ഇന്ത്യ, പാകിസ്ഥാന്‍, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ: നാല് രാജ്യങ്ങളെ ഉള്‍പ്പെടുത്തി ടി20 പരമ്പര; ഇന്ത്യയുടെ പിന്തുണ തേടി പാക് ക്രിക്കറ്റ് ബോര്‍ഡ്

ഇന്ത്യ, പാകിസ്ഥാന്‍, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ നാല് രാജ്യങ്ങളെ ഉള്‍പ്പെടുത്തി ടി20 പരമ്പര സംഘടിപ്പിക്കാനൊരുങ്ങി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്(PCB). പിസിബി തലവന്‍ റമീസ് രാജയാണ് (Ramiz Raja) പുതിയ ടൂര്‍ണമെന്റിനുള്ള പദ്ധതി മുന്നോട്ട് വച്ചിരിക്കുന്നത്.

Jan 12, 2022 - 11:57
 0

ഇന്ത്യ, പാകിസ്ഥാന്‍, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ നാല് രാജ്യങ്ങളെ ഉള്‍പ്പെടുത്തി ടി20 പരമ്പര സംഘടിപ്പിക്കാനൊരുങ്ങി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്(PCB). പിസിബി തലവന്‍ റമീസ് രാജയാണ് (Ramiz Raja) പുതിയ ടൂര്‍ണമെന്റിനുള്ള പദ്ധതി മുന്നോട്ട് വച്ചിരിക്കുന്നത്.

എന്നാല്‍ ഇതിനോട് അനുകൂല നിലപാട് ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാകുവാന്‍ സാധ്യത കുറവാണ്. നേരത്തെ രാഷ്ട്രീയവും കായികവും തമ്മില്‍ കൂട്ടിക്കലര്‍ത്തരുതെന്നും ഇന്ത്യ പാകിസ്ഥാനുമായി പരമ്പരക്ക് തയ്യാറാകണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടിരുന്നു.

എല്ലാ വര്‍ഷവും ഈ ചതുര്‍രാഷ്ട്ര പരമ്പര സംഘടിപ്പിക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നത്. ഈ പരമ്പര സാധ്യമാവുകയാണെങ്കില്‍ അതില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലം എല്ലാ ഐസിസി അംഗങ്ങള്‍ക്കുമായി പങ്കുവെക്കുമെന്ന് റമീസ് രാജ പറഞ്ഞു. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഈ നീക്കത്തോട് ബിസിസിഐ ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് ബോര്‍ഡുകള്‍ എങ്ങനെ പ്രതികരിക്കും എന്നതാണ് ശ്രദ്ധേയം.

ഇന്ത്യ- പാകിസ്ഥാന്‍ രാഷ്ട്രീയ പ്രശ്നങ്ങള്‍ മൂലം രണ്ട് രാജ്യങ്ങളും തമ്മിലുള്ള കായിക മത്സരങ്ങളെല്ലാം നിര്‍ത്തിവെച്ചിട്ട് നാളുകളേറെയായി. നിലവില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് രണ്ട് ടീമും ഏറ്റുമുട്ടുന്നത്. ഇത്തവണത്തെ ടി20 ലോകകപ്പിലാണ് ഇന്ത്യയും പാകിസ്ഥാനും അവസാനമായി കളിച്ചത്. അന്ന് ലോകകപ്പില്‍ ഇന്ത്യക്കെതിരായ ആദ്യ ജയം പാകിസ്ഥാന്‍ നേടിയിരുന്നു.

ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍ വേദിയായാല്‍ കളിക്കില്ലെന്ന ശക്തമായ നിലപാടുവരെ ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയോട് കളിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് പല തവണ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തിയിരുന്നു. എന്നാല്‍ അപ്പോഴെല്ലാം അനുകൂലമായല്ല ഇന്ത്യ പ്രതികരിച്ചത്. ഇപ്പോഴിതാ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം വേണമെന്ന് ആവിശ്യപ്പെട്ട് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് പിസിബി.

What's Your Reaction?

like

dislike

love

funny

angry

sad

wow