Sachin Pilot| സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടും; ലാൻഡ് ചെയ്യുന്നത് തൽക്കാലം ബിജെപിയിൽ അല്ല; പുതിയ പാർട്ടി രജിസ്റ്റർ ചെയ്തു

Jun 6, 2023 - 15:48
 0
Sachin Pilot| സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടും; ലാൻഡ് ചെയ്യുന്നത് തൽക്കാലം ബിജെപിയിൽ അല്ല; പുതിയ പാർട്ടി രജിസ്റ്റർ ചെയ്തു

രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി ഇടഞ്ഞുനിൽക്കുന്ന കോൺഗ്രസിന്റെ യുവനേതാവ് സച്ചിൻ പൈലറ്റ് സ്വന്തം പാർട്ടി രൂപീകരിക്കുന്നു. സച്ചിന്റെ പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാർഷികമായ ഈ മാസം 11ന് പുതിയ പാർട്ടിയുടെ പ്രഖ്യാപനമുണ്ടാകും. ‘പ്രഗതിശീൽ കോൺഗ്രസ്’ എന്നാണു പുതിയ പാർട്ടിയുടെ പേര്. ഈ പേരിൽ പാർട്ടി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം.

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള ഭിന്നത പരിഹരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് ഇതിനോടകം പലതവണ ചർച്ച നടത്തിയിരുന്നു. ഒടുവിൽ മെയ് മാസം 29ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മുൻകൈയെടുത്തു ഇരുവരെയും ഒരുമിച്ചിരുത്തി സംസാരിക്കുകയും പ്രശ്നം തീർന്നതായി നേതൃത്വം അവകാശപ്പെടുകയും ചെയ്തിരുന്നു.

 

തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റ സ്ഥാപനമായ ഐപാക് ആണു സച്ചിന്റെ പാർട്ടിയുടെ രൂപീകരണത്തിന് സഹായിക്കുന്നതെന്നാണു വിവരം. ഏപ്രിൽ 11 ന് മുൻ ബിജെപി സർക്കാരിന്റെ അഴിമതിക്കെതിരെ നടപടി ആവശ്യപ്പെട്ട് സച്ചിൻ നടത്തിയ നിരാഹാരസമരത്തിന്റെ സംഘാടനം ഐപാക്കിനായിരുന്നു. കഴിഞ്ഞമാസം അജ്‌മേറിൽനിന്നു ജയ്‌പുർ വരെ സച്ചിൻ നടത്തിയ 5 ദിവസത്തെ പദയാത്രയ്ക്ക് പിന്നിലും ഐപാക് ആയിരുന്നു. മേയ് 15നായിരുന്നു പദയാത്രയുടെ സമാപനം. അന്ന് ഗെഹ്ലോട്ട് സർക്കാരിന് മുൻപാകെ സച്ചിൻ മൂന്ന് ആവശ്യങ്ങൾ മുന്നോട്ടുവെച്ചിരുന്നു.

 

വസുന്ധര രാജെ സർക്കാരിലെ അഴിമതിക്കെതിരെ നടപടി എടുക്കുക, രാജസ്ഥാൻ പബ്ലിക് സർവീസ് കമ്മീഷൻ പുനഃസംഘടിപ്പിക്കുക, ചോദ്യക്കടലാസ് ചോർച്ച പ്രശ്നത്തിൽ ഉദ്യോഗാർത്ഥികൾക്ക് നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളാണ് സച്ചിൻ സർക്കാരിന് മുന്നിൽവെച്ചത്. ഹൈക്കമാൻഡുമായി നടത്തിയ ഒത്തുതീർപ്പ് ചർച്ചയിലും സച്ചിൻ ഈ ആവശ്യങ്ങളായിരുന്ന് മുന്നോട്ടുവച്ചത്. നടപടിയില്ലെങ്കിൽ സംസ്ഥാനവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow