Nehru Trophy Boat Race| നെഹ്‌റു ട്രോഫി വള്ളംകളി സെപ്തംബറില്‍; പുന്നമടക്കായലിലെ ജലമേള നടക്കുന്നത് മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം

മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ആലപ്പുഴ പുന്നമടക്കായലില്‍ വീണ്ടും നെഹ്റുട്രോഫി (Nehru Trophy) വള്ളംകളിയെത്തുന്നു. ഈ വർഷത്തെ നെഹ്‌റു ട്രോഫി ജലോത്സവം സെപ്റ്റംബർ നാലിന് നടത്താനാണ് ധാരണയായത്.

Jun 22, 2022 - 02:39
 0
Nehru Trophy Boat Race| നെഹ്‌റു ട്രോഫി വള്ളംകളി സെപ്തംബറില്‍; പുന്നമടക്കായലിലെ ജലമേള നടക്കുന്നത് മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം

മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ആലപ്പുഴ പുന്നമടക്കായലില്‍ വീണ്ടും നെഹ്റുട്രോഫി (Nehru Trophy) വള്ളംകളിയെത്തുന്നു. ഈ വർഷത്തെ നെഹ്‌റു ട്രോഫി ജലോത്സവം സെപ്റ്റംബർ നാലിന് നടത്താനാണ് ധാരണയായത്. ചരിത്ര പ്രസിദ്ധമായ നെഹ്റു ട്രോഫി ജലമേള പുന്നമടക്കായലിൽ സെപ്റ്റംബർ നാലിന് നടത്താനാണ് ധാരണ. കായല്‍ ടൂറിസത്തിന്‍റെ വളര്‍ച്ചയ്ക്ക് വള്ളംകളി ഉത്തേജനം പകരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കോവിഡും വെള്ളപ്പൊക്കവും കാരണം മൂന്നുവര്‍ഷമായി പുന്നമടക്കായലിലെ ഓളപ്പരപ്പിൽ നെഹ്റു ട്രോഫി വള്ളംകളി നടത്താൻ സാധിച്ചിരുന്നില്ല. കരക്കാര്‍ക്കും ബോട്ട് ക്ലബുകള്‍ക്കും ഇനി ഒരുക്കത്തിന്‍റെയും പരിശീലനത്തിന്‍റെയും നാളുകളാണ്. കുട്ടനാടിന്‍റെ കൈക്കരുത്തും മെയ്ക്കരുത്തും പുന്നമടയില്‍ ദൃശ്യമാകും. സെപ്റ്റംബര്‍ നാലിന് വള്ളംകളി നടത്താന്‍ പിപി ചിത്തര‍​ഞ്ജന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നെഹ്റു ട്രോഫി വള്ളംകളി കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. തീയതിക്ക് അന്തിമ അംഗീകാരം നൽകേണ്ടത് സംസ്ഥാന സർക്കാരാണ്.

സെപ്റ്റബർ 11 ന് നടത്തുന്നതിനുള്ള സാധ്യത നേരത്തെ പരിഗണിച്ചിരുന്നെങ്കിലും സെപ്റ്റംബർ 10 ന് മറ്റ് വള്ളം കളികൾ നടത്തുന്ന സാഹചര്യം കണക്കിലെടുത്താണ് സർക്കാർ നിർദേശപ്രകാരം എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം ചേർന്ന് പുതിയ തീയതി സംബന്ധിച്ച് ധാരണയുണ്ടാക്കിയത്. ടൂറിസം വകുപ്പ് തീയതി അംഗീകരിച്ച ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു

ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായാണ് നെഹ്റു ട്രോഫി നടക്കുക. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ പ്രാഥമിക മൽസരങ്ങൾ നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായി നടത്തും. തളര്‍ന്നു കിടക്കുന്ന കായല്‍ ടൂറിസം മേഖലയക്ക് വള്ളകളിയെത്തുന്നതോടെ കൂടുതല്‍ ഉണര്‍വ് ലഭിക്കും. നേരത്തെ ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് വള്ളംകളി സ്ഥിരമായി നടത്തിയിരുന്നത്. ചമ്പക്കുളത്താറ്റില്‍ നടക്കുന്ന വള്ളംകളിയോടെയാണ് ജലോത്സവ സീസണ് തുടക്കമാകുന്നത്.

കേരളത്തിലെ പ്രധാന വള്ളം കളി മത്സരങ്ങളെ കോര്‍ത്തിണക്കി നടത്തുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിന് (സിബിഎല്‍) സെപ്റ്റംബര്‍ മുതല്‍ തുടക്കമാകുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ഇതിന് മുമ്പ് ഒരിക്കല്‍ മാത്രമാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് സംഘടിപ്പിക്കാന്‍ സാധിച്ചത്. കോവിഡും മറ്റ് തടസ്സങ്ങളും കാരണം പിന്നീട് സിബിഎല്‍ തുടരാന്‍ സാധിച്ചില്ല. ചാമ്പ്യന്‍സ് ബോട്ട് ലീഗ് കേരള ടൂറിസത്തിന് ഉണര്‍വ്വേകും എന്ന് കണ്ടുകൊണ്ടാണ് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്തവണ സിബിഎല്‍ സംഘടിപ്പിക്കണമെന്ന് ടൂറിസം വകുപ്പ് നിശ്ചയിച്ചിട്ടുള്ളത്.

ബോട്ട് ലീഗ് നടത്തുന്നതുമായി ബന്ധപ്പെട്ട യോഗത്തില്‍, രണ്ടാമത് ചാമ്പ്യന്‍സ് ബോട്ട് ലീഗ് വിപുലമായി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നവംബര്‍ 26 ന് കൊല്ലത്ത് അഷ്ടമുടിക്കായലില്‍ നടത്തുന്ന പ്രസിഡന്റ്സ് ട്രോഫി മത്സരത്തോടെയാണ് ബോട്ട് ലീഗ് അവസാനിക്കുക. ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ കേരളത്തിലെ വിവിധ ജില്ലകളിലുള്ള 12 വള്ളംകളികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നെഹ്റു ട്രോഫി ആലപ്പുഴ, താഴത്തങ്ങാടി കോട്ടയം, പുളിങ്കുന്ന് ആലപ്പുഴ, പിറവം എറണാകുളം, മറൈന്‍ ഡ്രൈവ് എറണാകുളം, കോട്ടപ്പുറം തൃശൂര്‍, കൈനകരി ആലപ്പുഴ, കരുവാറ്റ ആലപ്പുഴ, മാന്നാര്‍ പത്തനംതിട്ട, കായംകുളം ആലപ്പുഴ, കല്ലട കൊല്ലം, പ്രസിഡന്റ്സ് ട്രോഫി കൊല്ലം എന്നിങ്ങനെ സിബിഎല്ലില്‍ 12 വള്ളംകളികളാണ് സംഘടിപ്പിക്കുന്നത്. ഇതുകൂടാതെ ഇത്തവണ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ചാലിയാര്‍ പുഴയില്‍ ചെറു വള്ളങ്ങളുടെ പ്രത്യേക മത്സരങ്ങളും നടത്തുന്നുണ്ടെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി.

മിഥുന മാസത്തിലെ (ജൂണ്‍-ജൂലൈ) മൂലം നാളില്‍ നടക്കുന്ന ആലപ്പുഴയിലെ ചമ്പക്കുളം മൂലം വള്ളംകളിയോടെയാണ് ജലോത്സവ സീസണ് തുടക്കമാകുന്നത്. മൂലം ജലോത്സവത്തില്‍ നേരത്തെ ഒമ്പത് ചുണ്ടന്‍ വള്ളങ്ങളും ആറ് വീതം വിവിധ ഗ്രേഡില്‍ വെപ്പ്, ഇരുട്ടുകുത്തി വള്ളങ്ങളും മത്സരിച്ചിരുന്നു. ഈ വര്‍ഷം നിലവില്‍ ആറ് ചുണ്ടനും മൂന്ന് വീതം എ ഗ്രേഡ് വെപ്പ്, ഇരുട്ടുകുത്തി എന്നിവ മാത്രം മതിയെന്നാണ് ജനറല്‍ബോഡിയില്‍ തീരുമാനം.

What's Your Reaction?

like

dislike

love

funny

angry

sad

wow