പോയവര്‍ഷം ബാങ്കുകള്‍ എഴുതിത്തള്ളിയത് 1,74,966 കോടി രൂപയുടെ വായ്പ; തിരിച്ചുപിടിച്ചത് 33,534 കോടി

Dec 14, 2022 - 18:20
Dec 14, 2022 - 18:22
 0
പോയവര്‍ഷം ബാങ്കുകള്‍ എഴുതിത്തള്ളിയത് 1,74,966 കോടി രൂപയുടെ വായ്പ; തിരിച്ചുപിടിച്ചത് 33,534 കോടി

2021-22 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ വാണിജ്യ ബാങ്കുൾ എഴുതിത്തള്ളിയത് 1,74,966 കോടി രൂപയുടെ വായ്പയെന്ന് കേന്ദ്ര സർക്കാർ. ബാങ്കുകൾ കിട്ടാക്കടത്തിൽനിന്ന് 33534 കോടി അവസാന സാമ്പത്തിക വർഷം തിരിച്ചുപിടിച്ചതായും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

ജോൺ ബ്രിട്ടാസ് എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് രാജ്യസഭയിലാണ് ഇക്കാര്യം രേഖമൂലം അറിയിച്ചത്. അവസാന അഞ്ചു വർഷത്തിൽ ബാങ്കുകൾ എഴുതി തള്ളിയ വായ്പകളുടേയും തിരിച്ചുപിടിച്ചതിന്റെ പൂർണ്ണ വിവരങ്ങളാണ് ഇടത് എംപി തേടിയത്.

10 കോടിയും അതിന് മുകളിലുള്ള വായ്പ എഴുതി തള്ളിയ ബാങ്ക് അക്കൗണ്ടുകളുടെ പേരും വിവരവും ഏതെല്ലാം, പൊതുമേഖല ബാങ്കുകളിൽ ഏറ്റവും കൂടുതൽ വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയ ആദ്യ 25 പേരുടെ വിവരങ്ങൾ എന്നീ ചോദ്യങ്ങളും ജോൺ ബ്രിട്ടാസ് ചോദിച്ചിരുന്നു.

എന്നാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണമുള്ളതിനാൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നാണ് ധനകാര്യ സഹമന്ത്രിയുടെ മറുപടിയിൽ പറയുന്നത്. അതേസമയം, അവസാന അഞ്ചു വർഷത്തിനിടെ ബാങ്കുകൾ എഴുതിത്തള്ളിയ വായ്പയുടെ കണക്കും തിരിച്ചുപിടിച്ചതിന്റെ കണക്കും നൽകുകയും ചെയ്തിട്ടുണ്ട്.

2017-18 സാമ്പത്തിക വർഷത്തിൽ 1,61,328 കോടി രൂപയാണ് എഴുതിത്തള്ളിയത്. ഇതേ സാമ്പത്തിക വർഷം 12,881 കോടി രൂപയുടെ തിരിച്ചുപിടിക്കലാണ് നടന്നത്. 2018-19 വർഷത്തിൽ 2,36,265 കോടി രൂപയുടെ വായ്പ എഴുതി തള്ളിയിട്ടുണ്ട്. 25,501 കോടി രൂപയുടെ വായ്പാ തിരിച്ചുപിടിക്കൽ നടന്നു.

2019-20-ൽ 2,34,170 കോടി രൂപയുടെ വായ്പ എഴുതി തള്ളി. 30,016 കോടി രൂപ തിരിച്ചുപിടിച്ചു. 2020-21 സാമ്പത്തിക വർഷത്തിൽ 2,02,781 കോടി രൂപയുടെ വായ്പ എഴുതി തള്ളി. ആ സാമ്പത്തിക വർഷത്തിൽ 30,104 കോടി രൂപയുടെ കണ്ടുക്കെട്ടലാണ് നടന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow