കമ്പനി പ്രസിഡന്‍റിനെ അടക്കം പുറത്താക്കി സൂം: പ്രതിസന്ധി തുടരുന്നു

Mar 8, 2023 - 10:25
 0
കമ്പനി പ്രസിഡന്‍റിനെ അടക്കം പുറത്താക്കി സൂം: പ്രതിസന്ധി തുടരുന്നു

വീഡിയോ കോൺഫറൻസിങ് പ്ലാറ്റ്‌ഫോമായ സൂമിൽ പിരിച്ചുവിടൽ ശക്തമാകുന്നതായി അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ 1300 ഓളം ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ പ്രസിഡന്‍റ് ഗ്രെഗ് ടോംബിനെയും കമ്പനി പുറത്താക്കിയതായാണ് സൂചന. 

പിരിച്ചുവിടലിന്‍റെ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ബിസിനസുകാരനും ഗൂഗിൾ മുൻ ജീവനക്കാരനുമായ ഗ്രെഗ് 2022 ജൂണിലാണ് സ്ഥാനം ഏറ്റെടുത്തത്. ലോക്ക്ഡൗണിന് ശേഷമിങ്ങോട്ടുള്ള സമയം സൂമിനെ ബാധിക്കുന്നുണ്ട്. ഗൂഗിൾ, ആമസോൺ, ട്വിറ്റർ, മെറ്റ തുടങ്ങി നിരവധി ടെക് കമ്പനികളെ പിന്തുടർന്നാണ് നിലവിൽ സൂമും പിരിച്ചുവിടൽ പ്രഖ്യാപിച്ചിരിക്കുന്നത്. 

സാമ്പത്തിക അസ്ഥിരതയാണ് കമ്പനിയും ചൂണ്ടിക്കാണിക്കുന്നത്.  സൂം സിഇഒ എറിക് യുവാൻ കമ്പനിയിൽ നിന്ന് 15 ശതമാനം തൊഴിലാളികളെ പിരിച്ചുവിട്ടതായി സ്ഥിരീകരിച്ചിരുന്നു. പിരിച്ചുവിടൽ ബാധിച്ച സൂം ജീവനക്കാർ കമ്പനി തങ്ങളെ വഞ്ചിച്ചതായി തോന്നുന്നതായി വെളിപ്പെടുത്തിയിരുന്നു. 16 ആഴ്ചത്തെ ശമ്പളവും ഹെൽത്ത് കെയർ കവറേജും, 2023 സാമ്പത്തിക വർഷത്തെ വാർഷിക ബോണസും ഉൾപ്പടെയുള്ള അനുകൂല്യങ്ങളാണ് കമ്പനിയിൽ നിന്ന് പിരിച്ചുവിടുന്ന സ്ഥിരം ജീവനക്കാർക്കായി കമ്പനി വാഗ്ദാനം ചെയ്യുന്നത്. 

യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്ന് ജോലി ചെയ്യുന്ന ജീവനക്കാർക്കാണ് ഈ ആനുകൂല്യങ്ങൾ നൽകുന്നത്. കോവിഡ് ലോക്ക്ഡൗൺ കാലത്താണ് സൂമിന് ആരാധകർ കൂടിയത്. പരസ്പരം കാണാനും സംസാരിക്കാനും സൂം ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി. സൂമിന്റെ വിജയം കണ്ട് വാട്ട്സ്ആപ്പ്, മൈക്രോസോഫ്റ്റ്, ഗൂഗിൾ ഉൾപ്പടെയുള്ള കമ്പനികൾ സൂമിന് സമാനമായി വീഡിയോ കോളിങ് സേവനങ്ങൾ പരിഷ്കരിച്ചു. ഓൺലൈൻ ക്ലാസുകളും, വർക്ക് ഫ്രം ഹോം ജോലികളും  സൂമിനെ വളർത്തി.എന്നാൽ ലോക്ക് ഡൗൺ കാലം അവസാനിച്ചത് കമ്പനിയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.  2011ലാണ് സൂം രൂപികരിക്കുന്നത്.  കോവിഡ് കാലമാണ് സൂമിനെ വളർത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow