പാവപ്പെട്ടവർക്ക് വർഷത്തിൽ 72,000 രൂപ; മിനിമം വരുമാന പദ്ധതിയുമായി രാഹുൽ

Mar 25, 2019 - 17:53
 0
പാവപ്പെട്ടവർക്ക് വർഷത്തിൽ 72,000 രൂപ; മിനിമം വരുമാന പദ്ധതിയുമായി രാഹുൽ

ന്യൂഡൽഹി∙ ബിജെപിയുടെ കിസാൻ യോജന പദ്ധതിക്ക് മിനിമം വരുമാന പദ്ധതിയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മറുപടി. പാർട്ടി അധികാരത്തിൽ വന്നാൽ രാജ്യത്തെ പാവപ്പെട്ട കുടുംബങ്ങൾക്ക് വർഷത്തിൽ കുറഞ്ഞത് 72,000 രൂപ വീതം അക്കൗണ്ടിൽ ഉറപ്പാക്കുമെന്ന് രാഹുൽ വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ 20% പാവപ്പെട്ടവർക്കാണ് കുറഞ്ഞ വരുമാനം ഉറപ്പുവരുത്തുന്നത്. കോൺഗ്രസ് പ്രവർത്തക സമിതിയോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. കോൺഗ്രസ് പ്രകടനപത്രികയിലെ ഏറ്റവും ശക്തമായ പദ്ധതിയാണിതെന്നാണു വിലയിരുത്തപ്പെടുന്നത്.

അഞ്ചു കോടി കുടുംബങ്ങളിലെ 25 കോടി ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. കുറഞ്ഞ വരുമാനം ഉള്ളവർക്കും സർക്കാർ ശേഷിക്കുന്ന തുക നൽകും. ‘എല്ലാം ഞങ്ങൾ കണക്കുകൂട്ടിയിട്ടുണ്ട്. ലോകത്ത് ഒരിടത്തും ഇത്തരമൊരു പദ്ധതി നടപ്പാക്കിയിട്ടില്ല. പാവപ്പെട്ടവന്റെയും പണക്കാരന്റെയും രണ്ടു ഇന്ത്യ ഉണ്ടാകണമെന്നല്ല തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

 

ദാരിദ്ര്യത്തിനെതിരെയുള്ള അവസാന പ്രഹരമാണ് ഈ പദ്ധതി. കഴിഞ്ഞ 5 വർഷമായി രാജ്യത്തെ ജനങ്ങൾ വളരെയധികം പ്രയാസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ പാവപ്പെട്ടവർക്ക് നീതി ലഭ്യമാക്കാൻ കോൺഗ്രസ് പാർട്ടി തീരുമാനിച്ചു’ – രാഹുൽ പറഞ്ഞു.

അതേസമയം, രാജ്യത്തിന്റെ ദിശതന്നെ മാറ്റുന്ന ഈ പ്രഖ്യാപനത്തോടല്ലാതെ മറ്റു ചോദ്യങ്ങളോടു പ്രതികരിക്കില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. വയനാട് ഉൾപ്പെടെ ദക്ഷിണേന്ത്യയിൽ മൽസരിക്കുന്ന കാര്യത്തെക്കുറിച്ചും രാഹുൽ ഗാന്ധി സംസാരിച്ചില്ല. ഇക്കാര്യം കോൺഗ്രസ് പ്രവർത്തക സമിതിയിൽ ചർച്ച ചെയ്തില്ലെന്നാണ് വിവരം. കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

What's Your Reaction?

like

dislike

love

funny

angry

sad

wow