എൽഡിഎഫ് കൺവീനറാകാൻ ഇ പി ജയരാജൻ? പി ശശിയ്ക്ക് പുതിയ ചുമതല ലഭിച്ചേക്കും; സിപിഎം നേതൃയോഗം തിങ്കളാഴ്ച മുതൽ

Apr 16, 2022 - 18:08
 0

എ വിജയരാഘവൻ സിപിഎം പോളിറ്റ്ബ്യൂറോ അംഗമായതോടെ ഇ പി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനത്തെത്തിയേക്കുമെന്ന് റിപ്പോര്ർട്ടുകൾ. പാർട്ടിയിലെ മുതിർന്ന പല നേതാക്കളുടെയും പേരുകൾ പുറത്തു വരുന്നുണ്ടെങ്കിലും ഇ പി ജയരാജനാണ് ഏറ്റവുമധികം സാധ്യത കൽപ്പിക്കുന്നത്.

മുൻപ് ഇ പി ജയരാജനെ പോളിറ്റ്ബ്യൂറോയിലേയ്ക്ക് തെരഞ്ഞെടുത്തേക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും എസ് രാമചന്ദ്രൻ പിള്ളയുടെ ഒഴിവിലേയ്ക്ക് എ വിജയരാഘവനെ പരിഗണിച്ചതോടെ ഈ കണക്കുകൂട്ടൽ തെറ്റി. ഈ സാഹചര്യത്തിലാണ് എ വിജയരാഘവനു പകരം മുന്നണി കൺവീനർ സ്ഥാനത്ത് ഇ പി ജയരാജൻ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ജയരാജനൊപ്പം എ കെ ബാലൻ്റെ പേരും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. മുൻപ് വിഎസ് അച്യൂതാനന്ദൻ എൽഡിഎഫ് കൺവീനറായിരുന്ന കാലത്ത് പോളിറ്റ് ബ്യൂറോ അംഗമായിരുന്നു. എന്നാൽ എ വിജയരാഘവന് ഡൽഹിയിൽ മറ്റു ചുമതലകള്‍ ഉള്ളതിനാൽ മുന്നണി കൺവീനര്‍ സ്ഥാനം വഹിക്കുന്നത് ബുദ്ധിമുട്ടാകുമെന്നാണ് പാര്‍ട്ടി കരുതുന്നത്.

 

വരുന്ന തിങ്കള്‍, ചൊവ്വ ദിവസങ്ങളിൽ നടക്കുന്ന സിപിഎം നേതൃയോഗത്തിൽ ഇക്കാര്യങ്ങളും ചര്‍ച്ചയാകും. സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന കെ റെയിൽ സിൽവര്‍ലൈൻ പദ്ധതി സംബന്ധിച്ചും നേതൃയോഗത്തിൽ ചര്‍ച്ച നടക്കും. പദ്ധതിയ്ക്ക് പാര്‍ട്ടി കോൺഗ്രസിൽ സിപിഎം കേന്ദ്രനേതൃത്വം പിന്തുണ പ്രഖ്യാപിച്ചതോടെ സംസ്ഥാനഘടകത്തിന് ആത്മവിശ്വാസം വര്‍ധിച്ചിട്ടുണ്ട്. കെ റെയിൽ പദ്ധതിയ്ക്കു വേണ്ടി പൊതുജനങ്ങള്‍ക്കിടയിൽ പ്രചാരണവും ബോധവത്കരണവും ശക്തമാക്കാൻ തീരുമാനിച്ച പാര്‍ട്ടി ഇതിനു വേണ്ട മുന്നൊരുക്കങ്ങളും നേതൃയോഗത്തിൽ ചര്‍ച്ച ചെയ്യും.

 

പുത്തലത്ത് ദിനേശനെ പാര്‍ട്ടി പ്രസിദ്ധീകരണങ്ങളുടെ ചുമതലയിലേയ്ക്ക മാറ്റാനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മറ്റൊരാളെ പരിഗണിക്കാനും സിപിഎം ആലോചിക്കുന്നുണ്ട്. സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട പി ശശിയ്ക്കാണ് ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്നത്. ഇതിനു പുറമെ ദേശാഭിമാനി പത്രാധിപര്‍ സ്ഥാനത്തും ഇംഎംഎസ് അക്കാദമിയുടെ ചുമതലയിലും മാറ്റങ്ങള്‍ വരുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്. കൂടാതെ എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും നേതൃനിരയിലും മാറ്റങ്ങള്‍ വരും.

What's Your Reaction?

like

dislike

love

funny

angry

sad

wow