ചരിത്രത്തിൽ പതിഞ്ഞ ജയം

ഗാന്ധിജി ആ വിജയത്തെ പ്രകീർത്തിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ ഉദ്ദീപിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കാൻ ഒരു ഫുട്ബോൾ വിജയത്തിന് സാധിച്ചു. യുവാക്കൾ വർധിതവീര്യത്തോടെ സമരത്തിൽ പങ്കാളികളാകാനും വഴിയൊരുക്കി. സംഭവം നടന്നത് 1911 ജൂലൈ 29ന് കൊൽക്കത്തയിലാണ്.

Aug 18, 2022 - 20:49
Aug 18, 2022 - 22:36
 0
ചരിത്രത്തിൽ  പതിഞ്ഞ ജയം

ഗാന്ധിജി ആ വിജയത്തെ പ്രകീർത്തിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ ഉദ്ദീപിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കാൻ ഒരു ഫുട്ബോൾ വിജയത്തിന് സാധിച്ചു. യുവാക്കൾ വർധിതവീര്യത്തോടെ സമരത്തിൽ പങ്കാളികളാകാനും വഴിയൊരുക്കി. സംഭവം നടന്നത് 1911 ജൂലൈ 29ന് കൊൽക്കത്തയിലാണ്. പുരാതന ടൂർണമെന്റായ ഐഎഫ്എ ഷീൽഡ് ഫൈനൽ. ഏറ്റുമുട്ടുന്നത് ബ്രിട്ടീഷ് പട്ടാളക്കാരുടെ ടീമായ ഈസ്റ്റ് യോർക്ഷെയർ റെജിമെന്റും കൊൽക്കത്തയിലെ മോഹൻ ബഗാനും. കളി കാണാനെത്തിയത് 80,000 പേർ. ആദ്യ 15 മിനിറ്റിൽ ബഗാൻ ഒരു ഗോളിന് പിറകിലായി. എന്നാൽ, ഷിബ്ദാസ് ഭാദുരിയിലൂടെ സമനില പിടിച്ചു. കളിതീരാൻ രണ്ട് മിനിറ്റുള്ളപ്പോൾ അഭിലാഷ് ഘോഷിന്റെ വിജയ ഗോൾ. ഉശിരോടെ പൊരുതിയ മോഹൻ ബഗാന് ഐതിഹാസിക വിജയം.

ഇന്ത്യയൊട്ടാകെ ആ ഫുട്ബോൾ വിജയത്തിന്റെ വാർത്തപരന്നു. മോഹൻ ബഗാൻ ഒരു ടീം മാത്രമായിരുന്നില്ലെന്ന് വിശേഷിപ്പിക്കപ്പെട്ടു. വഞ്ചിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത ഒരു രാജ്യത്തെ ജനതയായിരുന്നു കളത്തിൽ. കൊടിയ അപമാനത്തിൽനിന്ന് തല ഉയർത്താൻ സാധിച്ച നിമിഷമെന്നാണ് വിജയം വാഴ്ത്തപ്പെട്ടത്. ബ്രിട്ടീഷുകാരെ തോൽപ്പിക്കാനാകുമെന്ന ചിന്തയ്ക്ക് ആ വിജയം വഴിമരുന്നിട്ടു. പന്തുകളിയിൽ ബ്രിട്ടീഷ് പട്ടാളക്കാരെ കീഴടക്കാമെങ്കിൽ എല്ലായിടത്തും അത് സാധ്യമാണെന്ന ആത്മവിശ്വാസം ഉണ്ടായി. ഇതേക്കുറിച്ച് ഗാന്ധിജിതന്നെ പല വേദികളിലും പറഞ്ഞു. കളിയിൽ നമുക്കിത് സാധ്യമെങ്കിൽ സ്വാതന്ത്ര്യസമരത്തിലും പറ്റാതിരിക്കുന്നതെങ്ങനെ.

മോഹൻ ബഗാന്റെ വിജയം രാജ്യത്തെ യുവജനങ്ങളെ ഇളക്കിമറിച്ചു. അവർ രാജ്യമെമ്പാടും പന്തുകളിച്ച് തുടങ്ങി. ബംഗാളിൽ തുടങ്ങിയ ഫുട്ബോൾ വിപ്ലവം പഞ്ചാബിലും മഹാരാഷ്ട്രയിലും ഗോവയിലുമൊക്കെ പടർന്നു. കേരളത്തിലും അതിന്റെ അലയൊലി ഉണ്ടായി. പലയിടത്തും ക്ലബ്ബുകൾ രൂപീകരിച്ച് ചെറുപ്പക്കാർ കളി തുടങ്ങി. അവർക്ക് പട്ടാള ടീമുകളോടും വിദേശ ക്ലബ്ബുകളോടും ഏറ്റുമുട്ടാൻ ധൈര്യമായി. തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജ് കേന്ദ്രീകരിച്ചും മലബാറിൽ കോഴിക്കോട്ടെ മാനാഞ്ചിറ മൈതാനം കേന്ദ്രീകരിച്ചും കളികളുണ്ടായി. രാജ്യത്ത് ഫുട്ബോളിന്റെ വികാസത്തിന് മോഹൻ ബഗാന്റെ വിജയം വഴിത്തിരിവായി.

കൊൽക്കത്തയിൽ മോഹൻ ബഗാനുപിന്നാലെ ഈസ്റ്റ് ബംഗാളും മുഹമ്മദൻസും ക്ലബ്ബുകളായി. ജനകീയകളി രാജ്യമാകെ വ്യാപിച്ചു. സ്വാതന്ത്ര്യത്തിനുശേഷം അത് ശക്തിപ്പെട്ടു. 1970കളുടെ അവസാനംവരെ അതിന്റെ അലയൊലി ഉണ്ടായി. 1960-–70 കാലത്ത് ഏറ്റവുംമികച്ച ടീമായി ഇന്ത്യ മാറി. ഇപ്പോഴത്തെ ഏഷ്യൻ ശക്തികളായ ദക്ഷിണകൊറിയയും ജപ്പാനും ചൈനയുമൊന്നും അന്ന് ചിത്രത്തിൽ ഇല്ലായിരുന്നു. ഇന്ത്യൻ ഫുട്ബോളിന്റെ സുവർണകാലം. ചുനി ഗോസ്വാമി, ശൈലൻ മന്ന, സൈമൺ സുന്ദർരാജ്, അഹമ്മദ് ഖാൻ, പി കെ ബാനർജി, ഒളിമ്പ്യൻ റഹ്മാൻ, നെവിൽ ഡിസൂസ, ഒ ചന്ദ്രശേഖരൻ, തിരുവല്ല പാപ്പൻ.... ആ പട്ടിക നീണ്ടു.

പിന്നീടുണ്ടായ തളർച്ചയിൽനിന്ന് കരകയറാൻ ഇപ്പോഴും സാധിച്ചിട്ടില്ല. മറ്റ് രാജ്യങ്ങൾ കയറിപ്പോയപ്പോൾ ഒപ്പം കുതിക്കാനായില്ല. അന്നത്തെ നിലവാരം തുടർന്നിരുന്നെങ്കിൽ ലോകകപ്പ് ഫുട്ബോളിൽ ഇന്ത്യ സ്ഥിരസാന്നിധ്യമായേനെ.

What's Your Reaction?

like

dislike

love

funny

angry

sad

wow