INDIAN 2 | 'സേനാപതി തിരിച്ചുവരുന്നു' ; കമല്‍ഹാസന്‍- ശങ്കര്‍ ചിത്രം 'ഇന്ത്യന്‍ 2' ചിത്രീകരണം പുനരാരംഭിക്കും

ചെന്നൈ പാരീസ് കോര്‍ണറിലെ എഴിലകം പരിസരത്ത് ചിത്രീകരണത്തിനു വേണ്ടിയുള്ള സെറ്റ് നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്

Aug 25, 2022 - 00:02
Aug 30, 2022 - 17:50
 0
INDIAN 2 | 'സേനാപതി തിരിച്ചുവരുന്നു' ; കമല്‍ഹാസന്‍- ശങ്കര്‍ ചിത്രം 'ഇന്ത്യന്‍ 2' ചിത്രീകരണം  പുനരാരംഭിക്കും

വിക്രം നേടിയ ഗംഭീര വിജയത്തിന് ശേഷം അടുത്ത ഹിറ്റിനായി തയാറെടുക്കുകയാണ് ഉലകനായകന്‍ കമല്‍ഹാസന്‍. കമലിന്‍റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ ഇന്ത്യന്‍റെ രണ്ടാം ഭാഗം ചിത്രീകരണം ഇന്ന് വീണ്ടും പുനരാരംഭിക്കുന്നു എന്ന റിപ്പോര്‍ട്ടാണ് തമിഴ് സിനിമലോകത്തെ ഇപ്പോഴത്തെ ഹോട്ട് ന്യൂസ്. 1996 ല്‍ റിലീസ് ചെയ്ത സിനിമയുടെ രണ്ടാം ഭാഗം 2018ല്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ചിത്രീകരണം ആരംഭിച്ച ശേഷം പലവിധ കാരണങ്ങളാല്‍ സിനിമയുടെ പ്രവര്‍ത്തനം നിര്‍ത്തിവേക്കേണ്ടി വന്നു. ഷൂട്ടിങ്ങിനിടെ ലോക്കെഷനില്‍ ഉണ്ടായ അപകടത്തില്‍ 3 പേര്‍ മരണപ്പെട്ടതും, കോവിഡ് നിയന്ത്രണങ്ങളും, സാമ്പത്തിക പ്രതിസന്ധിയും സിനിമയെ കാര്യമായി തന്നെ ബാധിച്ചിരുന്നു.

നടനും എംഎല്‍എയുമായ ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയിന്‍റ് മൂവിസ് സിനിമയുടെ നിര്‍മ്മാണ പങ്കാളിത്തം ലൈക്ക പ്രൊഡക്ഷന്‍സിനൊപ്പം ഏറ്റെടുത്തതോടെ കമലിന്‍റെ ഏക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായ സേനാപതിയുടെ തിരിച്ചുവരവ് സാധ്യമാവുകയായിരുന്നു. ശങ്കറിന്‍റെ സംവിധാനത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക.

1996 മെയ് 9ന് റിലീസ് ചെയ്ത ഇന്ത്യന്‍ ആദ്യ ഭാഗം തമിഴിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്. കമല്‍ ഇരട്ട വേഷത്തിലെത്തിയ ചിത്രം ദക്ഷിണേന്ത്യന്‍ ബോക്സ് ഓഫീസ് ഹിറ്റുകളുടെ പട്ടികയില്‍ ഇടം നേടിയിരുന്നു. സുകന്യ, കസ്തൂരി, മനീഷ കൊയ്രാള, ഊര്‍മിള മധോത്കര്‍, നെടുമുടി വേണു എന്നിവരായിരുന്നു ആദ്യ പതിപ്പിലെ പ്രധാന താരങ്ങള്‍.

രണ്ടാം പതിപ്പില്‍ കാജല്‍ അഗര്‍വാളാണ് നായികയായെത്തുന്നത്. സിദ്ധാര്‍ഥ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, ഗുരു സോമസുന്ദരം, ഡല്‍ഹി ഗണേഷ് എന്നിവരും ഇന്ത്യന്‍ 2 ല്‍ അണിനിരക്കും. ഒന്നാം ഭാഗത്തില്‍ നെടുമുടി വേണു അവതരിപ്പിച്ച കൃഷ്ണസ്വാമി എന്ന സിബിഐ ഉദ്യോഗസ്ഥ കഥാപാത്രത്തെ നന്ദു പൊതുവാളാണ് അവതരിപ്പിക്കുക.

ചെന്നൈ പാരീസ് കോര്‍ണറിലെ എഴിലകം പരിസരത്ത് ചിത്രീകരണത്തിനു വേണ്ടിയുള്ള സെറ്റ് നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഇവിടെയാണ് ചിത്രീകരണം പുനരാരംഭിക്കുക. കമല്‍ഹാസനും കാജല്‍ അഗര്‍വാളും സെപ്റ്റംബറില്‍ ജോയിന്‍ ചെയ്യും. രവി വര്‍മ്മന്‍ ഛായാഗ്രഹണവും  ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

എ.ആര്‍ റഹ്മാന്‍ ഒരുക്കിയ ആദ്യ പതിപ്പിലെ ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റായിരുന്നു. രണ്ടാം ഭാഗത്തില്‍ അനിരുദ്ധാണ് സംഗീത സംവിധാനം. ഹോളിവുഡ് ആക്ഷന്‍ കോറിയോ ഗ്രാഫര്‍ റമാസന്‍ ബ്യുലറ്റ്, പീറ്റര്‍ ഹെയ്ന്‍, അനില്‍ അരസ് എന്നിവരാണ് സിനിമയുടെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുക

What's Your Reaction?

like

dislike

love

funny

angry

sad

wow