പോയിന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്ത്

എട്ട് വർഷത്തെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കാത്തിരിപ്പിനായിരുന്നു ഇന്നലെ വാസ്കോയിലെ തിലക് മൈതാനത്ത് വെച്ച് വിരാമമായത്. പല തവണ മോഹിപ്പിച്ച ശേഷം കൈവിട്ട ഒന്നാം സ്ഥാനം ഒടുവിൽ രാജകീയമായി തന്നെ സ്വന്തമാക്കി.

Jan 12, 2022 - 12:06
 0
പോയിന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്ത്

എട്ട് വർഷത്തെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കാത്തിരിപ്പിനായിരുന്നു ഇന്നലെ വാസ്കോയിലെ തിലക് മൈതാനത്ത് വെച്ച് വിരാമമായത്. പല തവണ മോഹിപ്പിച്ച ശേഷം കൈവിട്ട ഒന്നാം സ്ഥാനം ഒടുവിൽ രാജകീയമായി തന്നെ സ്വന്തമാക്കി. ഇന്നലെ നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തിയത്.

സീസണിൽ ഏറ്റവും കുറവ് മത്സരങ്ങൾ തോറ്റ രണ്ട് ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ പിറന്നത് ആവേശകരമായ പോരാട്ടം തന്നെയായിരുന്നു. കൊണ്ടും കൊടുത്തും ഒരുപോലെ മുന്നേറിയ ഇരു ടീമുകൾ തമ്മിൽ പല തവണ ഗോളിനടുത്ത് എത്തിയെങ്കിലും ഗോൾവല ചലിപ്പിക്കാനുള്ള ഭാഗ്യം ബ്ലാസ്റ്റേഴ്സിന് ഒപ്പമായിരുന്നു. 42-ാ൦ മിനിറ്റിൽ, സ്പാനിഷ് താരം അൽവാരോ വാസ്കസ് തകർപ്പനൊരു വോളിയിലൂടെ ഗോൾ നേടി ബ്ലാസ്‌റ്റേഴ്‌സിന് വിജയം സമ്മാനിക്കുകയും ലീഗിലെ ഒന്നാം സ്ഥാനക്കാർക്കുള്ള നെറ്റിപ്പട്ടം ബ്ലാസ്റ്റേഴ്സിന്റെ കൊമ്പന്മാർക്ക് ചാർത്തി നൽകുകയുമായിരുന്നു.

 കാത്തുകാത്തിരുന്ന് കൈവന്ന നേട്ടം ബ്ലാസ്റ്റേഴ്‌സ് ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ ആഘോഷമാക്കിയിരുന്നു. എന്നാൽ തന്റെ ടീം ഒന്നാം സ്ഥാനത്തെത്തിയതിന്റെ സന്തോഷം ആൻസൺ മാത്യു എന്ന ആരാധകൻ വ്യത്യസ്തമായ രീതിയിലാണ് ആഘോഷിച്ചത്. 2014 ലെ സീസണിന് ശേഷം ആദ്യമായി പോയിന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്‌സ് ഒന്നാമതെത്തിയ സന്തോഷത്തിൽ പോയിന്റ് ടേബിൾ ഫ്രെയിം ചെയ്ത് വെക്കുകയാണ് ചെയ്തത്.

സീസണിലെ ആദ്യത്തെ മത്സരത്തിൽ എടികെ മോഹൻ ബഗാനോട് തോറ്റ് തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് പിന്നീടുള്ള മത്സരങ്ങൾ ഓരോന്ന് കഴിയുമ്പോഴും കൂടുതൽ മികവിലേക്ക് ഉയർന്ന് ഒടുവിൽ 10 മത്സരങ്ങൾ പൂർത്തിയാക്കി നിൽക്കുമ്പോൾ ഒമ്പത് മത്സരങ്ങളിൽ തോൽക്കാതെ അജയ്യരായി നിൽക്കുകയാണ്. ഇതിനിടയിൽ ബ്ലാസ്റ്റേഴ്‌സ് തോൽപ്പിച്ചത് വമ്പൻ ടീമുകളെ തന്നെയായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഹൈദരാബാദിനെ വീഴ്ത്തിയ ബ്ലാസ്റ്റേഴ്‌സ് പക്ഷെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റിയേയും മുൻ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്‌സിയെയും ഗോൾ വർഷം കൊണ്ട് തകർക്കുകയായിരുന്നു. ഇരു ടീമുകൾക്കെതിരെയും മൂന്ന് ഗോളുകൾ വീതം നേടിയ ബ്ലാസ്റ്റേഴ്‌സ് മുംബൈയുടെ പേരുകേട്ട മുന്നേറ്റ നിരയ്‌ക്കെതിരെ ക്ലീൻ ഷീറ്റ് സ്വന്തമാക്കിയാണ് ജയം നേടിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow