ഹൃദയം' തൊടുന്ന സംഗീതം ഒരുക്കിയ ഹിഷാം അബ്ദുൽ വഹാബ് തെലുങ്കിലേക്ക്; വിജയ് ദേവർക്കൊണ്ട - സാമന്ത ചിത്രം 'ഖുശി'യിൽ തുടക്കം

ജനലക്ഷങ്ങൾ ഹൃദയത്തിലേറ്റിയ 'ഹൃദയം' സിനിമയിലെ ദർശനാ... എന്ന ഗാനം ഒരുക്കിയ ഹിഷാം അബ്ദുൾ വഹാബ് (Hesham Abdul Wahab) തെലുങ്കിലേക്ക്.

ഹൃദയം' തൊടുന്ന സംഗീതം ഒരുക്കിയ ഹിഷാം അബ്ദുൽ വഹാബ് തെലുങ്കിലേക്ക്; വിജയ് ദേവർക്കൊണ്ട - സാമന്ത ചിത്രം 'ഖുശി'യിൽ തുടക്കം

ജനലക്ഷങ്ങൾ ഹൃദയത്തിലേറ്റിയ 'ഹൃദയം' സിനിമയിലെ ദർശനാ... എന്ന ഗാനം ഒരുക്കിയ ഹിഷാം അബ്ദുൾ വഹാബ് (Hesham Abdul Wahab) തെലുങ്കിലേക്ക്. വിജയ് ദേവർക്കൊണ്ടയുടെ പന്ത്രണ്ടാമത് ചിത്രമായ ഖുശിയിൽ സാമന്തയാണ് നായികയാകുന്നത്. നിന്നു കോരി, മജിലി, ടക്ക് ജഗദീഷ് തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ശിവ നിർവാണയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കുന്നത് ഹിഷാം തന്നെയാണ്.

എ.ആർ. റഹ്മാൻ, അനിരുദ്ധ് എന്നിവരെയാണ് ശിവ ചിത്രത്തിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നത് എങ്കിലും അവസാനം അത് ഹിഷാം അബ്ദുൾ വഹാബിലേക്ക് എത്തുകയായിരുന്നു. ഹൃദയത്തിലെ ഗാനങ്ങൾ തുടർച്ചയായി കേട്ടിരുന്ന ശിവ അതുവഴിയെയാണ് ഹിഷാമിലേക്ക് എത്തിയത്.

ചിത്രത്തിലെ ഗാനങ്ങളുടെ കമ്പോസിങ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഹൃദയത്തിന് ശേഷം വലിയൊരു ആൽബം ചെയ്യണമെന്ന തന്റെ ആഗ്രഹം ഖുശിയിലൂടെ പൂർത്തീകരിക്കുകയാണ് എന്നാണ് ഹിഷാം വെളിപ്പെടുത്തിയത്. പുഷ്പക്ക് ശേഷം മൈത്രി മൂവി മേക്കേഴ്‌സ് നിർമിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണിത്. കാശ്മീരാണ് പ്രധാന ലൊക്കേഷൻ. ഡിസംബറിൽ ചിത്രം തിയെറ്ററുകളിലെത്തും.

മലയാളത്തിന്റെ 'ദർശന', പിറവിക്കും മുൻപേ കടൽകടന്ന പാട്ടാണ്. "ഈ ഗാനത്തിൽ അന്താരാഷ്ട്ര നിലവാരം ഉണ്ടാവണമെന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ആശങ്കയായിരുന്നു. മലയാള സിനിമാ സംഗീതം പാൻ-ഇന്ത്യ തലത്തിൽ എത്തിക്കാൻ പരമാവധി പരിശ്രമിക്കുക എന്നതാണ് എന്റെ ആത്യന്തിക ലക്‌ഷ്യം. അതിലേക്കുള്ള ഒരു പടിയാവും ഹൃദയം സിനിമയും അതിലെ സംഗീതവും.

ഇൻസ്ട്രുമെന്റേഷനും മിക്സിങ്ങും അൽപ്പം സമയമെടുത്ത് ചെയ്യേണ്ടിവന്നു. ടർക്കിയിലെ ഇസ്താൻബുളിൽ പോയാണ് റെക്കോർഡ് ചെയ്തത്. മലയാള സംഗീത മേഖലയിൽ സജീവമല്ലാത്ത ചില സംഗീതോപകരണങ്ങൾ ഈ ഗാനത്തിൽ ഉപയോഗിച്ചിട്ടുണ്ട്. പകുതിയിലേറെ ഭാഗം ഇസ്താൻബുളിൽ വച്ചാണ് ചെയ്തത്.


ബഗ്‌ലാമാ, ഔദ്, ഖാനൂൻ, ടർക്കിഷ് ദുദുക് തുടങ്ങിയവ ദർശനയിൽ ഉൾപ്പെട്ടിരുന്നു. ഈ നാലും പരമ്പരാഗത ടർക്കിഷ് വാദ്യോപകരണങ്ങളാണ്. ഇത്രയും മാത്രമാണ് ഒരു ഗാനത്തിൽ വരുന്നതെങ്കിൽ അതിനൊരു അറബിക്, മെഡിറ്ററേനിയൻ ഛായ ഉണ്ടാവണം. എന്നാൽ മലയാളത്തിൽ പോപ്പിഷ് ടച്ചോടു കൂടിയുള്ള ഗാനത്തിൽ ഇത്രയും കൂടിയായപ്പോൾ മറ്റൊരു ഫ്ലേവറിൽ എത്തിച്ചേർന്നു.

രണ്ട് ലോക്ക്ഡൗണുകളിൽ ലഭിച്ച സമയം ഭംഗിയായി വിനിയോഗിച്ചു. ഒക്ടോബർ 25ന് ഗാനം റിലീസ് ചെയ്യുന്നതിന് അഞ്ച് ദിവസങ്ങൾ മുൻപ് വരെ ഞങ്ങൾ ദർശനയിൽ പ്രൊഡക്ടിവ് മാറ്റങ്ങളുമായി തുടർന്നു. റിലീസിന്റെ തലേന്ന് പോലും മിക്സിങ് എഞ്ചിനീയർ ഹരിയെ ഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേല്പിച്ച് ലിങ്ക് ഒരിക്കൽക്കൂടി പൂർണ്ണമായി പരിശോധിപ്പിച്ചിരുന്നു.

'ദർശന' എന്ന ഹുക്ക്ലൈൻ വിനീതേട്ടന്റെ ഐഡിയ ആയിരുന്നു. ഡെമോ ചെയ്യുമ്പോൾ മുതലേ കഥാപാത്രത്തിന്റെ പേരായ ദർശന വേണമെന്ന് പറഞ്ഞിരുന്നു. തുടക്കത്തിൽ അൽപ്പം സംശയിച്ചു നിന്നു. പക്ഷെ പ്രതീക്ഷിച്ചത് പോലെ ചെയ്യാൻ സാധിച്ചു. ഒരുദിവസം കൊണ്ട് കമ്പോസ് ചെയ്ത ട്രാക്ക് ആണ്," ഹിഷാം പറഞ്ഞു.