കോസ്റ്റ് അക്കൗണ്ടൻസിക്ക് പലതാണ് സാധ്യതകൾ

ഓരോ കരിയർ റോളിലും നേരിടുന്ന ചോദ്യം. ബിടെക് പ്രവേശനം സുഗമമായതോടെ പ്രൊഫൈൽ എങ്ങനെ ‘വാല്യു ആഡ്’ ചെയ്യാമെന്നാണ് എല്ലാവരും നോക്കുന്നത്. അത്തരമൊരു സാധ്യതയാണു ബിടെക് + സിഎംഎ. എൻജിനീയറിങ്ങിനൊപ്പം കോസ്റ്റ് അക്കൗണ്ടൻസി. എൻജിനീയറിങ് കരിയർ ലക്ഷ്യമിടാം; ഫിനാ‍ൻസിലെ അടിത്തറ തുണയാകുകയും ചെയ്യും.

Jun 19, 2018 - 19:48
 0
കോസ്റ്റ് അക്കൗണ്ടൻസിക്ക് പലതാണ് സാധ്യതകൾ

സിഎ, സിഎംഎ, സിഎസ്. സിഎ(ചാർട്ടേഡ് അക്കൗണ്ടൻസി)യിൽ ഫിനാ‍ൻസ് പഠനത്തിനു പ്രാമുഖ്യം കൂടുതലാണ്. കടുപ്പമേറും. സിഎസിൽ (കമ്പനി സെക്രട്ടറിഷിപ്) ഫിനാ‍ൻസിനേക്കാൾ സെക്രട്ടേറിയൽ പ്രാക്ടീസിനാണു പ്രാമുഖ്യം. രണ്ടിനുമിടയിലാണു സിഎംഎ.

കണക്കിലെടുക്കാൻ മറ്റൊരു അനുകൂല ഘടകവുമുണ്ട്. ബിടെക് നാലാം സെമസ്റ്റർ കഴിഞ്ഞാൽ ഫൗണ്ടേഷൻ കോഴ്സ് ഒഴിവാക്കി ഇന്റർമീഡിയറ്റിലേക്കു നേരിട്ടു കടക്കാം. ഇന്ററിലെ രണ്ടു പേപ്പറുകൾ ഒഴിവായിക്കിട്ടുകയും ചെയ്യും.ബിടെക് + എംബിഎ മികച്ച കോംബിനേഷനാണ്. പക്ഷേ റഗുലർ എംബിഎ അല്ലെങ്കിൽ കാര്യമില്ല. ബിടെക് കഴിഞ്ഞു ജോലിക്കിടെ പഠനത്തിനു സിഎംഎ അങ്ങനെ മികച്ച ഓപ്ഷനാകുന്നു.

അതേസമയം, സ്വതന്ത്ര കരിയർ എന്ന നിലയിലും കോസ്റ്റ് അക്കൗണ്ടൻസിയുടെ സാധ്യതകൾ ഏറെയാണ്. പ്ലസ്ടു കഴിഞ്ഞ ആർക്കും കടന്നുവരാവുന്ന മേഖല.

സിഎംഎയുടെ റോൾ
കമ്പനികളുടെ ഉൽപാദന, സേവന ചെലവുകൾ നിയന്ത്രിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകുകയാണു കോസ്റ്റ് ആൻഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റുകളുടെ (സിഎംഎ) പ്രധാന ദൗത്യം. ആദായനികുതി നിയമം, ജിഎസ്ടി നിയമം തുടങ്ങിയവ പ്രകാരവും സിഎംഎ സേവനം അനിവാര്യം.

പഠിച്ചിറങ്ങുന്നവർക്കു സ്വകാര്യ മേഖലയിൽ സാധ്യതകളേറെ. സർക്കാർ മേഖലയിൽ ഐഎഎസ്, ഐഎഫ്എസ് മാതൃകയിൽ ഇന്ത്യൻ കോസ്റ്റ് അക്കൗണ്ടൻസി സർവീസ് (ICoAS) ഉണ്ട്. യുജിസി ചട്ടപ്രകാരമുള്ള അധ്യാപക ജോലി, സ്വന്തമായി പ്രാക്ടീസ് തുടങ്ങിയവ മറ്റു വഴികൾ. അവസരങ്ങൾ ഏറെയെങ്കിലും യോഗ്യതയുള്ളവർ കുറവാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ സിഎംഎ കോഴ്സിന് അപേക്ഷിക്കേണ്ട സമയമാണിത്.

അവസാന തീയതി: ജൂലൈ 31

കോഴ്സ് മൂന്നുഘട്ടം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സിന്റെ ചാപ്‌റ്ററുകളിലെ ക്ലാസുകളിൽ പങ്കെടുത്തോ വിദൂരവിദ്യാഭ്യാസ പ്രോഗ്രാം വഴിയോ പഠിക്കാം. കോഴ്സിനു മൂന്നു ഘട്ടം.

1) ഫൗണ്ടേഷൻ: പത്താം ക്ലാസ് പാസായവർക്കു റജിസ്റ്റർ ചെയ്യാമെങ്കിലും പരീക്ഷ എഴുതും മുൻപു പ്ലസ് ടു പാസായിരിക്കണം. ദൈർഘ്യം: ആറു മാസം; നാലു വിഷയങ്ങൾ. പന്ത്രണ്ടാം ക്ലാസിലോ ഡിഗ്രി ആദ്യ വർഷമോ പഠിക്കുമ്പോൾ ചേരാം. ബിരുദധാരികൾക്കു ഫൗണ്ടേഷൻ കോഴ്‌സ് വേണ്ട.

2) ഇന്റർമീഡിയറ്റ്: ഫൗണ്ടേഷൻ കോഴ്‌സ് പാസായവർ, ബിരുദധാരികൾ, ഇൻസ്റ്റിറ്റ്യൂട്ടിന്റെ തന്നെ കോഴ്‌സായ സർട്ടിഫിക്കറ്റ് ഇൻ അക്കൗണ്ടിങ് ടെക്‌നീഷ്യൻ (CAT) ലെവൽ 1 പാസായവർ, ബിടെക് നാലാം സെമസ്റ്റർ പാസായവർ എന്നിവർക്ക് ഇന്റർമീഡിയറ്റിനു ചേരാം.

3) ഫൈനൽ: ഇന്റർമീഡിയറ്റ് കോഴ്‌സ് പാസായവർക്കു ഫൈനൽ കോഴ്‌സിനു ചേരാം. ഇന്റർമീഡിയറ്റിലും ഫൈനലിലും രണ്ടു ഗ്രൂപ്പുകളിലായി എട്ടു വിഷയങ്ങളിൽ എഴുത്തുപരീക്ഷ. ഓരോ വിഷയത്തിനും നൂറിൽ 40 മാർക്കെങ്കിലും വാങ്ങണം. നാലു വിഷയം വീതമുള്ള ഓരോ ഗ്രൂപ്പിനും 400 മാർക്ക്; ഇതിൽ 200 മാർക്ക് ലഭിച്ചാൽ പാസാകാം.

What's Your Reaction?

like

dislike

love

funny

angry

sad

wow