ഹെൽമെറ്റ് ധരിക്കാതെ എത്തിയയാൾ നിർത്താതെ പോയി; പിടികൂടുന്നതിനിടെ എസ്.ഐയെ ആക്രമിച്ചു

 യുവാവിന്‍റെ ആക്രമണത്തിൽ പൊലീസ് സബ് ഇൻസ്പെക്ടർക്ക് പരിക്കേറ്റു. വാഹന പരിശോധന നടത്തുന്നതിനിടെയാണ് എരുമപ്പെട്ടി പൊലിസ് സ്റ്റേഷനിലെ എസ്.ഐ അനുരാജിന് യുവാവിന്‍റെ ആക്രമണത്തിൽ പരുക്കേറ്റത്. കൈകുഴ തെറ്റിയ എസ്‌. ഐ അനുരാജിനെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വെള്ളറക്കാട് വെള്ളത്തേരി സ്വദേശിയായ ഷുഹൈബിനെ പൊലിസ് അറസ്റ്റ് ചെയ്തു.

വാഹന പരിശോധനയ്ക്കിടയിൽ വെള്ളറക്കാട് വെച്ചാണ് സംഭവം നടന്നത്. ഹെൽമറ്റ് ധരിക്കാതെ മൊബൈൽ ഫോണിൽ സംസാരിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന ഷുഹൈബിനെ പൊലിസ് കൈകാണിക്കുകയും നിർത്താതെ പോയ ഷുഹൈബിനെ പൊലിസ് പിന്തുടർന്ന് പിടികൂടുകയും ചെയ്തു. ബൈക്ക് തടഞ്ഞതിന് ഷുഹൈബ് എസ്.ഐയോട് തട്ടികയറിയെന്നും വാക്കേറ്റത്തിനിടയിൽ പൊലിസ് വാഹനത്തിൽ ഷുഹൈബിനെ കയറ്റാൻ ശ്രമിച്ചപ്പോൾ ആക്രമിക്കുകയുമായിരുന്നുവെന്ന് പൊലിസ് പറയുന്നു.