ഒറ്റ ചാർജിൽ 550 കി.മീ സഞ്ചരിക്കാം ! ഇലക്ട്രിക് ജീപ്പ് ഉടൻ വിപണിയിൽ | Jeep claims Avenger EV can go 550km on single charge

Oct 21, 2022 - 21:37
 0
ഒറ്റ ചാർജിൽ 550 കി.മീ സഞ്ചരിക്കാം ! ഇലക്ട്രിക് ജീപ്പ് ഉടൻ വിപണിയിൽ | Jeep claims Avenger EV can go 550km on single charge

ജീപ്പ് ബ്രാൻഡിങ്ങിലുള്ള ഏറ്റവും ചെറിയ എസ്‌യുവിയാണ് അവഞ്ചർ ഇവി. ഈ വർഷത്തെ 4എക്സ്ഇ ഡേയുടെ ഭാഗമായി കഴിഞ്ഞ മാസമാണ് വാഹനം അവതരിപ്പിക്കപ്പെട്ടത്. ഇപ്പോൾ അമേരിക്കൻ കാർ നിർമാതാക്കളായ ജീപ്പ് ഈ വാഹനത്തിന്റെ പവർട്രെയ്നും ദൂരക്ഷമതയും സംബന്ധിച്ച വിവരങ്ങളും പുറത്തു വിട്ടിരിക്കുകയാണ്. ഒപ്പം വാഹനത്തിന്റെ ഇന്റീരിയർ വിശേഷങ്ങളും നിർമാതാക്കൾ പങ്കുവച്ചു കഴിഞ്ഞു. അടുത്ത സാമ്പത്തിക വർഷാരംഭത്തോടെ ഈ വാഹനം യൂറോപ്യൻ നിരത്തുകളിലെത്തുമെന്നാണ് സൂചന. അങ്ങനെയാണെങ്കിൽ സ്റ്റെല്ലാന്റിസ് എസ്ടിഎൽഎ എന്ന ചെറു പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന ആദ്യ വാഹനവും ഇതു തന്നെയാകും.

സ്റ്റെല്ലാന്റിസ് നിർമിച്ച 54 കിലോവാട്ട് ബാറ്ററി ഉപയോഗിക്കുന്ന വാഹനത്തിന്റെ ദൂരക്ഷമത 400 കിലോമീറ്റർ ആയിരിക്കുമെന്ന് ഡബ്ല്യുഎൽടിപി സൂചനകളുണ്ട്. എന്നാൽ ജീപ്പ് അവകാശപ്പെടുന്നത് ഡ്രൈവിങ് കണ്ടീഷനുകളെ ആശ്രയിച്ച് 550 കിലോമീറ്ററുകളിലേറെ ദൂരം യാത്ര ചെയ്യാൻ ഈ വാഹനത്തിനു ശേഷിയുണ്ടെന്നാണ്. 100കെഡബ്ല്യു കേബിൾ ഉപയോഗിച്ച് 24 മിനിറ്റിൽ 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാനും വാഹനത്തിന് ശേഷിയുണ്ടാകും. 154 എച്ച്പി – 260 എൻഎം ശേഷിയുള്ള 2 അല്ലെങ്കിൽ 4 മോട്ടറുകളായിരിക്കും വദഭേദങ്ങളെ അടിസ്ഥാനപ്പെടുത്തി വാഹനത്തിന് നൽകുന്നത്. ജീപ്പ് അവെഞ്ചറിന് 2 വീൽ ഡ്രൈവ് – 4 വീൽ ഡ്രൈവ് വകഭേദങ്ങളും ഉണ്ടായിരിക്കും.

ജീപ്പ് ബ്രാൻഡിലെ സെലെക് ടെറെയ്ൻ ഓഫ്റോഡ് മോഡുകളും (നോർമൽ, ഇക്കോ, സ്പോർട്ട്, സ്നോ, മഡ് ആൻഡ് സ്നോ) വാഹനത്തിനു ലഭിക്കും. അവെ‍ഞ്ചർ ഇവിയിൽ 20 ഡിഗ്രി അപ്രോച്ച് ആൻഡ് ബ്രേക്ക്ഓവർ ആംഗിളും 32 ഡിഗ്രി ഡിപ്പാർച്ചർ ആംഗിളും ഉണ്ടാകാനാണ് സാധ്യത. പോളണ്ടിലെ ടിക്കിയിലെ അതിനൂതന അത്യാധുനിക പ്ലാന്റിലാണ് അവെഞ്ചർ ഇവി നിർമിക്കപ്പെടുന്നത്. ഇതേ മോഡൽ തന്നെയായിരിക്കും യൂറോപ്, ജപ്പാൻ, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലും വിൽപനയ്ക്ക് എത്തുന്നത്. ഭാവിയിൽ ഈ വാഹനവും ഇന്ത്യയിലേക്ക് എത്താനും സാധ്യതയുണ്ട്.

ആദ്യമായി ജീപ്പ് ഈ വാഹനത്തിന്റെ ഉൾഭാഗം വ്യക്തമാക്കിയിട്ടുണ്ട്. വളരെ മിനിമലിസ്റ്റിക്കായ ഡാഷ്ബോർഡിൽ തലയുയർത്തി നിൽക്കുന്നത് വലിയ ടച്ച് സ്ക്രീനാണ്. ദീർഘചതുര വടിവുള്ള എസി വെന്റുകൾ, ബോഡി കളർ സ്ട്രിപ്പുകൾ എന്നിവയും 2 സ്വിച്ചുകളും വാഹനത്തിൽ കാണാം. എസി – ഡ്രൈവ് സെലക്ടർ എന്നിവയാണ് സ്വിച്ചുകളിൽ. തടിച്ച രൂപമുള്ള സ്റ്റിയറിങ് കോളം, അതിൽ തന്നെ വിവിധ തരത്തിലെ സ്വിച്ചുകൾ, പൂർണമായി ഡിജിറ്റലൈസ് ചെയ്ത ഇൻസ്ട്രമെന്റ് കൺസോൾ, എന്നിവയും കാണാം. സെന്റർ കൺസോളും ലളിതമാണെങ്കിലും ഇവിടെയെല്ലാം ചെറിയ സ്റ്റോറേജ് സ്പെയ്സുകളും വലിയ ഇ ബാഡ്ജിങ്ങും കാണാൻ സാധിക്കുന്നു. എസി വെന്റുകൾക്ക് താഴെയായി സ്റ്റോറേജ് സ്പെയ്സ് ക്രമീകരിച്ചിട്ടുണ്ട്.

ജീപ്പിന്റെ ഏറ്റവും ചെറിയ വാഹനമായ അവെഞ്ചർ ഇവി 4 വാഹനങ്ങളുടെ ലിസ്റ്റിൽ ഏറ്റവും ഒടുവിലാകാനാണ് സാധ്യത. വാഗണീർ –എസ് ജീപ്പ് റേഞ്ചിൽ ഒന്നാമത്തേതും ഏറെ പ്രീമിയം ഫീച്ചറുകൾ ഉള്ളതുമായ മോഡലാണ്. കൂടുതൽ സ്ഥിീകരണങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും 608 എച്ച്പി കരുത്തുള്ള വാഹനത്തിന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 3.5 സെക്കൻഡ് മാത്രം മതിയെന്ന സൂചനയുണ്ട്. ഒപ്പം 644 കിലോമീറ്റർ ദൂരക്ഷമതയും ഉണ്ടാകും. അതേവിധത്തിൽ നീക്കം ചെയ്യാൻ സാധിക്കുന്ന വാതിലുകളും ഓപ്പൺ – ടോപ്പ് സംവിധാനങ്ങളും ഉള്ള ഓപ്ഷനുകളും വാഗണീർ എസിനു ലഭിച്ചേക്കാം. 2025ൽ‍ വാഹനം വിപണിയിലെത്തുമെന്നാണ് കരുതുന്നത്. പുതുതായി വരാനിരിക്കുന്ന മൂന്ന് ഇലക്ട്രിക് വാഹനങ്ങളുടെയും വില പാരിസ് മോട്ടർ ഷോയിൽ പ്രഖ്യാപിച്ചേക്കാം.

English Summary: Jeep claims Avenger EV can go 550km on single charge

What's Your Reaction?

like

dislike

love

funny

angry

sad

wow