ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ തീരുമാനം - Governor Arif Mohammad Khan

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലെ എല്ലാ സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാൻ ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്നു ഗവർണറെ ഒഴിവാക്കാനുള്ള ബില്ലിന്റെ കരട് തയാറാക്കിയിരുന്നു.

Nov 9, 2022 - 18:32
 0
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ തീരുമാനം - Governor Arif Mohammad Khan

വർണർ ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലെ എല്ലാ സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാൻ ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്നു ഗവർണറെ ഒഴിവാക്കാനുള്ള ബില്ലിന്റെ കരട് തയാറാക്കിയിരുന്നു. കരട് ഓർഡിനൻസ് എന്ന നിലയിലാണ് നിയമവകുപ്പ് ഇതു തയാറാക്കിയത്. ഇതു പരിഗണിച്ച മന്ത്രിസഭാ യോഗം ഓർഡിനൻസ് കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു. ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കി പകരം മന്ത്രിമാരെയോ വിദഗ്ധരെയോ നിയമിക്കാമെന്ന് സംസ്ഥാന സർക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു.

ബിൽ പാസാക്കുന്നതിന് ഡിസംബർ 5 മുതൽ 15 വരെ നിയമസഭാ സമ്മേളനം ചേരാനാണ് ആലോചന. അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം നിയമസഭാ സമ്മേളനത്തിന്റെ തീയതി തീരുമാനിച്ചേക്കും.

ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കുന്നതിൽ പ്രശ്നമില്ലെന്നാണ് സർക്കാരിന് ഭരണഘടനാ വിദഗ്ധരിൽനിന്ന് ലഭിച്ച നിയമോപദേശം. മുൻ അറ്റോർണി ജനറൽ ഉൾപ്പെടെയുള്ളവരാണ് സർക്കാരിനെ ഇക്കാര്യം അറിയിച്ചത്. ബംഗാളിൽ ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കി പകരം മുഖ്യമന്ത്രിക്ക് ആ ചുമതല നൽകിയിരുന്നു. ബംഗാൾ നിയമസഭ ഇതുമായി ബന്ധപ്പെട്ട ബിൽ പാസാക്കിയ രീതിയിൽ ഇവിടെയും ഓർഡിനൻസ് അവതരിപ്പിക്കാനാണ് നീക്കം.

വകുപ്പു മന്ത്രിയെത്തന്നെ സർവകലാശാലകളുടെ ചാൻസലറുമാക്കുന്ന ക്രമീകരണമാണ് സർക്കാരിനു ലഭിച്ച നിയമോപദേശത്തിലുള്ളത്. സ്ഥിരം സംവിധാനമുണ്ടാകുന്നതുവരെ ചാൻസലറുടെ ചുമതല വിദ്യാഭ്യാസ വിദഗ്ധർക്ക് കൈമാറാമെന്നും നിർദ്ദേശമുണ്ട്. അതേസമയം, അധികബാധ്യത ഒഴിവാക്കുന്നതിന് ചാൻസലറാകുന്ന വിദ്യാഭ്യാസ വിദഗ്ധർക്ക് പ്രതിഫലം നൽകരുതെന്നും നിയമോപദേശത്തിലുണ്ട്.

നേരത്തേ സർവകലാശാലകളിലെ സർക്കാർ ഇടപെടലിനെത്തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ചാൻസലർ പദവി മുഖ്യമന്ത്രി ഏറ്റെടുത്തുകൊള്ളാനും അതിനായി നിയമ നിർമാണം നടത്തിയാൽ ഒപ്പുവയ്ക്കാൻ തയാറാണെന്നും വ്യക്തമാക്കി മുഖ്യമന്ത്രിക്കു കത്തയച്ചിരുന്നു.

തുടർന്ന് കുറെക്കാലത്തേക്ക് അദ്ദേഹം ചാൻസലർ എന്ന നിലയിലുള്ള ഫയലുകൾ നോക്കിയില്ല. ചാൻസലറായി ഗവർണർ തുടരണമെന്നു സർക്കാർ നിർബന്ധിച്ചപ്പോൾ താൻ ചട്ടം നടപ്പാക്കുമെന്ന മുന്നറിയിപ്പോടെ അദ്ദേഹം തയാറാവുകയായിരുന്നു. എന്നാൽ, പുതിയ സാഹചര്യത്തിൽ ബില്ലിനു ഗവർണർ അംഗീകാരം നൽകുമോ എന്ന് ഉറപ്പില്ല.

English Summary: Cabinet decides to issue ordinance to divest Governor of Chancellor power

What's Your Reaction?

like

dislike

love

funny

angry

sad

wow