സജി ചെറിയാൻ ഭരണഘടനയെ അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് റിപ്പോ‍ര്‍ട്ട്; കേസ് തീർപ്പാക്കും

Dec 5, 2022 - 15:42
Dec 5, 2022 - 15:42
 0
സജി ചെറിയാൻ ഭരണഘടനയെ അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് റിപ്പോ‍ര്‍ട്ട്; കേസ് തീർപ്പാക്കും

ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെതിരെയുള്ള കേസ് പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും. സജി ചെറിയാൻ ഭരണഘടനയെ അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്.തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് നൽകുക.

എന്നാൽ പൊലീസിന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാരൻ. സജിചെറിയാനെതിരെയുള്ള പരാതി നിലനിൽക്കില്ലെന്ന് അന്നേ സർക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. മല്ലപ്പള്ളി പ്രസംഗത്തിൽ കോടതി ഉത്തരവ് പ്രകാരമാണ് പൊലീസ് കേസെടുത്തത്.

 

രാജിവച്ചത് മന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് ഭരണഘടനയ്ക്കെതിരെ പ്രസംഗിച്ചതിലെ ധാർമിക വശം ഉയർത്തിക്കാട്ടിയാണ്. സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാടും രാജി തീരുമാനത്തിൽ നിർണായകമായിരുന്നു. സജി ചെറിയാൻ രാജിവച്ചപ്പോൾ പകരം മന്ത്രിയെ സിപിഎം തീരുമാനിച്ചിരുന്നില്ല. അതിനുശേഷം എംവി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായപ്പോൾ എം ബി രാജേഷ് മന്ത്രിസഭയിലെത്തി.

ഈ വര്‍ഷം ജൂലൈ മൂന്നിനാണ് പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയിൽ വച്ച് സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചത്. സിപിഎം എരിയ കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സെമിനാറുമായി ബന്ധപ്പെട്ട പ്രതിവാര യോഗമായിരുന്നു പരിപാടി.

 

‘മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മളെല്ലാം പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്‌. ബ്രിട്ടിഷുകാരന്‍ പറഞ്ഞ് തയാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാരൻ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല, ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും. ഇതിന്റെ മുക്കും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ്‌ ഇതിന്റെ ഉദ്ദേശ്യം’ ഇതായിരുന്നു സജി ചെറിയാന്റെ വിവാദ പരാമര്‍ശം.

What's Your Reaction?

like

dislike

love

funny

angry

sad

wow