരിൽ എത്തിയത്. ഇന്നലെയും കരിപ്പൂരില്‍ സ്വര്‍ണം കടത്താന്‍ ശ്രമം നടന്നിരുന്നു. ആറ് കിലോ സ്വര്‍ണവുമായി ആറ് യാത്രികരാണ് ഇന്നലെ കരിപ്പൂരില്‍ പിടിയിലായത്.