500 രൂപ കള്ളനോട്ടുകളുടെ എണ്ണത്തിൽ വർധനവ്; 2023 സാമ്പത്തിക വർഷം ഒരു ലക്ഷത്തോളം കണ്ടെത്തിയെന്ന് RBI

May 31, 2023 - 10:16
 0
500 രൂപ കള്ളനോട്ടുകളുടെ എണ്ണത്തിൽ വർധനവ്; 2023 സാമ്പത്തിക വർഷം ഒരു ലക്ഷത്തോളം കണ്ടെത്തിയെന്ന് RBI

രാജ്യത്തെ ബാങ്കിംഗ് സംവിധാനം വഴി കണ്ടെത്തിയ 500 രൂപയുടെ കള്ളനോട്ടുകളുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് 2022-23 സാമ്പത്തിക വർഷത്തിൽ 14.6% വർധിച്ചെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാർഷിക റിപ്പോർട്ട്. 91,110 എണ്ണമാണ് 2023 സാമ്പത്തിക വർഷത്തിൽ ലഭിച്ച കള്ളനോട്ടുകളുടെ എണ്ണം. അതേസമയം ഇതേ കാലയളവിൽ കണ്ടെത്തിയ 2000 രൂപയുടെ കള്ളനോട്ടുകളുടെ എണ്ണം 28% കുറഞ്ഞ് 9,806 എണ്ണമായി.

 

ബാങ്കിംഗ് മേഖലയിൽ നിന്ന് കണ്ടെത്തിയ മൊത്തം വ്യാജ ഇന്ത്യൻ കറൻസി നോട്ടുകളുടെ (എഫ്‌ഐസിഎൻ) എണ്ണം മുൻ സാമ്പത്തിക വർഷത്തിലെ 2,30,971 എണ്ണത്തിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 2,25,769 എണ്ണമായി കുറഞ്ഞുവെങ്കിലും, 2021-22 ൽ ഇത് കുതിച്ചുയർന്നിരുന്നുവെന്നത് ശ്രദ്ധേയമാണ്. 2022-23 ലെ ആർബിഐയുടെ വാർഷിക റിപ്പോർട്ട് പ്രകാരം 20 രൂപയുടെ കള്ളനോട്ടുകളിൽ 8.4% വർധനയും 500 രൂപയുടെ (പുതിയ ഡിസൈൻ) മൂല്യത്തിൽ 14.4% വർധനയും ഉണ്ടായിട്ടുണ്ട്. മറുവശത്ത്, 10, 100, 2,000 രൂപ നോട്ടുകളുടേതായി കണ്ടെത്തിയ കള്ളനോട്ടുകളുടെ എണ്ണം യഥാക്രമം 11.6%, 14.7%, 27.9% എന്നിങ്ങനെ കുറഞ്ഞു.

 

2022-23 കാലയളവിൽ ബാങ്കിംഗ് മേഖലയിൽ കണ്ടെത്തിയ മൊത്തം വ്യാജ ഇന്ത്യൻ കറൻസി നോട്ടുകളിൽ 4.6% റിസർവ് ബാങ്കിലും ബാക്കി 95.4% മറ്റ് ബാങ്കുകളിലുമാണ് കണ്ടെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. സെക്യൂരിറ്റി പ്രിന്റിംഗിനുള്ള ചെലവ് മുൻവർഷത്തെ 4,984.80 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2022-23 കാലയളവിൽ 4,682.80 കോടി രൂപയായെന്നും വാർഷിക റിപ്പോർട്ടിൽ പറയുന്നു. കൂടാതെ കേടുപാടുകൾ സംഭവിച്ച നോട്ടുകളുടെ വിനിയോഗം മുൻവർഷത്തെ 1,878.01 കോടിയിൽ നിന്ന് 2022-23ൽ 22.1% വർധിച്ച് 2,292.64 കോടി രൂപയായി.

What's Your Reaction?

like

dislike

love

funny

angry

sad

wow