പ്രധാനമന്ത്രിയുടെ വാക്കുകൾ അദ്ദേഹത്തിന്‍റെ നിലവാരം തെളിയിക്കുന്നുവെന്ന് രാഹുൽ

പ്രധാനമന്ത്രിയുടെ വാക്കുകൾ അദ്ദേഹത്തിന്‍റെ നിലവാരം തെളിയിക്കുന്നുവെന്ന് രാഹുൽ

May 10, 2018 - 20:08
 0
പ്രധാനമന്ത്രിയുടെ വാക്കുകൾ അദ്ദേഹത്തിന്‍റെ നിലവാരം തെളിയിക്കുന്നുവെന്ന് രാഹുൽ

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വീണ്ടും രംഗത്ത്. തനിക്കും കുടുംബത്തിനും എതിരേ മോദി നടത്തിയ വ്യക്തിപരമായ പരാമർശങ്ങൾക്കെതിരേയാണ് രാഹുൽ പ്രതികരിച്ചത്. തന്‍റെ അമ്മ ഇറ്റലിക്കാരിയാണെന്ന് പറഞ്ഞു നടക്കുന്ന മോദി അദ്ദേഹത്തിന്‍റെ സംസ്കാരമാണ് കാണിക്കുന്നതെന്ന് രാഹുൽ തുറന്നടിച്ചു.

പ്രധാനമന്ത്രിയുടെ വാക്കുകൾ അദ്ദേഹത്തിന്‍റെ നിലവാരം തുറന്നു കാണിക്കുന്നതാണ്. ഇത്തരം ആക്ഷേപങ്ങൾ അദ്ദേഹത്തിന് സന്തോഷം നൽകുന്നുവെങ്കിൽ താൻ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹത്തിന് നല്ല ദിവസം ആശംസിക്കുന്നുവെന്നും രാഹുൽ പറഞ്ഞു. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം സമാപിക്കുന്ന ഇന്ന് ബംഗളൂരുവിൽ വാർത്താസമ്മേളനം നടത്തുകയായിരുന്നു രാഹുൽ.

തന്‍റെ അമ്മ ഇറ്റലിയിൽ ജനിച്ചയാളാണ്. അവർ അവരുടെ ജീവിതത്തിന്‍റെ ഭൂരിഭാഗവും ജീവിച്ചത് നമ്മുടെ രാജ്യത്താണ്. മറ്റ് പലരേക്കാളും ഇന്ത്യക്കാരിയായി ജീവിക്കുകയും ഈ രാജ്യത്തിന് വേണ്ടി ഒരുപാട് ത്യാഗങ്ങൾ സഹിക്കുകയും ചെയ്തയാളാണ് തന്‍റെ അമ്മയെന്നും രാഹുൽ പറഞ്ഞു. പ്രധാനമന്ത്രിയാകാൻ തനിക്ക് പ്രാപ്തിയില്ലെന്ന മോദിയുടെ പരാമർശത്തെ രാഹുൽ തള്ളിക്കളഞ്ഞു. ഇത്തരം പ്രസ്താവനകൾക്ക് മറുപടി പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർണാടകയിലെ കോണ്‍ഗ്രസ് മുന്നേറ്റത്തിൽ ബിജെപി പരിഭ്രാന്തരാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉടനീളം മറ്റുള്ളവരെ അവഹേളിക്കാൻ മാത്രമാണ് മോദി ശ്രമിച്ചത്. പ്രധാനമന്ത്രിയോട് ഇടപെടാൻ താൻ പഠിച്ചു കഴിഞ്ഞു. ഉത്തരം മുട്ടുന്പോൾ ശ്രദ്ധതിരിക്കാൻ ആക്ഷേപങ്ങൾ ചൊരിയുന്നതാണ് അദ്ദേഹത്തിന്‍റെ രീതിയെന്നും രാഹുൽ പരിഹസിച്ചു. 

What's Your Reaction?

like

dislike

love

funny

angry

sad

wow