യുട്യൂബിലൂടെ മതസ്പര്‍ധ വളര്‍ത്തല്‍; നെയ്യാറ്റിന്‍കരയില്‍ യുവാവ് അറസ്റ്റില്‍

മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള വേറെയും വീഡിയോകള്‍ ഇയാള്‍ യൂട്യൂബ് ചാനല്‍ വഴി പ്രചരിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു

യൂട്യൂബ് ചാനലിലൂടെ (Youtube Channel)  മതസ്പര്‍ധ വളര്‍ത്തുന്ന വീഡിയോ അവതരിപ്പിച്ച അവതാരകന്‍ (Anchor) അറസ്റ്റില്‍ (Arrest). നെയ്യാറ്റിന്‍കര, മണലൂര്‍, കണിയാംകുളം സ്വദേശി ബാദുഷ ജമാല്‍ (32) ആണ് അറസ്റ്റിലായത്. ഇയാളുടെ കമ്പ്യൂട്ടറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വഴിമുക്ക് സ്വദേശിയായ യുവാവിനെയും കുടുംബത്തെയും ചിലര്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ ഇയാള്‍ വാര്‍ത്ത അവതരിപ്പിച്ചത്.


വഴിമുക്ക് സ്വദേശി നിസാം, ഭാര്യ ആന്‍സില, രണ്ടു വയസ്സുള്ള ഇവരുടെ മകന്‍ എന്നിവരെ കഴിഞ്ഞയാഴ്ച ചിലര്‍ ആക്രമിച്ചിരുന്നു. സംഭവത്തില്‍  നെയ്യാറ്റിന്‍കര പൊലീസ് കേസ് എടുത്തെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.  സംഭവത്തെ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ ഡെമോക്രസി എന്ന യൂട്യൂബ് ചാനല്‍ വഴി ബാദുഷ ജമാല്‍ പ്രചരിപ്പിച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയത്. പ്രതികള്‍ പ്രത്യേക മതവിഭാഗക്കാരായതിനാലാണ് അറസ്റ്റ് വൈകുന്നതെന്നും ഇയാള്‍ വീഡിയോയിലൂടെ ആരോപിച്ചിരുന്നു.

മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള വേറെയും വീഡിയോകള്‍ ഇയാള്‍ യൂട്യൂബ് ചാനല്‍ വഴി പ്രചരിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. 2017-ല്‍ പൊലീസിന്റെ കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ചതിന് ബാദുഷയുടെ പേരില്‍ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.