ഭരണം കിട്ടിയാൽ 8 നഗരങ്ങളിൽ ഓരോ 4 കി.മീ ദൂരത്തിൽ സ്കൂളുകൾ നിർമിക്കും: എഎപി - AAP Gujarat Manish Sisodia

Oct 19, 2022 - 17:49
 0
ഭരണം കിട്ടിയാൽ 8 നഗരങ്ങളിൽ ഓരോ 4 കി.മീ ദൂരത്തിൽ സ്കൂളുകൾ നിർമിക്കും: എഎപി - AAP Gujarat Manish Sisodia

ഗുജറാത്തിൽ ആംആദ്മി പാർട്ടി അധികാരത്തിൽ വന്നാൽ ഒരു വർഷത്തിനുള്ളിൽ എട്ടു നഗരങ്ങളിൽ ഓരോ നാലു കിലോമീറ്ററിലും സ്കൂളുകൾ സ്ഥാപിക്കുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിനു മുന്നോടിയായി വൻതോതിലുള്ള പ്രചാരണമാണ് എഎപി ഗുജറാത്തിൽ നടത്തുന്നത്. ഡൽഹിയിലെ മദ്യനയത്തിൽ ക്രമക്കേട് ഉണ്ടെന്ന കേസിൽ തിങ്കളാഴ്ച ഒൻപതു മണിക്കൂറോളമാണ് സിബിഐയുടെ ചോദ്യംചെയ്യലിന് സിസോദിയ വിധേയനായത്.

‘‘ഗുജറാത്തിലെ ജനങ്ങൾ അവരുടെ കുട്ടികൾക്ക് സ്കൂളുകൾ ലഭിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. സ്കൂളുകൾ നിർമിക്കുന്ന പാർട്ടിയെ അവർ തിരഞ്ഞെടുക്കും. സിബിഐയെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും (ഇഡി) ദുരുപയോഗം ചെയ്യുന്നവരെ അവർ ജയിലിൽ അടയ്ക്കും’’ – സിസോദിയ കൂട്ടിച്ചേർത്തു.

ഗുജറാത്തിൽ ആകെയുള്ള 48,000 സ്കൂളുകളിൽ 32,000 എണ്ണവും മോശം അവസ്ഥയിലാണെന്നു് സിസോദിയ അവകാശപ്പെട്ടു. ‘‘അധികാരത്തിലെത്തിയാൽ അഹമ്മദാബാദ്, സൂറത്ത്, വഡോദര, ജാംനഗർ, രാജ്കോട്ട്, ഭാവ്നഗർ, ഗാന്ധിനഗർ, ജനാഗഢ് എന്നിവിടങ്ങളിൽ ഓരോ നാലു കിലോമീറ്ററിലും സ്കൂളുകൾ പണിയും. ഒരു വർഷത്തിനുള്ളിൽ സ്വകാര്യ സ്കൂളിനേക്കാൾ ഏറ്റവും മികച്ച സർക്കാർ സ്കൂളായിരിക്കും ഇവിടെയുണ്ടാകുക.

ഗുജറാത്തിലെ സ്വകാര്യ, സർക്കാർ സ്കൂളുകൾ ഏതൊക്കെയെന്നും അവയുടെ അവസ്ഥ എങ്ങനെയെന്നും എഎപി കണക്കെടുത്തിരുന്നു. ഗുജറാത്തിന്റെ ബജറ്റിനെക്കുറിച്ചും പഠിച്ചു. കഴിഞ്ഞ 27 വർഷത്തെ ബിജെപി ഭരണത്തിൽ സ്കൂളുകളിൽ ഒരു പണിയും നടന്നിട്ടില്ലെന്ന് വ്യക്തമായി പറയാനാകും. 44 ലക്ഷം കുട്ടികളാണ് സ്വകാര്യ സ്കൂളുകളിലേക്കു പോകുന്നത്. ഈ സ്കൂളുകളെക്കുറിച്ച് കുട്ടികളുടെ മാതാപിതാക്കള്‍ക്ക് പരാതിയുണ്ട്. അധികാരത്തിലെത്തിയാൽ ഈ സ്കൂളുകൾക്കു തോന്നുംപോലെ ഫീസ് ഉയർത്താൻ അനുവാദം നൽകില്ല. സർക്കാർ സ്കൂളുകളിൽ 53 ലക്ഷം കുട്ടികൾ പഠിക്കുന്നു. ആകെ ഗുജറാത്തിലെ ഒരു കോടി കുട്ടികളുടെ ഭാവി ഭയാനകമാണ്.

സംസ്ഥാനത്തെ 18,000 സ്കൂളുകളിലും ക്ലാസ് മുറികളില്ല. സർക്കാരിന്റെ ബജറ്റിൽ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകാറില്ല. അധ്യാപകരില്ല, അധ്യാപക സഹായികൾ ഇല്ല, മാത്രമല്ല, അധ്യാപക യോഗ്യതാ പരീക്ഷയും നടത്താറില്ല. എഎപി ഗുജറാത്തിന്റെ അധികാരം പിടിച്ചാൽ ഒരു വർഷത്തിനുള്ളിൽ ഈ ഒഴിവുകൾ നികത്തും’’ – സിസോദിയ കൂട്ടിച്ചേർത്തു.

English Summary: AAP Says Will Build Schools Every 4 Km In 8 Cities If It Wins Gujarat Poll

What's Your Reaction?

like

dislike

love

funny

angry

sad

wow