വലിയ സന്തോഷം, നന്ദി പറഞ്ഞ് മാർപാപ്പ; യുഎഇ ചരിത്രത്തിൽ പുതിയ അധ്യായം

യുഎഇയുടെ ചരിത്രത്തിലേക്ക് ഒരു പുതിയ അധ്യായം കൂടി. മാർപാപ്പയുടെ ആദ്യ പൊതു കുർബാനയുടെ പ്രാർഥനകൾ അബുദാബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ഉയർന്നു. ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യ കാർമികത്വത്തിൽ വിശ്വാസികളുടെ ഹൃദയത്തിൽ

Feb 5, 2019 - 18:57
 0
വലിയ സന്തോഷം, നന്ദി പറഞ്ഞ് മാർപാപ്പ; യുഎഇ ചരിത്രത്തിൽ പുതിയ അധ്യായം

അബുദാബി∙ യുഎഇയുടെ ചരിത്രത്തിലേക്ക് ഒരു പുതിയ അധ്യായം കൂടി. മാർപാപ്പയുടെ ആദ്യ പൊതു കുർബാനയുടെ പ്രാർഥനകൾ അബുദാബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ഉയർന്നു. ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യ കാർമികത്വത്തിൽ വിശ്വാസികളുടെ ഹൃദയത്തിൽ ശാന്തിയും സമാധാനവും ആശ്വാസവും പകർന്ന് കുർബാന അർപ്പിച്ചു. യുഎഇ സമയം രാവിലെ 10.30നു ശേഷം ആണു കുർബാന ആരംഭിച്ചത്. ഈ ധന്യനിമിഷം വിശ്വാസികൾക്കും പ്രദേശവാസികൾക്കും അനുഗ്രഹമായി.

ഇത്തരമൊരു ആഘോഷം സമാപിക്കുമ്പോൾ എനിക്ക് വലിയ സന്തോഷമാണ് പകരുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ കുർബാന അവസാനിപ്പിച്ച് പറഞ്ഞു. ഇവിടെ എത്തിച്ചേർന്ന എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. ബിഷപ് ഹിന്ദറിന് ഞാൻ ആത്മാർഥമായി നന്ദി പറയുന്നു. എന്റെ സന്ദർശനത്തിനു വേണ്ട ഒരുക്കങ്ങള്‍ക്ക് നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു. എല്ലാ മേജർ ആർച്ച് ബിഷപ്പുമാർക്കും ബിഷപ്പുമാർക്കും പുരോഹിതർക്കും ഇവിടെ പങ്കെടുത്ത എല്ലാവർക്കും നന്ദി പറയുന്നു. എനിക്കു വേണ്ടി പ്രാർഥിക്കാൻ നിങ്ങൾ മറക്കരുത്– പോപ്പ് ഫ്രാൻസിസ് പറഞ്ഞു.

1.35 ലക്ഷം വിശ്വാസികൾ ആണു യുഎഇ കണ്ട ഏറ്റവും വലിയ ചടങ്ങിൽ പങ്കെടുത്തത്. സിറോ മലബാർ സഭ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ തുടങ്ങിയവർ പങ്കെടുത്തു. 120 പേരടങ്ങുന്ന ഗായക സംഘമാണു പ്രാർഥനാഗീതം ആലപിച്ചത്. കൈകൊണ്ടു നിർമിച്ച പിയാനോ ഇതിനായി ഇംഗ്ലണ്ടിൽ നിന്നാണ് കൊണ്ടുവന്നത്.

ദുബായ് എയർപോർട്ട് സിഇഒ പോൾ ഗ്രിഫിതായിരുന്നു വാദകൻ. വിവിധ എമിറേറ്റുകളിൽ നിന്നായി രാത്രിയിൽ തന്നെ ബസുകളിൽ വിശ്വാസികൾ പുറപ്പെട്ടിരുന്നു. 2500ലേറെ ബസുകളാണ് ഇതിനായി ഭരണകൂടം സൗജന്യമായി വിട്ടുനൽകിയത്. കുർബാനയ്ക്കു മുൻപ് മാർപാപ്പ സെന്‍റ് ജോസഫ് കത്തീഡ്രൽ സന്ദർശിച്ചു. ഇവിടെ രോഗികളും കുട്ടികളും പ്രായമായവും ഉൾപ്പെടെ നൂറോളം പേരെ ആശീർവദിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow