രാജസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഗുജറാത്ത് ഫൈനലില്‍

May 25, 2022 - 16:55
 0
രാജസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഗുജറാത്ത് ഫൈനലില്‍

ഐപിഎല്ലിലെ പ്ലേഓഫ് ഘട്ടത്തിലെ ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 7 വിക്കറ്റിന് തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്. രാജസ്ഥാന്‍ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം 19.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് മറികടന്നു. അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സ് വേണമെന്നിരിക്കെ ആദ്യ മൂന്ന് പന്തില്‍ സിക്‌സര്‍ പറത്തിയായിരുന്നു ഗുജറാത്ത് ജയം സ്വന്തമാക്കിയത്.

38 പന്തില്‍ 68 റണ്‍സ് നേടിയ ഡേവിഡ് മില്ലറുടെ പ്രകടനമാണ് ഗുജറാത്തിന്റെ ജയത്തില്‍ നിര്‍ണായകമായത്. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ 27 പന്തില്‍ 40 റണ്‍സ് നേടി പുറത്താകാതെ നിന്നു. ജയത്തിലൂടെ അരങ്ങേറ്റ സീസണില്‍ തന്നെ ഫൈനലിന് യോഗ്യത നേടാന്‍ ഗുജറാത്ത് ടൈറ്റന്‍സിന് കഴിഞ്ഞു.

അത്ര നല്ല തുടക്കമായിരുന്നില്ല ഗുജറാത്തിന്. രണ്ടാം പന്തില്‍ തന്നെ വൃദ്ധിമാന്‍ സാഹ (0) പുറത്തായി. ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജുവിന് ക്യാച്ച്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ശുഭ്മാന്‍ ഗില്‍ (35)- മാത്യൂ വെയ്ഡ് (35) സഖ്യം മനോഹരമായി ഗുജറാത്തിനെ മുന്നോട്ട് നയിച്ചു. ഇരുവരും 72 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ ഗില്‍ റണ്ണൗട്ടിലൂടെ പുറത്തായത് ഗുജറാത്തിന് തിരിച്ചടിയായി. പത്ത് ഓവര്‍ പൂര്‍ത്തിയാവും മുമ്പ് മാത്യു വെയ്ഡും മടങ്ങി. ഗുജറാത്ത് പ്രതിരോധത്തിലായെങ്കിലും മില്ലര്‍- ഹാര്‍ദിക് സഖ്യം വിജയത്തിലേക്ക് നയിച്ചു.

അവസാന ഓവറില്‍ 16 റണ്‍സാണ് ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ അവസാന ഓവറിലെ ആദ്യ മൂന്ന് പന്തും സിക്സ് പായിച്ച് ഡേവിഡ് മില്ലര്‍ വിജയമാഘോഷിച്ചു. അഞ്ച് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മില്ലറുടെ ഇന്നിംഗ്സ്. ഹാര്‍ദിക് അഞ്ച് ഫോര്‍ കണ്ടെത്തി. ഇരുവരും 106 റണ്‍സാണ് കൂട്ടിചേര്‍ത്തത്. രാജസ്ഥാന് ഇനിയും ഒരവസരം കൂടിയുണ്ട്. എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍- ലഖ്നൗ സൂപ്പര്‍ ജയന്റ്സ് മത്സരത്തില്‍ ജയിക്കുന്ന ടീമിനെ രണ്ടാം പ്ലേ ഓഫിന് രാജസ്ഥാന് നേരിടാം. അതില്‍ ജയിക്കുന്ന ടീം ഫൈനലിലെത്തും.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയിരിക്കുന്നത്. 56 പന്തില്‍ 89 റണ്‍സെടുത്ത ഓപ്പണര്‍ ജോസ് ബട്ട്‌ലറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. നായകന്‍ സഞ്ജു സാംസണ്‍ 26 പന്തിലാണ് 47 റണ്‍സ് അടിച്ചെടുത്തത്. ദേവ്ദത്ത് പടിക്കല്‍ 20 പന്തില്‍ 28 റണ്‍സ് നേടി.

What's Your Reaction?

like

dislike

love

funny

angry

sad

wow