'ഖത്തറിൽ ഇന്ത്യൻ തൊഴിലാളികൾക്കെതിരേ മനുഷ്യാവകാശ ലംഘനം; 7 വർഷത്തിനിടെ കൊല്ലപ്പെട്ടത് 1611 പേർ'; ബിഎംഎസ്

ഖത്തറിലെ (Qatar) കുടിയേറ്റ തൊഴിലാളികൾ (migrant workers) നേരിടുന്ന കടുത്ത മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തി ആർഎസ്എസിനു (RSS) കീഴിലുള്ള ട്രേഡ് യൂണിയൻ ഭാരതീയ മസ്ദൂർ സംഘം (Bharatiya Mazdoor Sangh - BMS).

Jun 15, 2022 - 17:43
 0

ഖത്തറിലെ (Qatar) കുടിയേറ്റ തൊഴിലാളികൾ (migrant workers) നേരിടുന്ന കടുത്ത മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തി ആർഎസ്എസിനു (RSS) കീഴിലുള്ള ട്രേഡ് യൂണിയൻ ഭാരതീയ മസ്ദൂർ സംഘം (Bharatiya Mazdoor Sangh - BMS). കു‌ടിയേറ്റ തൊഴിലാളികൾ ഖത്തറിൽ അടിമകളെപ്പോലെയാണ് ജോലി ചെയ്യുന്നതെന്നും ബിഎംഎസ് പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ (Prophet Muhammad) ബിജെപി നേതാക്കൾ നടത്തിയ പരാമർശത്തിന്റെ പേരിൽ ഖത്തർ ഇന്ത്യക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഖത്തറിനു നേരെ ബിഎംഎസിന്റെ വിമർശനം. പ്രസ്താവന വിവാദമായതിനു പിന്നാലെ ഒരു നേതാവിനെ ബിജെപി സസ്‌പെൻഡ് ചെയ്യുകയും മറ്റേയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

'ഫിഫ വേൾഡ് കപ്പിന്റെ ആതിഥേയത്വം ലഭിച്ചതിന് ശേഷം, ഖത്തറിൽ അടിമകളെപ്പോലെ നിരവധി പേർ ജോലി ചെയ്യുന്നുണ്ടെന്ന് മനുഷ്യാവകാശ നിരീക്ഷകർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്'', ബിഎംഎസ് പ്രസ്താവനയിൽ പറഞ്ഞു. 2014 മുതൽ ഇങ്ങോട്ട് ഇന്ത്യയിൽ നിന്നുള്ള 1,611 കുടിയേറ്റ തൊഴിലാളികൾ ആ രാജ്യത്ത് മരിച്ചു. നാട്ടിലുള്ള കുടുംബങ്ങൾക്ക് മൃതദേഹങ്ങൾ ലഭിക്കുന്നതിന് ഒരുപാടു സമയം കാത്തിരിക്കേണ്ടി വന്നെന്നും ബിഎംഎസ് കൂട്ടിച്ചേർത്തു.

അടുത്തിടെ സമാപിച്ച ഇന്റർനാഷണൽ ലേബർ കോൺഫറൻസിൽ (International Labour Conference) ഖത്തർ സർക്കാരിനോടും സർക്കാർ പ്രതിനിധികളോടും ഇക്കാര്യം ഉന്നയിച്ചതായും ബിഎംഎസ് പറഞ്ഞു.

ഈ വിഷയം ഇന്ത്യയിലെ ഖത്തർ അംബാസഡർ, തൊഴിൽ മന്ത്രാലയം, കേന്ദ്ര സർക്കാർ, വിദേശകാര്യ മന്ത്രാലയം എന്നിവരുടെ ശ്രദ്ധയിൽ പെടുത്തുകയും ഖത്തറിലെ എല്ലാ ഇന്ത്യൻ തൊഴിലാളികൾക്കും നല്ലതും ആരോഗ്യകരവുമായ തൊഴിൽ സാഹചര്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മനുഷ്യാവകാശങ്ങൾ മാനിക്കപ്പെടണം'', ബിഎംഎസ് ജനറൽ സെക്രട്ടറി ബിനോയ് കുമാർ സിൻഹ പുറത്തിറക്കിയ പ്രസ്താവന‌യിൽ പറഞ്ഞു.

ഖത്തർ സർക്കാർ ഈ പ്രശ്നത്തിൽ വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ, ദേശീയ അന്തർദേശീയ വേദികളിൽ ബിഎംഎസ് ഈ വിഷയം ഉന്നയിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

പാസ്‌പോർട്ടുകൾ പിടിച്ചെടുക്കൽ, ഓവർടൈം ജോലി, താമസസ്ഥലം വിട്ടുപോകാൻ പോലും അനുമതി നിഷേധിക്കൽ, ബുദ്ധിമുട്ടു നിറഞ്ഞ താമസസൗകര്യങ്ങൾ, ലൈംഗികാതിക്രമം, നിർബന്ധിത ജോലി എന്നിവയെല്ലാം തൊഴിലാളികൾക്ക് വലിയ മാനസിക സമ്മർ​ദം ഉണ്ടാക്കുന്നു എന്നും ബിഎംഎസ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ നിന്നും മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള തൊഴിലാളികൾ ഖത്തറിലെ കഫാല സംവിധാനം (Kafala system) മൂലം വളരെയധികം ബുദ്ധിമുട്ട് നേരിടുന്നതായും ബിഎംഎസ് വിമർശിച്ചു. ഗൾഫ് കോർപ്പറേഷൻ കൗൺസിൽ (GCC) കുടിയേറ്റ തൊഴിലാളികളെ നിരീക്ഷിക്കാൻ ഏർപ്പെടുത്തിയ സംവിധാനമാണിത്. ഇതനുസരിച്ച് എല്ലാ കുടിയേറ്റ തൊഴിലാളികൾക്കും രാജ്യത്തിനകത്ത് ഒരു സ്പോൺസർ (in-country sponsor) ഉണ്ടായിരിക്കണം. തൊഴിലാളികളുടെ വിസയ്ക്കും നിയമപരമായ മറ്റു കാര്യങ്ങൾക്കും ഇവർ ഉത്തരവാദിത്തപ്പെട്ടിരിക്കും. സാധാരണയായി അവരുടെ തൊഴിലുടമ ആയിരിക്കും രാജ്യത്തിനകത്തു തന്നെയുള്ള ഈ സ്പോൺസർ.

What's Your Reaction?

like

dislike

love

funny

angry

sad

wow