ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്: ഇന്ത്യ പടയൊരുക്കം തുടങ്ങുന്നു... പന്ത് തട്ടാന്‍ രണ്ടു മലയാളികളും

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി പരിശീലനക്യാംപില്‍ പങ്കെടുക്കുന്ന താരങ്ങളെ തിരഞ്ഞെടുത്തു. കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനാണ് 30 അംഗ ടീമിനെ പ്രഖ്യാപിച്ചത്

May 11, 2018 - 15:54
 0
ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്: ഇന്ത്യ പടയൊരുക്കം തുടങ്ങുന്നു... പന്ത് തട്ടാന്‍ രണ്ടു മലയാളികളും

ദില്ലി: ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി പരിശീലനക്യാംപില്‍ പങ്കെടുക്കുന്ന താരങ്ങളെ തിരഞ്ഞെടുത്തു. കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനാണ് 30 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ജൂണ്‍ ഒന്നു മുതല്‍ മുംബൈയിലാണ് ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് അരങ്ങേറുന്നത്. രണ്ടു മലയാളി താരങ്ങളും ടീമിലെത്തിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. ഡിഫന്‍ഡര്‍ അനസ് എടത്തൊടികയും സ്‌ട്രൈക്കര്‍ ആഷിഖ് കുരുണിയനുമാണ് ടീമിലെത്തിയത്.

തിരഞ്ഞെടുക്കപ്പെട്ട താരങ്ങള്‍ മെയ് 16നു മുംബൈയില്‍ നടക്കുന്ന ക്യാംപിനൊപ്പം ചേരും. എന്നാല്‍ ബെംഗളൂരു എഫ്‌സിയിലെ താരങ്ങള്‍ എഎഫ്‌സി കപ്പിനു ശേഷം 18നായിരിക്കും പരിശീലനക്യാംപില്‍ എത്തുകയെന്നും ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. 2019ല്‍ യുഎഇയില്‍ നടക്കാനിരിക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പിനുള്ള തയ്യാറെടുപ്പായാണ് ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിനെ ഇന്ത്യ കാണുന്നത്. കെനിയ, ന്യൂസിലന്‍ഡ്, ചൈനീസ് തായ്‌പേയ് ടീമുകള്‍ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ മാറ്റുരയ്ക്കും.

ശക്തരായ എതിരാളികള്‍ക്കെതിരേ കളിക്കാനുള്ള അവസരമാണ് ഇന്റര്‍കോണ്ടിനെന്റല്‍ കപ്പെന്നു കോച്ച് കോണ്‍സ്റ്റന്റൈന്‍ ചൂണ്ടിക്കാട്ടി. ഏഷ്യന്‍ കപ്പിനു മുമ്പായി കൂടുതല്‍ അന്താരാഷ്ട്ര മല്‍സങ്ങളില്‍ കളിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ടീമിന് ഏറെ ഗുണം ചെയ്യും. ന്യൂസിലന്‍ഡായിരിക്കും ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കു ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തുന്ന ടീമെന്നും കോച്ച് പറഞ്ഞു. ചൈനീസ് തായ്‌പേയ്, കെനിയ ടീമുകളെയും എഴുതിത്തള്ളാനാവില്ലെന്നും കോണ്‍സ്റ്റന്റൈന്‍ അഭിപ്രായപ്പെട്ടു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow