ഐപിഎല്ലിലെ സിക്സറടിക്കാരുടെ റെക്കോർഡിൽ ഉൾപ്പെട്ട ഏക ഇന്ത്യക്കാരൻ സഞ്ജു സാംസൺ

Apr 18, 2023 - 08:16
 0
ഐപിഎല്ലിലെ സിക്സറടിക്കാരുടെ റെക്കോർഡിൽ ഉൾപ്പെട്ട ഏക ഇന്ത്യക്കാരൻ സഞ്ജു സാംസൺ

ക്രിക്കറ്റിൽ പുതിയ ഉയരങ്ങൾ കീഴടക്കുകയാണ് മലയാളികളുടെ അഭിമാനമായ സഞ്ജു സാംസൺ. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്‍റെ ക്യാപ്റ്റൻ കൂടിയായ സഞ്ജു, ബോളർമാരുടെ പേടിസ്വപ്നമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റാൻസിനെതിരെ സഞ്ജു നടത്തിയ ബാറ്റിങ് രാജസ്ഥാൻ റോയൽസിന്‍റെ വിജയത്തിൽ നിർണായകമായി.

സിക്സറടിക്കുന്ന കാര്യത്തിൽ സഞ്ജുവിന്‍റെ മികവ് ഒന്ന് വേറെ തന്നെയാണ്. പേസായാലും സ്പിന്നായാലും പന്ത് അതിർത്തിക്ക് പുറത്തേക്ക് പറത്താൻ അനായാസം സഞ്ജുവിന് സാധിക്കും. ഇപ്പോഴിതാ, ഐപിഎല്ലിലെ അപൂർവ്വ നേട്ടക്കാരുടെ പട്ടികയിൽ ഇടംപിടിച്ച ഏക ഇന്ത്യക്കാരൻ എന്ന നേട്ടമാണ് സഞ്ജു കൈവരിച്ചത്.

ഒരു ഇന്നിംഗ്സിൽ ആറോ അതിലധികമോ സിക്സർ ആറിലേറെ തവണ പായിച്ച ആറ് കളിക്കാരുടെ പട്ടികയിലാണ് സഞ്ജു ഉൾപ്പെട്ടത്. കരീബിയൻ തരം ക്രിസ് ഗെയിൽ മുന്നിൽ നിൽക്കുന്ന ഈ പട്ടികയിലുള്ള ഏക ഇന്ത്യക്കാരൻ കൂടിയാണ് സഞ്ജു. ക്രിസ് ഗെയ്‌ൽ, എബി ഡിവില്ലിയേഴ്‌സ്, ആന്ദ്രെ റസ്സൽ തുടങ്ങിയവരുടെ പട്ടികയിൽ സഞ്ജു ഉള്ളത്.

ഇന്നിംഗ്സിൽ ആറ് സിക്സർ നേട്ടം 22 തവണ കൈവരിച്ച ക്രിസ് ഗെയിൽ ഒന്നാമതും 11 തവണ നേടിയ എബി ഡിവില്ലിയേഴ്സ് രണ്ടാമതുമാണ്. ഒമ്പത് ഇന്നിംഗ്സുകളിൽ ആറോ അതിലധികമോ സിക്സറുകൾ നേടിയ ആന്ദ്രേ റസൽ ആണ് മൂന്നാമത്. ഏഴ് തവണ ഈ നേട്ടം കൈവരിച്ച് ഓസീസ് ഓൾറൌണ്ടർ ഷെയ്ൻ വാട്സനാണ് നാലാമത്. ആറ് വീതം തവണ ഈ നേട്ടം കൈവരിച്ച രാജസ്ഥാൻ താരങ്ങളായ ജോസ് ബട്ട്ലറും സഞ്ജു സാംസണുമാണ് തുടർന്നുള്ള  സ്ഥാനങ്ങളിൽ.

ആറോ അതിലധികമോ തവണ സിക്സറുകൾ ഒരു ഇന്നിംഗ്സിൽ നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ഒന്നാമനാകാനും സഞ്ജുവിന് സാധിച്ചു. ആറ് തവണയാണ് സഞ്ജു ഈ നേട്ടം കൈവരിച്ചത്. ഒരു ഐ‌പി‌എൽ ഇന്നിംഗ്‌സിൽ അഞ്ച് തവണ ആറോ അതിലധികമോ സിക്‌സറുകൾ അടിച്ചുകൂട്ടിയ യൂസഫ് പത്താൻ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.

നാല് തവണ വീതം ഇന്നിംഗ്സിൽ ആറോ അതിലധികമോ തവണ സിക്സർ പായിച്ച ഋഷഭ് പന്ത്, കെഎൽ രാഹുൽ, സുരേഷ് റെയ്ന, അമ്പാട്ടി റായിഡു തുടർന്നുള്ള സ്ഥാനങ്ങളിലുണ്ട്. എംഎസ് ധോണി, വിരാട് കോലി, നിതീഷ് റാണ, വീരേന്ദർ സെവാഗ്, റോബിൻ ഉത്തപ്പ, മുരളി വിജയ്, യുവരാജ് സിംഗ് എന്നിവർ മൂന്നു വീതം തവണ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow